ചെങ്ങന്നൂര്‍: സ്ത്രീകളുട ഉന്നമനത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വളര്‍ച്ച കാലത്തിന്റെ നിയോഗമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വൊട്ടിലുണ്ടായ കുറവ് ചെങ്ങന്നൂര്‍ മാവേലിക്കര നിയോജകമണ്ഡലങ്ങളില്‍ ബിജെപിക്ക് ഉണ്ടായ വളര്‍ച്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കലാരമേശ് അദ്ധ്യക്ഷയായിരുന്നു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഷമ.ജി.നായര്‍, വത്സലകുഞ്ഞമ്മ, ഗീതാരാംദാസ്, എസ്.ഗിരിജ, ശ്യാമളാ കൃഷ്ണകുമാര്‍, രമാദേവി, ലതാ അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മഹിളാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു
















