ചേര്‍ത്തല: ഗവ.താലൂക്ക് ആശുപത്രിയില്‍ സൈക്കിളിടിച്ച് പരിക്കേറ്റയാളുമായെത്തിയ സംഘം ആശുപത്രി ജീവനക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ നഴ്‌സിങ് അസിസ്റ്റന്റിനും തടയുവാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനും പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് മരുത്തോര്‍വട്ടം ശ്രീജാഭവനില്‍ എ.കൃഷ്ണദാസ്(54), ചേര്‍ത്തല സ്റ്റേഷനിലെ സിപിഒ എ.വിജയന്‍(42) എന്നിവരാണ് ചികില്‍സയിലുള്ളത്. കൃഷ്ണദാസിന്റെ വലതുകൈ വിരലിന്റെ അസിഥിക്കും വിജയന്റെ വലതുകൈ വിരലിന്റെ അസ്ഥിക്കും പൊട്ടലുണ്ട്. പ്രതികളായ ചേര്‍ത്തല നഗരസഭ കളപ്പുര രമേശ്(33), ചക്കാലപ്പറമ്പില്‍ ഗോപി(38), വെളിയില്‍ പ്രജീഷ്(23), ചിറയില്‍ അജി(35) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പരിക്കേറ്റയാളുമായെത്തിയ ഇവര്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ബഹളമുണ്ടാക്കുകയും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട കൃഷ്ണദാസിനെ ഇവര്‍ ആക്രമിക്കുകയുമായിരുന്നു. ഇതേസമയം ആശുപത്രി എയ്ഡ് പോസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തുകയും അക്രമികള്‍ വിരല്‍ പിടിച്ച് തിരിച്ചു ഒടിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
















