ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയ സമുച്ചയം ശോച്യാവസ്ഥയില്‍. ശൗചാലയങ്ങളില്‍ നിന്നും പുറത്തേക്ക വരുന്ന പൈപ്പ് പൊട്ടി മലിന ജലം ഒഴുകുകയാണ്. പി.സി വിഷ്ണുനാഥിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ശൗചാലയ സമുച്ചയം പണികഴിപ്പിച്ചത്.
കെട്ടിടത്തിന്റെ താഴെത്തെഭാഗത്ത് ജീവനക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാനും മുകള്‍ ഭാഗം ശൗചാലയവുമായാണ് നിര്‍മ്മിച്ചത്. പടികള്‍ കയറിവേണം ശൗചാലയത്തില്‍ എത്താന്‍. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ മുകളിലത്തെ നിലയില്‍ എത്തിവേണം പ്രഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍. ഈ പ്രശ്‌നം കെട്ടിടത്തിന്റെ നിര്‍മ്മാണം മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല.
ഇപ്പോള്‍ ജീവനക്കാരുടെ വാഹനങ്ങള്‍ താഴെ സൂക്ഷിയ്‌ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മുകളിലെ കക്കൂസില്‍ ഉപയോഗിക്കുന്ന വെള്ളം കോണ്‍ക്രീറ്റില്‍ നിന്നും ഊറിയിറങ്ങി താഴേക്ക് വീഴുകയാണ്.
കക്കുസിന്റെയും മൂത്രപ്പുരയുടെയും പൈപ്പുകള്‍ പൊട്ടി മലിനജലം ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാരുടെമുകളിലേക്കും ജീവനക്കാരുടെ വാഹനങ്ങളുടെയും മുകളിലാണ് വിഴുന്നത്.
കക്കൂസിന്റെ പൈപ്പ് പൊട്ടിയൊഴുകുന്ന മലിനജലം ഒഴുകിയെത്തുന്നത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പുറകിലുള്ള നഗരസഭയുടെ ഓടയിലേക്കാണ് .ഇവിടെ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട് . ഇത് കാരണം സമീപവാസികളും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു.
















