ഏകദാ തീര്‍ത്ഥയാത്രായാം വ്രജന്‍ പരാശരോ മുനി:
ആജഗാമ മഹാതേജാ: കാളിന്ദ്യാസ്തടമുത്തമം
നിഷാദമാഹ ധര്‍മാത്മാ കുര്‍വന്തം ഭോജനം തദാ
പ്രാപയസ്വ പരംപാരം കാളിന്ദ്യാ ഉഡുപേന മാം
സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ തീര്‍ത്ഥയാത്രാ മദ്ധ്യേ മഹാതേജസ്വിയായ പരാശരമുനി കാളിന്ദീ തീരത്ത് എത്തി. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കടത്തുകാരനോട് തന്നെ തോണിയില്‍ അക്കരെ എത്തിക്കാന്‍ മുനി ആവശ്യപ്പെട്ടു. കടത്തുകാരന്‍ തന്റെ മകളോട് ‘ഈ മഹാനായ ഋഷിയെ നീ അക്കരയ്‌ക്ക് പോണ്ടുപോകുക, ഞാന്‍ എന്റെ ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല’ എന്ന് പറഞ്ഞപ്പോള്‍ ആ മല്‍സ്യഗന്ധിയായ കന്യക മുനിയെ തോണിയില്‍ കയറ്റി. അതിസുന്ദരിയായ കാളിന്ദിയെ കണ്ടിട്ട് മുനിയുടെ മനസ്സ് ചഞ്ചലമായി. അദ്ദേഹത്തെ കാമദേവന്‍ കീഴടക്കി. മുനി അവളുടെ കൈയില്‍ കയറി പിടിച്ചു. ‘അങ്ങയുടെ കുലത്തിനും തപോമഹിമയ്‌ക്കും ഉതകുന്ന പ്രവൃത്തിയാണോ ഇത്?’ എന്നാ സുന്ദരി ചോദിക്കുകയും ചെയ്തു. ‘മനുഷ്യജന്മം തന്നെ ദുര്‍ലഭം, അപ്പോള്‍ അങ്ങേയ്‌ക്ക് കിട്ടിയ ബ്രാഹ്മണജന്മം അതി ദുര്‍ലഭമല്ലെ? മാത്രമല്ല അങ്ങ് വസിഷ്ഠകുലത്തില്‍ പിറന്നവനുമാണ്. മത്സ്യഗന്ധിയായ എന്നെക്കണ്ടിട്ട് അനാര്യമായ ഈ ആസക്തി അങ്ങേയ്‌ക്ക് എങ്ങിനെയുണ്ടായി അങ്ങ് ധര്‍മ്മം മറന്ന് എന്റെ കരം പിടിക്കാന്‍ എന്നില്‍ അങ്ങെന്താണ് കണ്ടത്? അങ്ങ് സമാധാനമായിരിക്കൂ. ഞാന്‍ തോണിയൊന്ന് അക്കരെയെത്തിക്കട്ടെ!’
മുനി തന്റെ പിടി വിട്ടു. തോണി അക്കരെക്കയെത്തി. എന്നാല്‍ അപ്പോഴും മുനിയിലെ കാമം അടങ്ങിയിരുന്നില്ല. വീണ്ടും അദ്ദേഹം അവളെ കാമാതുരനായി സമീപിച്ചു. ‘അങ്ങേയ്‌ക്ക് അറപ്പും വെറുപ്പും ഒന്നുമില്ലേ? എന്നെ മീന്‍ നാറുന്നില്ലേ? തുല്യരായവര്‍ തമ്മില്‍ മാത്രമേ ബന്ധം പാടുള്ളൂ എന്നല്ലേ ശാസ്ത്രം?’ എന്ന് പറഞ്ഞു പിന്തിരിയാന്‍ ശ്രമിച്ച അവളെ ക്ഷണനേരത്തില്‍ മുനി കസ്തൂരിഗന്ധിയാക്കി. അവളെ അതിസുന്ദരിയുമാക്കി. എന്നിട്ട് മുനിയവളുടെ കരം ഗ്രഹിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘മുനേ, മറ്റുള്ളവര്‍ കാണും. മാത്രമല്ല, മറുകരയില്‍ അച്ഛനുണ്ട്. മൃഗങ്ങളെപ്പോലെ ഇണചേരാന്‍ എനിക്ക് താല്പര്യമില്ല. രാത്രിയാകട്ടെ. അതുവരെ കാത്തിരിക്കുക. മനുഷ്യര്‍ക്ക് രാത്രിയേ സുരതം വിധിച്ചിട്ടുള്ളൂ. പകല്‍ സംഗത്തിന് ദോഷമുണ്ട്.’
















