ബത്തേരി : കഴിഞ്ഞദിവസം നമ്പിക്കൊല്ലിയില്‍ പുലി പശുകിടാവിനെ കടിച്ചുകൊന്നസംഭവത്തില് വനംവകുപ്പിന്റെ അനാസ്ഥയെന്നാരോപിച്ച് നാട്ടുകാര്‍ ഊട്ടി-ബത്തേരി അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. കണ്ടംങ്കോട് ചേരംകൊല്ലി നഞ്ചുണ്ടന്റെ രണ്ട് വയസ് പ്രായമായ പശുകിടാവിനെയാണ് കഴിഞ്ഞദിവസം രാത്രി പുലി കടിച്ചുകൊന്നത്.
വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത പശുവിന് നഷ്ടപരിഹാരം നല്‍കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വാക്ക് പറഞ്ഞതല്ലാതെ ക്ഷീരകര്‍ഷകനായ നഞ്ചുണ്ടന് ആവശ്യമായ നഷ്ടപരിഹാരതുക നല്‍കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ചും സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന പുലിയെ കെണിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടും പശുവിന്റെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
ഉപരോധത്തെതുടര്‍ന്ന് ബത്തേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചക്കുശേഷമാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്.
പുലി കൊലപെടുത്തിയ പശുവിന്റെ ഉടമയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അധികൃതരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തമാക്കാനും ചര്‍ച്ചയില്‍ പരിഹാരമായി. ഡിഎഫ്ഒ എത്താത്തതിനാല്‍ കൂട് വെക്കുന്ന കാര്യത്തില്‍ പരിഹാരമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: