മാവേലിക്കര: മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപമായികരുന്നു അപകട പരമ്പര. ബൈക്കില്‍ പോവുകയായിരുന്ന സഹോദരങ്ങളെ ഇടിച്ചു വീഴ്‌ത്തിയ ശേഷം ആക്ടീവ സ്‌കൂട്ടറും ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.
ബൈക്കില്‍ പോവുകയായിരുന്ന ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെറുകര തെക്കതില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെ മക്കളായ ആതിര (25), സഹോദരന്‍ അരവിന്ദ് (22), സകൂട്ടര്‍ യാത്രികനായ ഈരേഴ തെക്ക് തയ്യില്‍ തറയില്‍ ശ്രീധരന്‍ (55)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ആതിര ബോധരഹിതയായി. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആതിരയെയും അരവിന്ദിനെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്രീധരന്‍ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ്.
കുംഭഭരണി കഴിഞ്ഞ ദിവസമായതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ഗാര്‍ഡ് ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി പ്രസന്നന്‍നായരാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ മാവേലിക്കര പോലീസ് കേസെടുത്തു.
















