കുട്ടനാടന്‍ പാടശേഖരങ്ങളുടെ ചരിത്രം വിയര്‍പ്പുകൊണ്ടും, രക്തം കൊണ്ടും കുറിയ്ക്കപ്പെട്ടതാണ്. മണ്ണിനോടും കാര്‍ഷിക സംസ്കാരത്തോടുമുള്ള, കടന്നുപോയ ഒരു തലമുറയുടെ അടങ്ങാത്ത അഭിനിവേശത്തിന്റെയും, അന്വേഷണത്തിന്റെയും ഫലമാണ് ഹെക്ടറുകണക്കിന് പരന്നുകിടക്കുന്ന ആ പാടശേഖരങ്ങള്‍. ചുമ്മാതങ്ങുണ്ടായി വന്നതല്ല, അഥവാ പ്രകൃതി സ്വയമൊരുക്കിയതല്ല ഈ കൃഷിയിടങ്ങള്‍.
നീണ്ടു പരന്ന്, വിശാലമായിക്കിടന്നിരുന്ന കായലുകളെ, മനുഷ്യര്‍ കെട്ടി വളച്ചെടുത്ത്, വെള്ളം വറ്റിച്ച്, ഉഴുത് നിരപ്പാക്കി, കൃഷി ചെയ്തു വിശപ്പടക്കുന്ന അന്നമുണ്ടാക്കാന്‍ സൃഷ്ടിച്ചെടുത്തതാണ് ഈ പാടശേഖരങ്ങളൊക്കെയും. സമുദ്രനിരപ്പില്‍നിന്നു പല അടി താഴെ, അത്ഭുമാണ് ഈ കൃഷിടയിങ്ങള്.
ഇത്തരം കായല്‍ നിലങ്ങളുടെ ഉല്പത്തിയെക്കുറിച്ച് ഒരു കഥയുണ്ട്. അതെന്റെ കുടുംബത്തിന്റെ ആദിപരമ്പരകളുമായിക്കൂടി ബന്ധപ്പെട്ടതാണ്. അക്കാലങ്ങളില്‍ സഞ്ചാരത്തിനുപയോഗിച്ചിരുന്നത് ‘വളവരവള്ളങ്ങള്’ എന്നറിയപ്പെട്ടിരുന്ന, തടിയോ, പനമ്പോ കൊണ്ടുണ്ടാക്കിയ വളഞ്ഞ മൂടിയോടു കൂടിയ വള്ളങ്ങളാണ്. അതിനുള്ളില്‍ വെയിലും മഴയുമേല്ക്കാതെ സഞ്ചരിക്കാം. നീളമുള്ള കഴുക്കോലുകള്‍ (മുളക്കോല്) കൊണ്ട് വള്ളത്തില്‍ നിന്ന് ഊന്നിയും, തുഴകൊണ്ടു തുഴഞ്ഞുമാണ് സഞ്ചാരം. ഈ കഴുക്കോലുകള്പൊട്ടിപ്പോകാതിരിക്കാന് ചുവട്ടില്‍ ഇരുമ്പുകൊണ്ടുള്ള, രണ്ടു വശം കൂര്‍ത്ത ഒരു ചുറ്റുണ്ടാവും.
ചാലയില്‍ തറവാടിന്റെ ഒരു കാരണവരായിരുന്ന ഇരവി കേശവപ്പണിക്കര്‍ ഒരു വഞ്ചിസഞ്ചാരം കഴിഞ്ഞ് തറവാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, വള്ളമൂന്നുകാരന്‍ കഴുക്കോലിനടിയിലെ, ലോഹാവരണത്തിനിടയില്നിന്ന്, കായലിന്റെ അടിത്തട്ടിലെ ചെളി കുത്തിയിളക്കിക്കളയുന്നതു ശ്രദ്ധയില്‍പെട്ടു. ആ ചെളി ശേഖരിച്ച് നെല്‍വിത്തിട്ട് കിളിര്പ്പിച്ചൊരു പരീക്ഷണം നടത്തിയപ്പോള്‍ അതില്‍ വിളഞ്ഞത് കനമുള്ള നെന്മണികള്! കുട്ടനാടന്‍ കായല്‍ നിലങ്ങളുടെ ഉത്ഭവത്തിനു കാരണമായത് ഈ പരീക്ഷണമാണെന്നു പറയപ്പെടുന്നു.
കായല്‍ നിലങ്ങളുടെ പിതൃത്വം അങ്ങനെ ചാലയില്‍ ഇരവി കേശവപ്പണിക്കര്‍ക്ക് സ്വന്തമായി. ഡോ. അയ്യപ്പപ്പണിക്കരുടെ, കുടുംബപുരാണം എന്ന കവിതയില്‍, ‘കേശവ ! നിന്റെ കരങ്ങള്‍ പൊലിയ്ക്ക!’ എന്ന വരികള്‍ ഈ വലിയ കാരണവര്‍ക്കുള്ള അദ്ദേഹത്തിന്റെ കാവ്യാര്‍ച്ചനയാണ്. പടിഞ്ഞാറ്, ഇന്ന് നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായല്‍ വരേയ്ക്കുമെത്തി ഈ കായല്‍ നിര്‍മ്മാണം. അങ്ങനെ ബണ്ടുകെട്ടി വളച്ചുണ്ടാക്കിയ ഒടുവിലത്തെ പാടശേഖരമാണ് മതികായല്‍. അവിടെ വരെയെത്തിയപ്പോള്‍, ‘ഇനി മതി കായല്‍’ എന്നു തീരുമാനിച്ചുവത്രേ. അങ്ങനെയാണ് ആ പേരു വന്നത്.
കുട്ടനാടന്‍ പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് പ്രമുഖ ക്രിസ്ത്യന്‍ കുടുംബമായ മുരിക്കുംമൂട്ടിലെ അന്നത്തെ കാരണവരും ഈ മാതൃകയില്‍ കൃഷിനിലം നിര്‍മ്മിച്ചെടുത്തു. കായല്‍ രാജാവ് എന്നറിയപ്പെടുന്ന മുരിക്കന്റെ ദീര്‍ഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടേയും, കഠിനാദ്ധ്വാനത്തിന്റെയും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെയും ഫലമാണ് റാണി, ചിത്തിര, മാര്‍ത്താണ്ഡം, രാജപുരം, മംഗലം, മതികായല്‍, മെത്രാന് കായല്‍, ചതുര്‍ത്ഥ്യാകരി പാടശേഖരങ്ങള്‍. ഇങ്ങനെ മനുഷ്യാദ്ധ്വാനത്തിന്റെ മാത്രം ഫലമായി രൂപം കൊണ്ട സമൃദ്ധിയുടെ ഈറ്റില്ലങ്ങളാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍.
അവിടെ നെല്ലു മാത്രമല്ല, മഹത്തായ ഒരു സംസ്കൃതിയും, കലയുംകൂടി വിളവെത്തി നൂറുമേനി പൊലിച്ചു. കൃഷി സംബന്ധമായ ആചാരങ്ങളും, കൊയ്ത്തുപാട്ട്, നടിച്ചില്പ്പാട്ട് തുടങ്ങിയ കലാരൂപങ്ങളും ആ മണ്ണില്‍ വിളഞ്ഞവയാണ്. ഒരു കാലഘട്ടത്തെയും, നിരവധി തലമുറകളെയും ആവേശം കൊള്ളിച്ച, വിശപ്പിന്റെ നിലവിളികളെ ആഘോഷമാക്കിയ, തീര്‍ച്ചയായും ദിവ്യത്വം കല്പ്പിക്കാവുന്ന ഒരു പാരമ്പര്യത്തിന്റെ സ്മാരകവും, തുടര്‍ച്ചയും, അനിവാര്യതയുമാണ് അവ. കൃഷി ഒരു യത്നമെന്നതിലുപരി യജ്ഞമായിരുന്നു കുട്ടനാട്ടുകാര്‍ക്ക്. കായല്‍പ്പരപ്പില്‍ ബണ്ട് (ചിറ) കെട്ടി വളച്ച് വെള്ളം തേകിക്കളഞ്ഞ ശേഷം, ആവശ്യമുള്ളത്ര വെള്ളം മാത്രം പാടത്ത് നിലനിര്ത്തിയാണ്കൃഷി. മറ്റിടങ്ങളില്‍ വെള്ളം കയറ്റി കൃഷിചെയ്യുമ്പോള്‍ കുട്ടനാട്ടില്‍ വെള്ളം വറ്റിച്ചാണ് കൃഷി.
ഈ കായലുകളുടെ നിര്‍മ്മിതിയിലും, പരിരക്ഷണത്തിലും പുലയര്‍ സമുദായം വഹിച്ച പങ്ക് അവിസ്മരണീയവും, ഉദാത്തവുമാണ്. പുലയന്റെ വിയര്‍പ്പു വീണു കുതിരാത്ത ഒരുതരി മണ്ണുപോലും ഇവിടെയുണ്ടാവില്ല. പുലയത്തിയുടെ കൊയ്ത്തുപാട്ടിന്റെ ശീലുകളില്‍ സ്വയംമറക്കാത്ത പാടങ്ങളുമുണ്ടാവില്ല. അദ്ധ്വാനവും, കലയും സമ്മേളിക്കുന്ന ദിവ്യയാമങ്ങളില് അവയ്ക്കൊത്തു താളമിട്ട കായലിന്റെ മധുരകല്ലോലിനികളുടെ സര്ഗ്ഗസൗരഭ്യം ഏറ്റുപാടിയ കവികളെത്ര പിറന്നൂ ഈ മണ്ണില്‍! അവ ഈ മണ്ണിനെ പാരെല്ലാം പ്രശസ്തമാക്കിയില്ലേ?
വിപ്ലവപ്രസ്ഥാനങ്ങള്‍ ദുരവിതച്ചു വിനാശം കൊയ്തതും, അഴിഞ്ഞാട്ടം നടത്തി നെല്ലിനും, മണ്ണിനും, മനുഷ്യനും വരെ അതു ഭീഷണിയായപ്പോള്‍, പ്രതിവിധിയും, പ്രതിരോധവുമായി അതിജീവനത്തിന്റെ ശംഖൊലി മുഴക്കിയ ജനസംഘം പോലെയുള്ള പ്രസ്ഥാനങ്ങള്‍ പിറവി കൊള്ളുന്നതിനും ഈ കൃഷിയിടങ്ങള്‍ സാക്ഷ്യം വഹിച്ചു.
കുട്ടനാടിന്റെ ഈ മഹോത്സവങ്ങളുടെ പുണ്യപുരാണകഥകള് അമ്മയില്‍ നിന്നാണെനിക്കു കിട്ടിയത്…
പാട്ടുപാടുന്ന പുലയിക്ക് ഇരട്ടിയാണ് കൂലി. പാട്ടിന്റെ താളം, കൊയ്ത്തിന്റെയും, നടിച്ചിലിന്റെയും താളമാണ്. സംഗീതത്തിനു ശ്രുതിയെന്ന പോലെ അവ ജോലിയുടെ വേഗത്തെയും, ക്ഷീണത്തെയും നിയന്ത്രിച്ചിരുന്നു. വെള്ളം വറ്റിച്ച്, കട്ടയുടച്ച്, നിരപ്പാക്കിയ പാടത്ത്, ചണച്ചാക്കിലോ വിത്തുപെട്ടിയിലോ (തഴപ്പായകൊണ്ടു മെടഞ്ഞുണ്ടാക്കുന്നത്) കെട്ടി വെള്ളത്തിലിട്ട് കിളിര്‍പ്പിച്ച വിത്തെറിഞ്ഞ് ഏതാനും ആഴ്ച പിന്നിടുമ്പോള്‍ പാടശേഖരങ്ങളില്‍ ഞാറിന്റെ മരതകകാന്തി ചിന്നിത്തുടങ്ങും. ഇവ നിരയുമൊപ്പിച്ച് നടുന്ന ‘ഞാറുനടീല്‍’ കൃഷിയുടെ ആദ്യ ഉത്സവമാണ്.
ഈ കാലഘട്ടങ്ങളില്‍, പക്ഷികള്‍ വന്ന് വിത്തു തിന്നാതെയും, മട വീണു വെള്ളം കയറാതെയും ഊണുമുറക്കവുമുപേക്ഷിച്ച് പാടവരമ്പില്‍ കാവല്‍ കിടന്നിരുന്നു ഋഷിയുടെ ജാഗ്രതയോടെ, ഇവിടുത്തെ പുലയമുത്തച്ഛന്മാര്. ചിറയില്‍ മടവീണാല്‍ (ബണ്ടു പൊട്ടിയാല്‍) അതിശക്തമായി കായലിലെ വെള്ളം പാടത്തേയ്ക്കു കുത്തിയൊലിച്ചിറങ്ങി കൃഷിയപ്പാടേ നശിക്കും. അതിനുമുമ്പ് ആളെ വിളിച്ചു കൂട്ടി വൃക്ഷക്കൊമ്പുകളും, ചെളിയും വാരി മടയുറപ്പിക്കുന്ന ഉത്തരവാദിത്തം പണിപ്പുലയനാണ്. ചവറിനും, ചേറിനുമൊപ്പം സ്വയം ചാടി, താന്‍ കാവല്‍ നില്ക്കുന്ന പാടശേഖരങ്ങള്‍ക്ക് ജീവന് നല്കിയ എത്രയെത്ര ധീരന്മാരുണ്ടായിരുന്നു ഇവിടെ. മരണശേഷവും, ആ പണിപ്പുലയന്മാരുടെ ആത്മാക്കള്‍ പോലും, ഉറ്റവര്‍ കൊളുത്തിയ ചെറിയ ചെരാതു വിളക്കുകളായി എന്റെ മണ്ണിനു കാവലായി!
നെല്ലായോ, അരിയായോ, തുച്ഛമായ പണമായോ തനിക്കു കിട്ടിയിരുന്ന കൂലി, ഈ ജാഗ്രതയുടെ മാനദണ്ഡമേയല്ലായിരുന്നു പുലയര്‍ക്ക്. പാടത്ത് മടവീണ് കൃഷി നശിക്കാതിരിക്കുക അവന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. അന്നിന്റെ കൃഷികളില്‍ രാസവസ്തുക്കള്‍ കടന്നു വന്നിരുന്നേയില്ല. അന്നിന്റെ കായല്ക്കാറ്റിനു വിഷഗന്ധമുണ്ടായിരുന്നില്ല. കായല്‍ ജലം വിഷമയവുമായിരുന്നില്ല.
കൃഷിക്കാലമായാല്‍ അപ്പൂപ്പന് മതികായലില്‍ ആയിരുന്നു താമസം. കൃഷി, ജീവിതത്തിലെ ചര്യയും, അനുപേക്ഷണീയമായ ആചരണവും, ധര്‍മ്മവുമായിരുന്നു അന്ന്. മൊത്തക്കച്ചവടക്കാരും, ഇടനിലക്കാരും, കോര്‍പ്പറേറ്റുകളും ഒന്നും അന്ന് ഉണ്ടായിരുന്നേയില്ല. വിളവൊത്ത തടിയില്‍, ഇരുമ്പോ, ലോഹസങ്കരങ്ങളോ കൊണ്ടുണ്ടാക്കിയ പാലം, ചങ്ങല, പറക്കോല്‍ തുടങ്ങിയ ഭാഗങ്ങളും മറ്റു ചിത്രപ്പണികളോടും കൂടിയ മനോഹരമായ ഒരു സൃഷ്ടിയാണ്. ഒരേ സമയം, തച്ചന്റെയും, കൊല്ലന്റെയും കരവിരുത് ഇതു വഴി കര്‍ഷകനോടു സമരസപ്പെടുന്നു. കലപ്പയും, ‘വിത്ത്വെറ്റി’ എന്നറിയപ്പെടുന്ന തടി കൊണ്ടുണ്ടാക്കുന്ന നീളന്‍ പിടിയോടു കൂടിയ, പായയില്‍ നെല്ല് ഇളക്കിയിടാനുപയോഗിക്കുന്ന ഉപകരണം, ചങ്ങഴി തുടങ്ങിയവകളുടെ നിര്‍മ്മിതിയിലും ആശാരിമാര് കൃഷിയോടു ചേരുന്നു.
നെയ്ത്തുകാര്ക്കുമുണ്ട് കൃഷിയില്‍ ഒഴിവാക്കാനാവാത്ത പങ്ക്. പറയര് സമുദായത്തില്‍ പെട്ടവരാണ് കുട്ട, വട്ടി, നെല്ലുണങ്ങാനുപയോഗിക്കുന്ന പായ മുതലായവ നെയ്തുണ്ടാക്കുന്നത്. ഇങ്ങനെ, ആശാരി, മൂശാരി, കൊല്ലന്, പറയന്, കൃഷിക്കാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി പാട്ടു പാടി ദോഷമകറ്റി തങ്ങള്‍ക്ക് ഉപജീവനവും, ലോകര്‍ക്ക് അതിജീവനത്തിനുള്ള ധൈര്യവും, മലയാളത്തിന്റെ സര്‍ഗചേതനയില്‍ ഗ്രാമത്തിന്റെ ഈണവും ചേര്‍ക്കുന്ന പുള്ളുവര്‍ തുടങ്ങി സാമ്പ്രദായികമായ കുലത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന ഒട്ടനവധി സമുദായങ്ങള്‍ കൃഷി എന്ന മഹാസംസ്കൃതിയില് തങ്ങളുടെ ഇടം വര്‍ണ്ണാഭമാക്കിയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കൂട്ടായ യത്നത്തിന്റെ യജ്ഞരൂപം തന്നെയായിരുന്നു കൃഷി.
കൃഷിയുടെ, പ്രത്യേകിച്ചും കുട്ടനാടന്‍ കൃഷിയുടെ പദപ്രയോഗങ്ങള്‍ പോലും വേറിട്ടതാണ്. മുളനാഴിയും, ചങ്ങഴിയും പോലെ തികച്ചും ഗ്രാമ്യവും, പ്രകൃതിദത്തവുമായ വാക്കുകളും, ഉപകരണങ്ങളും, പ്രയോഗങ്ങളുമെല്ലാം ഈ കാര്‍ഷിക വൃത്തിയുടെ ഭാഗമാണ്. കാവാലം കവിതകളും, നാടകങ്ങളും ഇത്തരം കുട്ടനാടന്‍ ശൈലികളുടെ ഒരു നിഘണ്ടു തന്നെയാണെന്നു പറയാം. തകഴിയുടെ രചനകളിലും കുട്ടനാടന്‍ പദപ്രയോഗങ്ങളുടെ സാന്നിദ്ധ്യങ്ങള്‍ നിരവധിയുണ്ട്.
കുട്ടനാടിന്റെ, പ്രത്യേകിച്ചും കാവാലമെന്ന ഗ്രാമത്തിന്റെ സംസ്കാരവും, ദൃശ്യചാരുതയും, തോടുകളും, ഊടുവഴികള്‍ പോലും, പലതും ഇന്നപ്രത്യക്ഷമായിട്ടും,ശേഷിച്ചവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പൊഴും, മുത്തശ്ശിയുടെ ‘കാല്പ്പെട്ടി’യിലെന്ന പോലെ കാവാലം നാരായണപ്പണിക്കര്‍ തന്റെ കൃതികളില്‍ സൂക്ഷ്മതയോടെ അടുക്കി വച്ചിരിക്കുന്നു. വരും തലമുറകള്‍ക്ക് പഠിക്കാനും, അറിയാനും ഇനിയതൊക്കെയേ ഉണ്ടാവൂ…
പിന്നെയും കഴിയുന്നില്ല ഞങ്ങളുടെ ഉത്സവകാലം… കാലാനുസൃതമായ അളവുകളില്‍ ഈ നെല്ല് കൂലിയായി തൊഴിലാളികള്‍ക്ക് നല്കി ശേഷിക്കുന്നവ അറപ്പുരകളില്‍ സൂക്ഷിക്കുന്നു. ഇങ്ങനെ കൂലിയായി നല്കുന്ന നെല്ലിനെ ‘പത’മെന്നു വിളിക്കുന്നു. ഈ പച്ച നെല്ല്, പുഴുങ്ങി, ഉണക്കി, കുത്തി, വീണ്ടുമുണക്കിയാണ് വേവിക്കാന്‍ പാകത്തിലുള്ള അരിയായി പത്തായങ്ങളില്‍ സൂക്ഷിക്കുന്നത്. ഇന്ന് ഈ പണിയെല്ലാം യന്ത്രങ്ങള്‍ ചെയ്തു കൊള്ളും. കൊയ്യാന്‍, മെതിക്കാന്‍, പുഴുങ്ങാന്‍, ഉണങ്ങാന്‍ (ഉണ്ണാന്‍?) എല്ലാം യന്ത്രങ്ങളുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷം ഉണ്ടായ അതീവ ദുഃഖകരമായ ഒരു സംഭവം പങ്കു വയ്ക്കട്ടെ. അപ്പൂപ്പനു സുഖമില്ലാതെയായതിനേത്തുടര്ന്ന് ഞങ്ങളുടെ കൃഷിയിടങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
എന്റെ പൂര്‍വ്വികര്‍, വിതച്ചു, കൊയ്ത്, ഉണ്ടിരുന്ന പാടശേഖരങ്ങളില്‍ നിന്ന് ഒരു പിടി അരി കൊണ്ട് അല്‍പ്പം ചോറുണ്ണുവാനുള്ള അളവില്ലാത്ത ആശയുമായി, ആ കൃഷിയിടം വാങ്ങിയ വ്യക്തിയുടെ അടുത്ത് കൊയ്ത്തു കഴിഞ്ഞ നേരം ഇവന് പോയി. ‘പൊന്നും വില തരാം ഒരു കിലോ അരി തരുമോ’ എന്നു ചോദിച്ചു. ഭാവവ്യത്യാസമേതുമില്ലാതെ, നിര്‍വ്വികാരനായി ഇന്നും അവിടെ കൃഷിയിറക്കുന്ന ആ കര്ഷകന് പറഞ്ഞ മറുപടി ഒരു പഴയ കര്‍ഷകന്റെ കൊച്ചു മകന് മാത്രമായ എന്റെ നെഞ്ചു തകര്‍ക്കാന്‍ വേണ്ടുവോളമായിരുന്നു. ‘അതിനു കൃഷി ചെയ്ത നെല്ല് ആരു വീട്ടില്‍ കൊണ്ടു വരുന്നു മോനേ?, ആ നെല്ലെല്ലാം നമ്മള് കളത്തില്‍ നിന്നേ, ഏജന്റുമാര്‍ക്കോ, സൊസൈറ്റികള്‍ക്കോ, മൊത്തക്കച്ചവടക്കാര്‍ക്കോ വില്‍ക്കും.
നമുക്ക് വരമ്പത്തു കാശും കിട്ടും. ഞങ്ങളിവിടെ അരി വില കൊടുത്താണ് വാങ്ങുന്നത്’ എന്ന്!!! ഓര്‍ക്കണം, എന്റെ മണ്ണില്‍ വിളയുന്നത് അമൃതരസം കിനിയുന്ന പൊന്മണികള്… ആ നിധിശേഖരം, സ്വന്തം വീട്ടുമുറ്റം പോലും കാണിക്കാതെ വരമ്പത്തു നിന്നേ വിറ്റ്, ആ പണം കൊണ്ട്, ആന്ധ്രയിലോ, തമിഴ്നാട്ടിലോ ഉത്പാദിപ്പിക്കുന്ന അരി വാങ്ങിയുണ്ണാന് വിധിക്കപ്പെട്ട കര്ഷകന്. പുഴുക്കനെല്ലിന്റെ ഭ്രമിപ്പിക്കുന്ന ഗന്ധം ലഹരി പകരാത്ത, ഒഴിഞ്ഞ അറപ്പുരകള്‍, ശരണാലയങ്ങളിലുപേക്ഷിക്കപ്പെട്ട മുത്തശ്ശിയുടെ മനസ്സു പോലെ ശൂന്യമായി പല തറവാടുകളിലും ഇന്നും അവശേഷിക്കുന്നു. അവിടെ ചിതലും ഉറുമ്പും, ഇപ്പൊഴും കൃഷി ചെയ്യുന്നവരെങ്കില്‍, കൃഷിക്കുപയോഗിക്കുന്ന കൊടും വിഷങ്ങളും, അവയുടെ രൂക്ഷഗന്ധവും… ആരെ വേണം പഴിയ്ക്കാന്‍.
കൂലിച്ചെലവ്, സ്വന്തം കളപ്പുരയില്‍ സംഭരിച്ച് സംസ്കരിച്ചെടുക്കാന്‍ കഴിയാത്ത വിധം അവനെ ഞെരുക്കുന്ന ബാദ്ധ്യതകള്‍, ഇന്നു കൃഷി തീരുമെങ്കില്‍ ഇന്നലെയേ വീട്ടുമുറ്റത്ത്, കക്ഷത്തില്‍ കറുത്ത പേഴ്സുമായി കാവല്‍ നില്ക്കുന്ന വട്ടിപ്പലിശക്കാരന്… ഇങ്ങനെ കര്ഷകന് അഭിമുഖീകരിക്കുന്ന, മാറിനിന്നു വിമര്‍ശിക്കുന്നവരും, സഹായിക്കേണ്ട സര്‍ക്കാരുകളും അറിയാത്ത പല സമസ്യകളുമുണ്ട്. ഇവകളുടെ ആകെത്തുകയാണ്, സ്വന്തം അദ്ധ്വാനഫലത്തില്‍ നിന്നും ഒരുപിടിയരിപോലും വീട്ടിലെത്തിക്കാന്‍ കഴിയാതെ പോകുന്ന അവന്റെ ദയനീയ വിധി!
ചാക്കോപ്പുലയനെക്കുറിച്ചും, ചെല്ലപ്പനെക്കുറിച്ചും പറയാതിരുന്നാല്‍ എന്റെ മനസ്സിലെ കര്‍ഷകനു വിളവെത്തുകയില്ല. ചാക്കോപ്പുലയന്, പണ്ടെങ്ങോ ഒരു പിടി ബോംബേ റവയ്ക്കു വേണ്ടി മതപരിവര്‍ത്തനം ചെയ്യേണ്ടി വന്ന നിര്‍ദ്ദോഷി!.
കാലാന്തരമില്ലാതെ ചാക്കോ വീണ്ടും പുലയനായി!. അദ്ദേഹം ഒരിക്കല്‍ പോലും പള്ളിയില്‍ പോയില്ല. ഒരിക്കലും കൊന്തയും ബന്തിങ്ങയും ധരിച്ചില്ല. അമ്പലത്തിലും പോയില്ല. അദ്ദേഹത്തിന് അന്നും എന്നും ക്ഷേത്രം നെല്‍പ്പാടവും, ദൈവം നെല്ലുമായിരുന്നു. മണ്ണിനോടുള്ള സ്നേഹത്തിന്റെ മനുഷ്യരൂപമായിരുന്ന വൃദ്ധനായ കഠിനാദ്ധ്വാനി. ചെല്ലപ്പന്, വീട്ടില്‍, അപ്പൂപ്പന്റെ പണിപ്പുലയനായിരുന്നു. പണിപ്പുലയന് എന്ന സ്ഥാനത്തിന് അധികാരവും, അവകാശങ്ങളും ഉണ്ട്. പണിപ്പുലയന്റെ വീട്ടിലെ സകല കാര്യങ്ങളും, ഭൂവുടമയുടെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. കല്യാണം, മരണം തുടങ്ങി സര്വ്വവിശേഷങ്ങളും അവനു തൃപ്തികരമാം വിധം നടത്തിക്കൊടുക്കേണ്ടത് ഭൂവുടമയുടെ ബാദ്ധ്യതയാണ്.
അവനും കുടുംബവും പട്ടിണി കൂടാതെ കഴിയേണ്ടതും, അവനുറങ്ങാതെ കാവലിരിക്കുന്ന നിലത്തിന്റെ ഉടമ നോക്കേണ്ടതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ പല ഭൂവുടമകളും വരുത്തിയിരുന്നു. അശ്രദ്ധയും, ധര്മ്മബോധമില്ലായ്മയുംമൂലം ആശ്രിതരായ തൊഴിലാളികളെ ദുരിതത്തിലാക്കിയ നിരവധി ഭൂവുടമകള്‍ കുട്ടനാട്ടിലുണ്ട്. ഈ ധര്‍മ്മഭ്രംശത്തെ മുതലെടുത്തുകൊണ്ട് കടന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പക്ഷേ അതിലേറെ ദുരിതമാണ് തൊഴിലാളികള്‍ക്ക് സമ്മാനിച്ചത്.
അപ്പൂപ്പനും, ചെല്ലപ്പനും തമ്മിലുള്ള ആത്മബന്ധം ഏതു വാക്കില്‍ എഴുതിച്ചേര്ക്കണമെന്നറിയില്ല. കൂറും ആത്മാര്‍ത്ഥതയും, കഠിനാദ്ധ്വാനവും തുടങ്ങി അന്നത്തെ കുട്ടനാടന്‍ കര്‍ഷകരില്‍ നിന്നു പഠിച്ചെടുത്ത്, ഓര്മ്മിച്ചനുശീലിക്കാന് നിരവധി പാഠങ്ങളുണ്ട് നമ്മുടെ തലമുറയ്ക്ക്. അശാസ്ത്രീയവും, അമിതലാഭേച്ഛയോടെയുമുള്ള കൃഷിരീതികളും, കൃഷിയിടങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനാവശ്യ ഇടപെടലുകള്‍ സൃഷ്ടിച്ച തൊഴില്‍ പ്രശ്നങ്ങളും, കാര്‍ഷിക മേഖലയെ പാടേ അവഗണിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയങ്ങളും, അധിനിവേശവും തുടങ്ങി ഒരുപിടി കാരണങ്ങള്‍ കൊണ്ടു തന്നെ ഇവിടെ കൃഷി താറുമാറായി.
കൃഷി പലര്‍ക്കും ബാദ്ധ്യതയും, ലാഭമില്ലാത്ത ഏര്‍പ്പാടുമായി, പാടശേഖരങ്ങളില്‍ ജോലിക്ക് ആളെ ലഭ്യമല്ലാതായി. മുറിച്ചു വിറ്റും, സര്‍ക്കാര്‍, മിച്ചഭൂമി ഏറ്റെടുത്തവ അതിരു തിരിച്ചും ഒന്നായി കിടന്നിരുന്ന പാടശേഖരങ്ങളുടെ വിസ്തൃതി കുറയുകയും, ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. അതു മൂലം, കൃഷിയുടെ ഏകീകൃതവും, സംഘടിതവുമായ വ്യവസ്ഥകളിലും ഇളക്കം തട്ടി. മാരക വിഷവസ്തുക്കളും, രാസവളങ്ങളും മണ്ണിന്റെ സകല ജൈവസമ്പുഷ്ടിയേയും അനുദിനമെന്നോണം വികലമാക്കിക്കൊണ്ടിരിക്കുന്നു. ചാരവും, ചാണകവുമൊന്നും ഇപ്പോള്‍ നെല്‍കൃഷിക്ക് ഉപയോഗിക്കുന്നതേയില്ല.
മനുഷ്യന്റെ കരപരിലാളനമേറ്റു കോരിത്തരിച്ച് കവിത ചുരത്തിയ മണ്ണും വെള്ളവുമൊക്കെ നിരവധി മാലിന്യ പ്രശ്നങ്ങളാല്‍ തൊട്ടാല്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താന്‍ തുടങ്ങിയിരിക്കുന്നു. മത്സ്യസമ്പത്തിനും സാരമായ കുറവു വന്നു.
ഇത്തരം ഗുരുതരമായ പ്രതിസന്ധികളില്‍ തളര്‍ന്നു നില്ക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങളെ, നിരവധി തലമുറകളെ അന്നമൂട്ടിയ കൃതജ്ഞതയോടെ സംരക്ഷിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? നാലു വോട്ടുകള്‍ക്കോ, കേവലം സ്വാര്ത്ഥതാല്പര്യങ്ങള്ക്കോ വേണ്ടി നികത്താനും,
കാര്‍ഷികേതര ഉപയോഗങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു. നെല്‍കൃഷി സംരക്ഷണത്തിനുതകുന്ന യാതൊരുവിധ പദ്ധതികളും കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍, കുട്ടനാട്ടില്‍ ഫലം കണ്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടനാട് പാക്കേജ് പോലെയുള്ള പദ്ധതികളെല്ലാം പ്രഹസനങ്ങളിലും, പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്നു. ഫലമോ, നാല്‍പ്പതിനായിരം ഹെക്ടറിനു മുകളില്‍ കൃഷി ചെയ്തിരുന്ന പാടശേഖരങ്ങള്‍ ഇന്ന് വെറും ഇരുപത്തിയാറായിരം ഹെക്ടറിലേക്കു ചുരുങ്ങി. അതുതന്നെ പ്രതിസന്ധിയിലും. ആയിരത്തി എണ്ണൂറ്റിയെണ്പതു കോടി രൂപ ചെലവു കണക്കാക്കി ഡോ. എം.എസ്. സ്വാമിനാഥന് ചെയര്‍മാനായുള്ള കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കുട്ടനാട് പാക്കേജ്. ആരോഗ്യം, കൃഷി, ഇറിഗേഷന്‍ തുടങ്ങി പന്ത്രണ്ടോളം ഏജന്‍സികള്‍ ക്രിയാത്മകമായി ചേര്‍ന്നു നടപ്പാക്കേണ്ട പദ്ധതി ഇന്നെവിടെയെത്തി നില്ക്കുന്നു?
ക്രിയാത്മകമായ ഏകോപനമോ, പ്രവര്‍ത്തനമോ ഇല്ലാതെ നാഥനില്ലാക്കളരിയായ അവസ്ഥ. കുട്ടനാട്ടിലെ, കുളവാഴ നീക്കം ചെയ്യുന്നതു സംബന്ധിച്ച് കായലില്‍ കലക്കിയത് ഏഴു കോടി ഇരുപതു ലക്ഷം രൂപയാണ്. കുട്ടനാട്ടില്‍ ആകമാനം ഏഴു കോടി കുളവാഴകള്‍ ഉണ്ടോ എന്നു സംശയമാണ്. ഇത് ഏല്‍പ്പിച്ചത് യാതൊരു കരാറിന്റെയും അടിസ്ഥാനത്തിലല്ലെന്നും, ഈ പദ്ധതിയുടെ ആസൂത്രണവും, നടത്തിപ്പും പരാജയമായിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലും, വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകളെയും ഉദ്ധരിച്ചു കൊണ്ട്, കുട്ടനാട് പൈതൃകകേന്ദ്രം ചെയര്‍മാനും, ഭരണകക്ഷി നേതാവുമായ അഡ്വ. അനില്‍ ബോസിന്റെ ഒരു സോഷ്യല്‍ മീഡിയ ലേഖനം സമീപകാലത്ത് ശ്രദ്ധയില്‍ പെട്ടിരുന്നു.
വെട്ടിനിരത്തലും, കര്‍ഷക സ്നേഹവും വിളമ്പിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ മങ്കൊമ്പിലെ പാര്‍ട്ടിയാഫീസ് നിലനില്‍ക്കുന്നത് എവിടെയാണെന്നു പരിശോധിച്ചാലറിയാം, ഈ പ്രസ്ഥാനത്തിന് കര്‍ഷകരോടും, കൃഷിയോടുമുള്ള സ്നേഹം. വയല്‍ നികത്തിയ സ്ഥലത്താണതു സ്ഥിതി ചെയ്യുന്നത്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവന്, അവനു താമസിക്കാന്‍ നാലോ അഞ്ചോ സെന്റ് നിലം നികത്താനൊരുങ്ങുമ്പോള് അവിടെ ‘കൊടികൃഷി’യിറക്കുന്ന പാര്ട്ടികളാണിവരെന്നോര്ക്കണം.
താങ്ങാനാവാത്ത പ്രതിസന്ധിയും, ബാദ്ധ്യതയും കാരണമായി, ചെമ്മീന്‍ കെട്ടുകളും, മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളുമായ പാടശേഖരങ്ങള്‍ കുട്ടനാട്ടിലുണ്ട്. മാര്‍ത്താണ്ഡം കായലില്‍ ഇപ്പോഴും അധികാരികളുടെ മൗനാനുവാദത്തോടെ നിലംനികത്തലുകള്‍ നടത്തപ്പെടുന്നുവെന്ന് അറിയുന്നു. ചുരുക്കത്തില്‍ കൃഷിയും, കൃഷിയിടവും, കര്‍ഷകരെയും തുണയ്ക്കുന്ന യാതൊരുവിധ ശ്രമങ്ങളും ഭരണപ്രതിപക്ഷങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ഒറ്റവാക്കില്‍ പറയേണ്ടി വരും. ഇക്കാര്യത്തില്‍ കാര്യമായ ജനകീയ മുന്നേറ്റങ്ങളും ഉണ്ടായിട്ടില്ലെന്നത് ദുഃഖകരമാണ്.
ഇതു നന്ദികേടല്ലാതെ മറ്റെന്താണ്? മട വീഴുമ്പോള്‍ ആത്മാഹുതി ചെയ്തും നിലം കാത്ത, മണ്ണിനെ സ്നേഹിച്ച പുലയന്മാര് ജീവിച്ച മണ്ണാണിത്, നേരുള്ള മണ്ണ്, ദൈവം, അന്നപൂര്‍ണേശ്വരിയായും, സരസ്വതിയായും കുടിയിരിക്കുന്ന മണ്ണ്, ഒരു അന്തിത്തിരി പോലും തെളിയുന്നില്ലെങ്കിലും, സ്വന്തം ജീവന് ബലി നല്കി മണ്ണു സംരക്ഷിച്ച പുലയമുത്തച്ഛന്മാരുടെ ആത്മാക്കള്‍, തങ്ങള്‍ ഉയിരും, ഊഷ്മാവും നല്കി പടുത്തുയര്‍ത്തിയ അന്നപൂര്‍ണേശ്വരിയുടെ അന്തഃപ്പുരത്തിന് കാവലായി, അശാന്തിയോടെ ഉണര്‍ന്നിരിക്കുന്നുണ്ടാവും ഈ പാടശേഖരങ്ങളില്‍. അവരുടെ ആത്മാക്കളുടെ ശാപം ഈ നാടു താങ്ങില്ല. ഒരു തലമുറയുടെ, അസംഖ്യം മനുഷ്യാത്മാക്കളുടെ യജ്ഞഭൂമിയാണത്. മലയാളിക്ക് അന്നം വിളമ്പിയ കായല്‍ നിലങ്ങള്‍ ഒരിഞ്ചു പോലും നികത്തപ്പെടരുത്.
ഇന്നാട്ടിലെ രാഷ്ട്രീയകക്ഷികള്‍ക്ക് അണുവോളമെങ്കിലും സാമൂഹിക പ്രതിബദ്ധതയുണ്ടെങ്കില്‍, ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കുകയാണു വേണ്ടത്. ഒരു പ്രദേശത്തെയും, അതിന്റെ സംസ്കൃതിയെയും അടിയോടെ പിഴുതെറിഞ്ഞിട്ടല്ല തങ്ങളുടെ സ്ഥാനമുറപ്പിക്കേണ്ടതെന്ന് ഏതുകാലത്താണ് ഇക്കൂട്ടര്‍ പഠിക്കുക? ഇവിടുത്തെ ആവാസവ്യവസ്ഥ പൂര്‍ണ്ണമായും, ഇവിടുത്തെ ഭൂപ്രകൃതിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
പിറന്ന നാടിനോടും, കാലൂന്നി നില്ക്കുന്ന മണ്ണിനോടും കൂറുള്ള ഓരോ കുട്ടനാട്ടുകാരനും ഈ നീക്കത്തിനെതിരേ ശക്തിയുക്തം അണിനിരന്നില്ലെങ്കില്‍, നാളെ നമുക്ക് മണ്ണുണ്ടാവില്ല, ഒരുപക്ഷേ ഈ ഗ്രാമം പോലും… നമ്മളെ നാമാക്കിയ, നമുക്കു വിലാസമേകിയ നമ്മുടെ ഗ്രാമം…
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്റെ മക്കളേ…. കേള്‍ക്കുന്നില്ലേ നമ്മുടെ മണ്ണിലുറങ്ങുന്ന കുട്ടനാടിന്റെ കവി നെടുവീര്‍പ്പിടുന്നത്? ഉണര്‍ന്ന്, ഉത്തരം പറയാന്‍ സമയമായിരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: