ഭീകരകഥകളോടും പ്രേതാനുഭവങ്ങളോടുമൊക്കെ പണ്ടേ നമുക്കൊരിഷ്ടം! അതു കേള്‍ക്കുന്നതും പറയുന്നതും പൊതുവെ ആസ്വാദ്യകരം. അതുകൊണ്ടാണ് സാഹിത്യത്തിലും സിനിമയിലുമെല്ലാം ഹൊറര്‍ പ്രമേയമായിവരികയും വിജയിക്കുകയും ചെയ്തത്. ലോക ക്ലാസിക്കുകളില്‍ ഒന്നായി ഇന്നും ബ്രോസ്റ്റോക്കറുടെ ഡ്രാക്കുള നിലകൊള്ളുകയും ചെയ്യുന്നു.
പക്ഷേ,
പ്രേതം എന്നൊന്നുണ്ടോ? കഴിഞ്ഞുപോയതിനെ അല്ലെ പ്രേതം എന്നു വിവക്ഷിക്കുന്നത്. കഴിഞ്ഞുപോയത് അപ്പോള്‍ ഉണ്ടെന്ന് പറയാനാകുമോ? എങ്കിലും പ്രേതാത്മാക്കളെ കണ്ടവരുണ്ടെന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു.
ഭൗതിക ശാസ്ത്രത്തില്‍ ഊര്‍ജസംരക്ഷണ നിയമം എന്നൊന്നുണ്ട്. ‘രൂപഭേദം വരുത്താമെന്നല്ലാതെ ഒരു ഊര്‍ജത്തെ പുതുതായി നിര്‍മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. അതാണ് ഊര്‍ജസംരക്ഷണ നിയമം. ശങ്കരന്റെ അദ്വൈത ദര്‍ശനവും ഇതുതന്നല്ലെ?! അപ്പോള്‍ മരണമടഞ്ഞ ആളുകളുടെ ആത്മാവ് മറ്റൊരു രൂപത്തിലേക്കു മാറുകയൊ അല്ലെങ്കില്‍ നിലനില്‍ക്കുകയോ വേണ്ടെ. നമ്മുടെ ആത്മാവും അപ്പോള്‍ പണ്ടേതോ രൂപത്തിലായിരുന്നു എന്നു പറയേണ്ടിവരുമോ?!
‘അനലറ്റിക്കല്‍ സൈക്കോളജി’ എന്ന മനഃശാസ്ത്ര വിഭാഗത്തിന്റെ ഉപജ്ഞാതാവായ യുങ് അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്, യാഥാര്‍ത്ഥ്യബോധം നിലനിര്‍ത്തുന്ന എംപിരിസിസ്റ്റ് എന്നാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകമാണ് ”മെമ്മറീസ്, ഡ്രീംസ് ആന്‍ഡ് റിഫഌക്ഷന്‍സ്.” മരണാനന്തര ജീവിതത്തെ കുറിച്ചാണതില്‍ പരാമര്‍ശിക്കുന്നത്. പരേതാത്മക്കളോടു സംസാരിക്കുന്നതിനെപ്പറ്റിപ്പോലും അതില്‍ പറയുന്നുണ്ട്. എങ്കിലും അദ്ദേഹം പറയുന്നത്. ”ശാസ്ത്രബോധമുള്ളവര്‍ക്ക് വികലമായൊ അപ്രസക്തമായൊ തോന്നിയേക്കാവുന്നതാണ് ഞാനിവിടെ എഴുതുന്നത്. ഒന്നു മനസ്സിലാക്കുക ഞാന്‍ ശാസ്ത്രീയ വ്യാഖ്യാനത്തിന് മുതിരുകയല്ല പകരം ‘മിത്തോളജൈസ്’ ചെയ്യാന്‍ പോകുകയാണ്.”
‘മിത്ത്’ എന്നതിനെ യക്ഷിക്കഥ എന്നുവേണമെങ്കിലും പറയാം. അതിന്റെ ഹൃദയഭാഗത്ത് വിശദീകരിക്കാനാകാത്ത ഒരു സത്യം ഗൂഢാവബോധമായി ചെയ്യാന്‍ പോകുകയാണ്.
എന്റെ അനുഭവങ്ങളിലും അതുതന്നെയാണ് എനിക്കുതോന്നുന്നത്. ഞാന്‍ അനുഭവിച്ചതാണ്. അതിലെ ശാസ്ത്രീയത എനിക്കറിയില്ല.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ പീച്ചിയിലെ ‘മോളമ്മ വധം’ വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി പോയി. തൃശൂര്‍ എത്തുമ്പോള്‍ത്തന്നെ സമയം സന്ധ്യയായിക്കഴിഞ്ഞിരുന്നു.
പത്ര ഏജന്റ് എനിക്കായി ഹോട്ടലില്‍ ഒരു മുറി ബുക്കു ചെയ്തിരുന്നു. (ഇന്നും ആ ലോഡ്ജ് ഉള്ളതുകൊണ്ട് അതിന്റെ പേരു പറയുന്നില്ല.)
റൂം നമ്പര്‍ 113.
”നാളെ രാവിലെ ഞാന്‍ വണ്ടിയുമായി എത്താം. എന്നിട്ട് പീച്ചിക്കു പോകാം. ഗുഡ്നൈറ്റ്.” രാത്രി മംഗളം നേര്‍ന്ന് ഏജന്റുപോയി.
ഭക്ഷണം കഴിഞ്ഞ്, പിറ്റേന്ന് എങ്ങനെയൊക്കെ ആയിരിക്കണം എന്ന ആലോചനയോടെ ഞാന്‍ കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്നൊരു ശബ്ദം. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ബാത്ത് റൂമിന്റെ വാതില്‍ തുറക്കപ്പെട്ടതാണ്. ഞാന്‍ അത് കൊളുത്തിട്ടിട്ടാണല്ലോ കിടന്നത്. പിന്നെങ്ങനെ തുറന്നുകിടക്കുന്നു. തുറന്നുകിടന്ന് ലേശം ഇളകുന്ന ഡോര്‍ വീണ്ടും അടച്ച് കുറ്റിയിട്ട് ഉറപ്പാക്കി ഞാന്‍. വാച്ചെടുത്ത് സമയം നോക്കി. 12.45. കുറച്ചുവെള്ളം കുടിച്ച് വീണ്ടും ഉറങ്ങാനായി കിടന്നു.
ഉറക്കത്തിലേക്ക് ചായേണ്ട നേരം വീണ്ടും പഴയശബ്ദം. ഞാന്‍ എഴുന്നേറ്റു. ബെഡ്റൂം ലാംപിന്റെ അരണ്ട വെളിച്ചത്തില്‍ നോക്കി. പഴയപോലെ ബാത്ത് റൂം വാതില്‍ തുറന്നുകിടക്കുന്നു. ഒരു പ്രേതാത്മാവിന്റെ ചലനംപോലെ ആടുന്നു.
ശ്ശെടാ! എന്തൊരു പ്രശ്നം! ഞാന്‍ ഒരു പേപ്പര്‍ എടുത്ത് നാലാക്കി മടക്കി വാതില്‍ പാളിയില്‍ വച്ച് വലിച്ചടച്ചു. നന്നായി മുറുകി. കൊളുത്തിട്ടു. ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിലേക്കു പോകാന്‍ അല്‍പ്പസമയം വേണ്ടിവന്നു. വീണ്ടും ഉറക്കത്തിലേക്ക്. ”ടപ്പേ…” ഇത്തവണത്തെ ശബ്ദം എന്നെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടുക്കിക്കളഞ്ഞു. വാതില്‍ പഴയപോലെ തുറന്നുകിടക്കുന്നു. ആ ചലനം പോലും ഭീതിദായകം.
മനസ്സില്‍ ഭയം അരിച്ചുകയറാന്‍ തുടങ്ങി. സമയം 1.20. ഞാന്‍ എഴുന്നേറ്റു പുറത്തിറങ്ങി. മുറി പൂട്ടി. ഭയം മൂലം അവിടെ കിടക്കാനാവാതെ തൃശൂര്‍ റൗണ്ടില്‍ വന്നിരുന്നു. ഏതാണ്ട് നാലുമണിയായപ്പോള്‍ തിരിച്ച് റൂമില്‍ പോയി കിടന്നു.
രാവിലെ ഏജന്റ് എത്തി. ഒരു ഗൂഢസ്മിതത്തോടെ എന്നോടു ചോദിച്ചു. ”ഉറക്കം എങ്ങനുണ്ടായിരുന്നു?”
”ആ മുറിയിലെ ബാത്ത്റൂം ഡോര്‍ നന്നല്ല. അതു കാരണം ഉറക്കം സുഖായില്ല.” അയാള്‍ എന്തൊ അറിഞ്ഞിട്ടെന്നപോലെ ചിരിച്ചു. ഞാന്‍ പീച്ചിയിലേക്കു പുറപ്പെട്ടു.
സ്റ്റാഫുമായി ഒരുമിച്ചിരുന്ന് ഊണുകഴിക്കുന്ന സമയത്ത് ഞാനിതു വിളമ്പി. പെട്ടെന്നാണ് ഓര്‍ഗനൈസര്‍ ദാമോദരന്‍ പറഞ്ഞത്. ‘അപ്പോള്‍ സാറും അതില്‍ പെട്ടല്ലെ.’ എനിക്കൊന്നും മനസ്സിലായില്ല. ”എനിക്കും കിട്ടിയതാ പണി.” അയാള്‍ തുടര്‍ന്നുപറഞ്ഞു.
ദാമോദരന്‍ ചേട്ടന് ഒരിക്കല്‍ ഈ ഏജന്റ് ഇതേ ലോഡ്ജിലെ ഇതേ മുറി തന്നെ തങ്ങാനായി ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നത്രെ! എന്നാല്‍ ഉറങ്ങാന്‍ പറ്റീല്ല.
ദാമോദരന്‍ ചേട്ടന്റെ പ്രശ്നം ഉറങ്ങിത്തുടങ്ങിയാല്‍ കട്ടിലില്‍ നിന്ന് ആരോ തള്ളിയിട്ടതുപോലെ താഴേക്കു വീഴും എന്നതായിരുന്നു. രണ്ടോ മൂന്നോ വട്ടം വീണു കഴിഞ്ഞപ്പോള്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ച് പോന്നത്രെ ആ പാവം. പിന്നീട് ദാമോദരന്‍ ചേട്ടന് അന്വേഷിച്ചറിഞ്ഞുപോലും ആ മുറിയില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന്! ആ മുറിയില്‍ സ്വസ്ഥമായി ആരും ഉറങ്ങാറില്ലത്രെ!
ഇതേപോലെ എന്റെയും സുഹൃത്തുക്കളുടെയും ഉറക്കം കെടുത്തിക്കളഞ്ഞതാണ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്!
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന പി.എം.സെയ്ദ് ലക്ഷദ്വീപ് നിവാസികള്‍ക്കുവേണ്ടി ഒരു വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചിരുന്നു. ദ്വീപ പ്രഭ എന്നായിരുന്നു അതിന്റെ പേര്. ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റ് യു.സി.കെ.തങ്ങളൊക്കെ ആ വാര്‍ത്താ പത്രികയുടെ ചുമതലക്കാരനായിരുന്നു. ഞാനതിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചുവന്നു.
ലക്ഷദ്വീപിലെ ഒരു കലോത്സവത്തോടനുബന്ധിച്ച് ഞാനും വാര്‍ത്താപത്രിക ലേഔട്ട് ആര്‍ട്ടിസ്റ്റ് രഘു, ക്യാമറമാന്, വീഡിയോ ഗ്രാഫേഴ്സ്, ബാന്റ്സെറ്റുകാരായ വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍ ഒക്കെയായി ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു.
കപ്പല്‍ യാത്ര!
ആദ്യം എത്തിച്ചേര്‍ന്നത് കവരത്തി ദ്വീപിലായിരുന്നു. അവിടെ രണ്ടു ദിനങ്ങള്‍ ചെലവഴിച്ചശേഷം ആന്ത്രോത്ത് ദ്വീപിലേക്കു പോയി. കൊച്ചുകൊച്ചു ദ്വീപുകളുടെ സമുച്ചയമാണ് ലക്ഷദ്വീപ്. പട്ടിയും കാക്കയും പാമ്പും ഇല്ലാത്ത ദ്വീപ്. അതില്‍ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. ഏതാണ്ട് 9 കി.മീ. ചുറ്റളവ് (അന്ന് അറവുശാലകള്‍ അവിടെയുണ്ടായിരുന്നു.)
അവിടെ താമസിക്കാന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും കൂടി ഒരു വീടാണ് കിട്ടിയത്.
കലോത്സവത്തിന്റെ ഒരു രാവ്.
ഭക്ഷണമെല്ലാം കഴിഞ്ഞു. എന്തൊ, എനിക്ക് കലോത്സവം കാണാന്‍ പോകാന്‍ ഒരു മൂഡും തോന്നിയില്ല. പോയില്ല. മറ്റെല്ലാവരും പോയി. ഞാന്‍ ഒറ്റയ്ക്ക് വീട്ടില്‍. കടലിന്റെ ഗുങ്കാരവം മാത്രം പശ്ചാത്തല സംഗീതം. എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ആരോ രണ്ടുപേര്‍ വീട്ടിലേക്ക് കയറിയതുപോലെ. ഞാന്‍ എഴുന്നേറ്റ് ചുറ്റും നടന്നു. ആരേയും കാണാനില്ല. പക്ഷേ, ആരോ വീട്ടിലുണ്ടെന്ന തോന്നല്‍. ശക്തമാകുന്നു… ഭയത്തിലേക്ക് വഴുതിമാറുന്നു.
ഞാന്‍ വീടുവിട്ട് കലോത്സവ നഗറിലേക്കു നടന്നു. അവിടെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ ആരാഞ്ഞു. ”എന്ത്യേ… വരുന്നില്ല എന്നു പറഞ്ഞിട്ട്…” ”ഉറക്കം വന്നില്ല… ഞാന്‍ പോണു.” അപ്പോഴേക്കും എന്റെ മറ്റൊരു സുഹൃത്തു പറഞ്ഞു. ”ഏതായാലും ഞാന്‍ കിടക്കാന്‍ പോകുന്നു.” അയാള്‍ വീട്ടിലേക്കു പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അയാളും തിരിച്ചെത്തി. അയാളും പറഞ്ഞ ന്യായം എന്റേതു തന്നെയായിരുന്നു. ‘ഉറക്കം വരുന്നില്ല.’ പിന്നീട് പോയത് ക്യാമറാമാനില്‍ ഒരാളായിരുന്നു. കുറച്ചു സമയമേ വേണ്ടിവന്നുള്ളൂ അയാള്‍ക്കും ഉറക്കം വരാതെ തിരിച്ചുവരാന്‍.
വെളുപ്പോടുകൂടി കലാപരിപാടികള്‍ കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി തിരിച്ച് ആ വീട്ടിലേക്കു മടങ്ങി. ഉറങ്ങി.
പിറ്റേന്നു രാവിലെ ക്യാമറാമാന് സുഹൃത്താണ് പറഞ്ഞത്. ”ഇന്നലെ ഇവിടാരോ ഉള്ളതുപോലെ തോന്നി. ശ്വാസോച്ഛാസം വലിയ ശബ്ദത്തോടെ നടത്തുന്നതു ഞാന്‍ കേട്ടു. നോക്കിയിട്ടാരെയും കണ്ടില്ല. പേടിച്ചിട്ടാ ഞാന്‍ പോന്നത്.
ഞാനും അടുത്ത സുഹൃത്തും ഉള്ളകാര്യം പറഞ്ഞു. ഞങ്ങളുടെയും അനുഭവം. അടുത്ത ദിവസം ഞങ്ങളെ സല്ക്കരിക്കാന് വിളിച്ച വീട്ടില്‍വച്ച് കോളേജധ്യാപകനായ അവിടുത്തെ ഗൃഹനാഥനോട് ഞങ്ങളീ അനുഭവം പറയേണ്ടിവന്നില്ല. അതിനുമുന്നേ താമസിക്കുന്ന വീട് അറിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു. ”നിങ്ങളെങ്ങനെ ആ വീട്ടില്‍ കഴിച്ചുകൂട്ടി.” കാര്യം തിരക്കിയ ഞങ്ങളോടു പറഞ്ഞു- ”അതൊരു പ്രേതാലയമാണ്… അങ്ങനെയാ ഞങ്ങളെല്ലാവരും കരുതുന്നത്. ആരും അവിടെ താമസിക്കാറില്ല.”
ഇതെല്ലാം എന്തൊക്കെയോ തോന്നിച്ച സംഭവങ്ങളായിരുന്നെങ്കില്‍ ഞാന്‍ കണ്ട സംഭവമാണ് മറ്റൊന്ന്.
ചളിക്കവട്ടം കൊറ്റങ്കാവ് ക്ഷേത്രത്തിലെ ഉത്സവം. നാടകം കാണാന്‍ ഞാന്‍ പോയി (കുറച്ചുകാലം നാടകപ്രവര്‍ത്തനവുമായി നടന്നതുമൂലം നാടകം എന്നുകേട്ടാല്‍ പോയി കാണുക അന്നൊരു ശീലമായിരുന്നു.) പാതിരാത്രി കഴിഞ്ഞുകാണും. നാടകം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ നാടകം പൂര്‍ത്തീകരിക്കും മുന്‍പ് വീട്ടിലേക്കു തിരിച്ചു. നടന്നുവരാനുള്ള ദൂരമേ ഉള്ളൂ. പട്ടിയെ ഭയന്ന് ഒരു വലിയ വടിയും സംഘടിപ്പിച്ചാണ് നടപ്പ്. എന്റെ മുന്നില്‍ ഒരാള്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചാണ് നടപ്പ്. മെലിഞ്ഞ് ഉയരമുള്ള ആള്. സന്തോഷമായി. ഒരാളുണ്ടല്ലോ മുന്നില്‍. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അയാളെ കാണുന്നില്ല. പിന്നില്‍ കുറച്ചുദൂരെയായി ആരോ ഉണ്ടെന്ന തോന്നല്‍. ഞാന്‍ തിരിഞ്ഞുനോക്കി. അയാള്‍ കുറച്ചു ദൂരെയായി പിന്നിലുണ്ട്. ശ്ശെടാ… മുന്നില്‍ നിന്നയാള്‍ ഞാനറിയാതെങ്ങനെ പിന്നിലെത്തി?!
വീണ്ടും നടന്നു.
അപ്പോളതാ കുറച്ചകലെയായി അയാള്‍ എന്റെ മുന്നില്‍. അയാളോടൊപ്പമെത്താന്‍ നടപ്പിന്റെ വേഗത കൂട്ടി ഞാന്‍.
അപ്പോഴേക്കും അയാളെ കാണുന്നില്ല. മുന്നിലും പിന്നിലും അയാള്‍ ഇല്ല. വല്ല മോഷ്ടാവും ആയിരിക്കുമോ? ഇരുട്ടുവീണ ഇടവഴികള്‍ കേറിമറഞ്ഞൊ? ഞാന്‍ ചുറ്റുപാടും പരതി. അയാളെ കണ്ടില്ല.
പിറ്റേന്നാണ് അറിഞ്ഞത്. ഞാന്‍ പോന്ന വഴിയരികിലുള്ള വീട്ടിലെ രഘുവരന് മരിച്ചു. ആ രാത്രിയായിരുന്നു മരണം. രഘുവരന് വെള്ളമുണ്ടും ഷര്‍ട്ടും മാത്രം ധരിക്കുന്ന ആളായിരുന്നു. ഉയരവും അതുപോലെ. അന്ന് ഒരു മകരച്ചൊവ്വയായിരുന്നു.
ഇതെല്ലാം രാത്രികളിലാണുണ്ടായതെങ്കില്‍ ഒരു വെള്ളിയാഴ്ച സന്ധ്യക്കുണ്ടായ അനുഭവവും കൂടി ഓര്‍ക്കാം. ഞാന്‍ ഒരു മെഗാ സീരിയലിന് തിരക്കഥ എഴുതിക്കൊണ്ട് 2000ത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. (ജീവന് ടിവി ടെലികാസ്റ്റു ചെയ്ത ആദ്യ മെഗാ സീരിയല്‍ ‘സ്ത്രീധനം’)താമസിക്കുന്നത് ബാര്‍ കോഴ പ്രശ്നത്തിലിപ്പോള്‍ ശ്രദ്ധേയനായ ബിജു രമേശിന്റെ പിതാവ് രമേശന് കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ‘വിന്‍സര്‍’ പാലസില്‍.
ഷെഡ്യൂള്‍ ബ്രേയ്ക്കാണ്. അടുത്ത ഷെഡ്യൂളിലേക്കുള്ള വണ്‍ലൈന്‍ തയ്യാറാക്കുന്ന തിരക്കിലാണ്.
ആകെ ഒരു വിരസത. ഈ സീരിയലില്‍ത്തന്നെ വര്‍ക്കുചെയ്യുന്ന സുരേഷ് കണ്ടല്ലൂര്‍ (അസോ.ഡയറക്ടര്‍) റാം മോഹന്‍ (പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്) തുടങ്ങിയവര്‍ ചെങ്കല്‍ ചൂളയ്ക്കടുത്ത് ഒരു വീട്ടില്‍ താമസിക്കുന്നുണ്ട്.
അവരെ ഏതായാലും ഒന്നു കണ്ടുകളയാം. ഞാന്‍ അവര്‍ താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. വാതില്‍ അടച്ചിരിക്കുന്നു. ആരും ഇല്ല. ഞാന്‍ ഒത്തിരി വിളിച്ചുനോക്കി. ഒരു മറുപടിയുമില്ല. വീടിന് ചുറ്റും അവരെ വിളിച്ചുകൊണ്ടു നടന്നു. പെട്ടെന്ന്…… ഒരു മുറിയില്‍ മാത്രം ബള്‍ബ് പ്രകാശിച്ചു. ഫാന്‍ കറങ്ങാന്‍ തുടങ്ങിയ ശബ്ദം.
ഞാനാ മുറിയുടെ ജനാലയില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചു. പ്രകാശം അണഞ്ഞു. ഫാന്‍ നിശ്ചലമായ ശബ്ദം.
കറന്റു പോയോ!!
വീടിനുമുന്നില്‍ ചെന്ന് കോളിങ് ബെല്‍ മുഴക്കി. ഇല്ല കറന്റു പോയിട്ടില്ല. വീണ്ടും ജനാലയ്ക്കരുകിലെത്തി. ലൈറ്റ് വീണു. ഫാന്‍ കറങ്ങി. ജനാലയില്‍ ഞാന്‍ തട്ടി. പ്രകാശം പോയി. ഫാന്‍ കറക്കം നിന്നു.
എന്തൊ പന്തികേട്!
്യൂഞാന്‍ പുറത്തിറങ്ങി. റോഡില്‍നിന്നു. ഇരുളുവീണു തുടങ്ങിക്കഴിഞ്ഞിരുന്നു.
അപ്പോഴേക്കും ഒരു ഓട്ടോറിക്ഷയില്‍ റാമും സുരേഷും എത്തി.
”ആരെങ്കിലും അകത്തുണ്ടൊ?”
”ഇല്ല. എന്തുപറ്റി സര്….” റാം ചോദിച്ചു.
ഞാന്‍ ഉണ്ടായ അനുഭവം അവരോടു പറഞ്ഞു. സുരേഷ് പറഞ്ഞു.
”അകത്തേക്കു വരൂ…”
അവര്‍ വാതില്‍ തുറന്നു. അവരോടൊപ്പം ഞാനും അകത്തേക്കു കയറി. ഞാന്‍ ലൈറ്റുകണ്ട മുറിയിലേക്ക് അവര്‍ എന്നെ കൊണ്ടുപോയി.
”ഇതല്ലെ ആ മുറി.”
”അതെ.” ഞാന്‍ പറഞ്ഞു.
അവര്‍ ലൈറ്റിട്ടു. ”സാര്‍…. ഒന്നു മുകളിലേക്കു നോക്ക്….”
ഞാന്‍ മുകളിലേക്കു നോക്കി. മച്ചില്‍ ചോക്കുകൊണ്ട് മാര്‍ക്ക് ചെയ്തിരിക്കുന്നു. ”പോലീസ് മാര്‍ക്കു ചെയ്തിരിക്കുകയാണ്. ഇവിടെ ഒരു പെണ്ണ് ആത്മഹത്യ ചെയ്തതാണ്. ഈ മുറിയില്‍. തൂങ്ങിയാണ് മരിച്ചത്. അതോടെ വീട്ടുകാര്‍ ഇവിടം വിട്ടു. ആരും വാടകയ്ക്ക് എടുക്കാറില്ല. ഞങ്ങളെന്തായാലും അറിഞ്ഞുകൊണ്ടുതന്നെ വാടകയ്ക്ക് എടുത്തു. വരുന്നതുവരട്ടെ… പക്ഷേ, ഈ പറഞ്ഞ അനുഭവങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്.”
ഞാന്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
അല്ലെങ്കില്‍ത്തന്നെ എന്തുപറയാന്‍. ഓരോന്നും ഓരോ അനുഭവങ്ങള്‍. എങ്ങനെയാണിതൊക്കെ വിശദീകരിക്കുക.
നമുക്കറിയാവുന്നതല്ലല്ലോ. അറിയാന്‍ പാടില്ലാത്തതല്ലെ നിഗൂഢത. പലര്‍ക്കും വ്യാഖ്യാനിക്കാനായേക്കും. എങ്കിലും അനുഭവം അനുഭവം തന്നെയല്ലേ.
നുറുങ്ങുകഥ: കോടതിക്കൂട്ടില്‍ നിന്ന പ്രതി പറഞ്ഞു,” എന്റെ കുത്തുകൊണ്ടപ്പോള്‍ മരിച്ചെങ്കില്‍ അത് അയാളുടെ കര്‍മഫലം. വിധി. ഞാനതിനെന്തിന് ശിക്ഷ വാങ്ങണം.”
കോടതി പറഞ്ഞു, ” അയാളുടെ കര്‍മത്തിന് ഫലം കിട്ടിയെങ്കില്‍ ഇനി ഫലം കിട്ടേണ്ടത് നിന്റെ കര്‍മത്തിന്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: