പത്തനാപുരം: കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍ നാഥനില്ലാ കളരിയായി രണ്ടാഴ്ച പിന്നിട്ടതോടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിലവിലുണ്ടായിരുന്ന എസ്‌ഐ ഷൈന്‍ സ്ഥലംമാറി പോയി ആഴ്ചകള്‍ കഴിഞ്ഞിട്ടും പുതിയ എസ്‌ഐയെ നിയമിക്കുവാന്‍ നടപടിയില്ല.
കഴിഞ്ഞ മാസം 26നാണ് എസ്‌ഐയെ സ്ഥലംമാറ്റിയത്. പുതിയ എസ്‌ഐ ഇന്ന് വരും നാളെ വരും എന്ന് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നാഥനില്ലാതായതോടെ മേഖലയില്‍ അക്രമം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇളമ്പലില്‍ വച്ച് ആഡംബരകാറിലെത്തിയ മദ്യപസംഘത്തിന്റെ ആക്രമത്തില്‍ ഹൃദ്രോഗിയായ വയോധികന് പരിക്കേറ്റ സംഭവമാണ് അവസാനത്തേത്. പുനലൂര്‍, കുന്നിക്കോട് സ്‌റ്റേഷന്‍ അതിര്‍ത്തിപ്രദേശമായ ഇളമ്പലില്‍ മദ്യപസംഘത്തിന്റെ വിളയാട്ടം പതിവാണ്. എസ്.ഐമാരുണ്ടായാലും പട്രോളിംഗ് പേരിന് മാത്രമാണ്. അപ്പോള്‍ പിന്നെ ഇല്ലാത്ത അവസ്ഥ പറയാനില്ല.
കുന്നിക്കോട് സ്‌റ്റേഷനില്‍ പരാതി വന്നാലുടന്‍ പ്രതികള്‍ക്ക് വേണ്ടി രാഷ്‌ട്രീയ ഇടപെടലുകള്‍ പതിവാണ്. ഇത് ഒതുക്കി നല്‍കുന്നതിനായി സ്ഥിരം ഇടപാടുകാരും സഹായികളായ ചില പോലീസുകാരും വര്‍ഷങ്ങളായി ഇവിടെ തന്നെയുണ്ട്. സിപിഐ നേതാവിനെ വീട്ടില്‍ കയറി വെട്ടിയതും മോഷണം ഉള്‍പ്പെടെ അടുത്തിടെ നടന്ന നിരവധി കേസുകളിലെ പ്രതികളെ ഇനിയും പിടികൂടാനാകാത്തതും ഇതിന് തെളിവാണ്. വിട്ടുമുറ്റത്തും പോര്‍ച്ചിലും മറ്റും കിടന്ന നിരവധി വാഹനങ്ങള്‍ അടുത്തിടെ തീവച്ച് നശിപ്പിച്ചിരുന്നു. ഇങ്ങനെ തന്നെ പത്തോളം കേസുണ്ട്. ഒറ്റകേസില്‍ പോലും പ്രതികളെ കണ്ടെത്തുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. വേണ്ടത്ര അന്വേഷണം ഇല്ലാത്തതാണ് കാരണം. മാധ്യമങ്ങളില്‍ നിന്ന് വിവിരശേഖരണത്തിനായി വിളിച്ചാല്‍ ജിഡി ചാര്‍ജ് ഫോണെടുക്കുന്ന പതിവുമില്ല. വിശേഷം ഒന്നും ഇല്ല എന്ന് സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. കേസില്‍പ്പെട്ടത് പാവപ്പെട്ടവനാണെങ്കില്‍ വിവരം റെഡി. പത്ത് കാശുള്ളവനാണെങ്കില്‍ വെട്ട് കേസായാലും കുത്ത്‌കേസാണെങ്കിലും പുറത്തറിയില്ല. നിരവധി പെന്റിംഗ് കേസുകളുണ്ടങ്കിലും മാറിമാറി വരുന്ന എസ്‌ഐമാര്‍ പേരിന് അന്വേഷണം മാത്രം നടത്തി അവസാനിപ്പിക്കുകയാണ് പതിവ്. തെറ്റായ വിവരം നല്‍കി എസ്‌ഐയെ തെറ്റിദ്ധരിപ്പിക്കുന്ന ചില വില്ലന്‍മാരും സ്‌റ്റേഷനിലുണ്ട്.
















