ഭക്തിയുടെയും പ്രേമത്തിന്റെയും നിറരൂപമാണ് മീരാബായി. കൃഷ്ണഭക്തി പ്രേമലഹരിയായി പെയ്തിറങ്ങിയപ്പോള്‍ മീരാബായി ലോകത്തിന് മുന്നില്‍ മറ്റൊരു വിളക്കായി. കളിക്കൂട്ടുകാരനായും കാമുകനായും മനസ്സില്‍ നിറഞ്ഞാടിയ കണ്ണന് അവരെ ആത്മീയ വിഗ്രഹമാക്കി.
കൊച്ചി പനമ്പിള്ളി നഗറിലെ ‘അവന്തി’യിലെത്തിയാല്‍ ഒരു മീരാബായിയെ നേരില്‍ക്കാണാം; അവന്തി പബ്ലിക്കേഷന്‍സ് ഉടമ മാത്യൂസിന്റെയും നിഖിലയുടെയും മകള്‍ സംഘമിത്രയെ. മീരാബായിയുടെ കൃഷ്ണഭക്തി ആത്മീയാനുഭൂതി പകരുന്ന ഭക്തിഗീതങ്ങളായാണ് പിറവിയെടുത്തതെങ്കില്‍ സംഘമിത്രയുടെ കൃഷ്ണഭക്തി കൃഷ്ണലീലകളുടെ സൗന്ദര്യത്തെ കഥകളായി വായനക്കാരിലെത്തിക്കുന്നു. സംഘമിത്രയെന്ന പേര് ചരിത്രം അശോക ചക്രവര്‍ത്തിയുടെ മകളായാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
പിന്നീട് ബുദ്ധ സന്യാസിയായിത്തീര്‍ന്ന സംഘമിത്ര ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ മുഴുകി. ഇവിടെ, സംഘമിത്ര നമുക്കറിയാത്ത കൃഷണ ഭാവനകളെ പരിചയപ്പെടുത്തുന്നു.
ടോക് എച്ച് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സംഘമിത്ര ഇതിനകം ആംഗലേയ ഭാഷയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃഷ്ണജീവിതമാണ് ഇതിവൃത്തം. കഴിഞ്ഞ വര്‍ഷം ആദ്യപുസ്തകമായ ‘കൃഷ്ണ ഇന്‍ വൃന്ദാവന്‍’ പ്രകാശനം ചെയ്തു.
കൃഷ്ണന്റെ ജനനം മുതല്‍ വൃന്ദാവനത്തോട് വിടപറയുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതില്‍. ഏതാനും ദിവസം മുന്‍പ് ‘ദ മിസ്റ്റീരിയസ് ലൗ ഓഫ് മീരാബായി’ പുറത്തിറങ്ങി. കൃഷ്ണനോടുള്ള അഗാധഭക്തിയില്‍ എരിഞ്ഞുതീര്‍ന്ന മീരാബായിയുടെ മനോഹരമായ ജീവിതമാണ് ഈ കൃതി.
കൃഷ്ണകഥകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലമാണ് സംഘമിത്രയുടേത്. അമ്മ പറയുന്ന പുരാണ കഥകളിലൂടെ കൃഷ്ണന് അവളുടെ കളിക്കൂട്ടുകാരനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. എഴുത്തിന്റെ വഴിയിലേക്ക് നയിച്ചതും ഈ കൃഷ്ണഭക്തി തന്നെ.
”ചെറുപ്പത്തിലെ കൃഷ്ണനോട് വളരെ വൈകാരികമായ അടുപ്പം തോന്നിയിരുന്നു. കൃഷ്ണന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴാണ് പുസ്തകമെഴുതിയത്”. സംഘമിത്ര പറയുന്നു. സ്കൂള്‍ മാഗസിനുകളില്‍ എഴുതിയ ആത്മവിശ്വാസവും കൃഷ്ണ വിശ്വാസവുമാണ് പുസ്തകമെഴുതുമ്പോള്‍ തുണയായത്. അഛന് അവന്തി പബ്ലിക്കേഷന്‍സ് ഉടമ കൂടിയായതിനാല്‍ എഴുത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് സംഘമിത്ര വളര്‍ന്നതും.
സംഘമിത്രയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ വേനലവധിക്ക് കുടുംബസമേതം മധുരയിലും വൃന്ദാവനിലും യാത്ര പോയിരുന്നു. ഈ യാത്രയാണ് മീരാബായിയെക്കുറിച്ചുള്ള എഴുത്തിലെത്തിച്ചത്.
കണ്ണന്റെ ലീലകള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യസ്ഥലങ്ങളിലെ യാത്രക്കിടെ മീരാബായി സംഘമിത്രയുടെ മനസ്സില്‍ കയറി. ദിവസങ്ങള്‍ കഴിയുന്തോറും മീരാബായിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ശക്തിയേറി. രാജകുമാരിയുടെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കൃഷ്ണന് വേണ്ടി ജീവിതം സമര്‍പ്പിച്ച മീരാബായിയെക്കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു പിന്നീടുള്ള ശ്രമം. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിച്ചു. ”മീരാബായിയെക്കുറിച്ച് പല ആള്‍ക്കാര്‍ക്കും അധികമൊന്നും അറിയില്ല.
ആരാണ് മീരാബായി എന്ന ചോദിക്കുന്ന അവസ്ഥ. അതിനാല്‍ ആ ജീവിതം എല്ലാവരിലുമെത്തിക്കണമെന്ന് തോന്നി”. സംഘമിത്ര വിവരിയ്ക്കുന്നു.
കൃഷ്ണനോടൊപ്പമുള്ള ആത്മീയ യാത്രയാണ് സംഘമിത്രക്ക് എഴുത്ത്. പഠനമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിലിരുന്ന് കുറിക്കുമ്പോള്‍ വാക്കുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഒരു ദിവസംപോലും കൃഷ്ണനെ പ്രാര്‍ത്ഥിക്കാതെ കടന്ന് പോകാറില്ല.
എഴുത്ത് ഇനിയും തുടരണ്ടെ? ഉടന്‍ വന്നു മറുപടി. വേണം. ഇനി മനസിലുള്ളത് കൃഷ്ണന്റെ സ്വന്തം രാധയെയാണ്. രാധയുടെ പേര് എല്ലാവര്ക്കും പരിചിതമാണെങ്കിലും ആഴത്തിലറിയില്ല. എഴുത്ത് ആരംഭിച്ചിട്ടുണ്ട്. സംഘമിത്ര വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: