കല്‍പ്പറ്റ : കരിന്തണ്ടന്റെ ഓര്‍മ്മ പുതുക്കി പണിയസമുദായക്കാര്‍ മാര്‍ച്ച് 13ന് വയനാട് ചുരത്തിലൂടെ സ്മൃതിയാത്ര നടത്തും. ആറാമത് കരിന്തണ്ടന് സ്മൃതിയാത്രയുടെ ഉദ്ഘാടനം 13ന് രാവിലെ 11 മണിക്ക് സിനിമ സംവിധായകന് അലി അക്ബര്‍ അടിവാരത്ത് നിര്‍വഹിക്കും. കരിന്തണ്ടന്റെ പിന്തലമുറക്കാരായ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പണിയ വിഭാഗക്കാര്‍ ഒത്തുച്ചേര്‍ന്നാണ് വയനാട് ചുരത്തില്‍ കരിന്തണ്ടന് സ്മൃതിയാത്ര നടത്തുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ലക്കിടിയിലെ ചങ്ങലമരച്ചുവട്ടില്‍ പുഷ്പ്പാര്‍ച്ചനയോടെ സ്മൃതിയാത്ര അവസാനിക്കും.
പരമ്പരാഗത വേഷങ്ങളുടെയും തുടിയുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെയുള്ള സ്മൃതിയാത്രക്ക് വനവാസി വികാസകേന്ദ്രം സം സ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, ആദിവാസിസംഘം വയനാട് ജില്ലാപ്രസിഡന്റ് പി.ആര്.വിജയന്, വനവാസിവികാസകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എസ്.നാരായണന്, എന്‍.പി.പത്മനാഭന്, ഇ.കെ.സോമന്, വാസുദേവന്‍ ചീക്കല്ലൂര്‍, ഒ.ബി.സുനന്ദ, ചെടയന്‍ അപ്പണവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സ്മൃതിയാത്രയുടെ ഉദ്ഘാടനചടങ്ങില്‍ പി.ആര്.വിജയന് അദ്ധ്യക്ഷത വഹിക്കും.
വൈകീട്ട് അഞ്ച് മണിക്ക് ലക്കിടിയിലെ ചങ്ങലമരചുവട്ടില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ പള്ളിയറ രാമന് അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടയന്‍ അപ്പണവയല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. താമരശ്ശേരിചുരത്തിന് കരിന്തണ്ടന്ച്ചുരമെന്ന് നാമകരണം ചെയ്യണമെന്നും കരിന്തണ്ടന് മൂപ്പന് ലക്കിടി ചങ്ങലമരത്തിന് സമീപം സ്മാരകം നിര്‍മ്മിക്കണമെന്നും യാത്ര ആവശ്യപ്പെടും.
പണിയ സമുദായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പീപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്ര നടത്തുന്നത്. നിത്യവും ആടുകളെ തെളിച്ച് ചുരം കയറിയിരുന്ന പണിയ മൂപ്പനായ കരിന്തണ്ടന് വയനാട്ടിലേക്ക് എളുപ്പത്തില്‍ കയറാവുന്ന വഴി ബ്രിട്ടീഷുകാര്‍ക്ക് കാട്ടികൊടുക്കുകയായിരുന്നു. ഈ ചുരംപാത തെളിക്കാന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.
എന്നാല്‍ പിന്നീട് നടന്നത് കൊടുംചതിയുടെ നേര്‍ചിത്രമായിരുന്നു. പാത തെളിച്ചത് തങ്ങളാണെന്ന് വരുത്തിതീര്‍ത്ത് ബ്രിട്ടീഷ് പ്രഭുവില്‍നിന്ന് പട്ടും വളയും കരസ്ഥമാക്കിയ എഞ്ചിനീയര്‍മാര്‍ കരിന്തണ്ടനെ വയനാടന്‍ കാട്ടില്‍വെച്ചുതന്നെ വകവരുത്തിയെന്നാണ് പണിയര്‍ വിശ്വസിച്ചുവരുന്നത്. തലമുറകളായി പകര്‍ന്നുകിട്ടിയ ഈ അറിവാണ് കേരളത്തിലെ മുഴുവന്‍ പണിയവിഭാഗങ്ങളെയും കരിന്തണ്ടന് സ്മൃതിയാത്രയിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: