ലോകം കടല്പോലെയാകാം. അല്ലെങ്കിലും ജീവിതത്തെ സംസാര സാഗരം എന്നാണല്ലോ പറയാറ്! കടല്‍ എല്ലാവര്ക്കും ഉള്ളതാണ്. പ്രകൃതിയുടെ വരദാനം. ജീവിതംപോലെ തന്നെ. ചിലര്‍ മുത്തുകള്‍ വാരുന്നു. ചിലര്‍ മീന്‍ പിടിക്കുന്നു. മറ്റു ചിലരാകട്ടെ നനഞ്ഞ കാലുമായി കയറിവരന്നു. ചിലര്‍ നേടിയത് കടല്‍ തന്നെ തിരിച്ചുപിടിക്കുന്നു. അല്ലെങ്കില്‍ അവിടെത്തന്നെ നഷ്ടപ്പെടുന്നു. ജീവിതവും ഇങ്ങനെ തന്നെയാണ് എന്നു തോന്നിപ്പോകാറുണ്ട്.
എന്നാല്‍ ഇതിനൊക്കെ പിന്നില്‍ ഒരദൃശ്യശക്തിയുടെ വിളയാട്ടം ഇല്ലെ?! വിശ്വസിച്ചുപോകുന്ന ചില നിമിഷങ്ങളുണ്ട്. അത്തരം ഒരു നിമിഷത്തെക്കുറിച്ച് പറയുകയുണ്ടായി, ഗിരീഷ് പുത്തഞ്ചേരി.
വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുന്നത്. ലോക്കല്‍ കമ്പാര്‍ട്ടുമെന്റില്‍ സീറ്റ് ലഭിക്കാതെ നില്‍ക്കുകയായിരുന്നു ഞാന്‍. അന്നു വാങ്ങിയ ആ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഞാന്‍ മറിച്ചുനോക്കാന്‍ തുടങ്ങി. ഏതാണ്ട് എന്റെ പ്രായം വരുന്ന ഒരു യുവാവ് എന്നെ വന്ന് തട്ടി. താടിവച്ച തോളില്‍ ഒരു സഞ്ചി തൂക്കിയിട്ടിരിക്കുന്ന ചെറുപ്പക്കാരന്. ”പേരെന്താ?” അയാള്‍ ചോദിച്ചു. ഞാന്‍ അയാളെ ഒന്നു നോക്കി. ”അല്ല മാതൃഭൂമി വായിച്ചു നില്ക്കുന്നതു കണ്ട് ചോദിച്ചതാണ്.” ഞാന്‍ പേരു പറഞ്ഞു. ”ഓ, കേട്ടിട്ടുണ്ട്. ഞാന്‍ ഗിരീഷ് പുത്തഞ്ചേരി” അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാനും ഗിരീഷിനെ അറിഞ്ഞിരുന്നു. നാടക ഗാനങ്ങളിലൂടെ, കവിതയിലൂടെ. പിന്നെ ഞാന്‍ എറണാകുളത്ത് എത്തി ഇറങ്ങുംവരെ ഞങ്ങള്‍ സംസാരിച്ചു; തകര്‍ത്തു. കവിതയിലെ ചില ബിംബങ്ങള്‍. സാഹിത്യത്തിലെ നൂതന പ്രവണതകള്‍ ആനുകാലികങ്ങളില്‍ ആയിടയ്ക്കുവന്ന ചില ലേഖനങ്ങള്‍… ഒക്കെ സംസാര വിഷയമായി. അന്ന്, ഗിരീഷ് പുത്തഞ്ചേരി സിനിമാ ലോകത്ത് എത്തിയിട്ടില്ല.
പില്ക്കാലത്ത് ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ പല സ്ഥലങ്ങളിലും വച്ച് കണ്ടുമുട്ടി. പരിചയം പുതുക്കി. മാസങ്ങള്‍ കഴിഞ്ഞു കാണുമ്പോഴും അല്‍പ്പസമയം മുമ്പ് സംസാരിച്ചു നിര്‍ത്തിയതുപോലെയാണ് സംസാര തുടക്കം, തുടര്‍ച്ച.
പിന്നീട് ഗിരീഷ് പുത്തഞ്ചേരി സിനിമാരംഗത്തായി. പ്രശസ്തനായി. തമ്മിലുള്ള കാഴ്ചകള്‍ ഏതാണ്ട് ഇല്ലാതായി എന്നുതന്നെ വേണമെങ്കില്‍ പറയാം.
പിന്നീട് കാണുന്നത് എറണാകുളം ടൗണ്‍ഹാളില്‍ വച്ചായിരുന്നു. ബാലഗോകുലത്തിന്റെ കുടുംബ സംഗമത്തില്‍ വിശിഷ്ടാതിഥിയായി ഗിരീഷ് എത്തിയിരുന്നു. അന്ന് ആ പരിപാടിയുടെ സംയോജകന്‍ ആയിരുന്നു ഞാന്‍.
എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ചു. എനിക്ക് ലഹരി മണത്തു. ഗിരീഷ് സ്റ്റേജിലേക്ക്. ലഹരിയില്‍ പൂത്തുലഞ്ഞ്, ചില്ലിത്തെങ്ങിന് കാറ്റുപിടിച്ചപോലെ നിന്ന് ഗിരീഷ് സംസാരിച്ചു.
ജീവിതം മാറിമറിഞ്ഞ കഥ. അഥവാ കണ്ണന്-ഗുരുവായൂരപ്പന് മാറ്റിമറിച്ച കഥ.
ഭാര്യ-കുട്ടികള്‍. ജീവിക്കാന്‍ നന്നേ പ്രയാസം. എഴുതി കിട്ടുന്നതുകൊണ്ട് ഒന്നിനും തികയുന്നില്ല. ദാരിദ്ര്യം ഭുജിച്ചു മടുത്ത ഭാര്യ ഗിരീഷിനോട് പറഞ്ഞു. ‘ഗുരുവായൂരമ്പലത്തിന്റെ പടിഞ്ഞാറെ നടയ്ക്കല്‍ ഒരു ടെലഫോണ്‍ ബൂത്തുണ്ട്. അവിടെ ഒരാളെ ആവശ്യമുണ്ട്. ബന്ധുവിന്റേതാണ്. ഒരു പത്തൊ രണ്ടായിരമോ കിട്ടും. അവിടെ ചെന്ന് ആ ജോലി ചെയ്താല്‍ തല്ക്കാലം ബുദ്ധിമുട്ട് അല്‍പ്പം നീക്കിവയ്ക്കാം.
ഭാര്യയുടെ അഭിപ്രായത്തോട് അത്ര യോജിപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വേറെന്തു വഴി? ജീവിക്കണ്ടെ. പോകാന്‍ തന്നെ സമ്മതിച്ചു.
ഉച്ചതിരിഞ്ഞ നേരം ഭാര്യ എവിടുന്നോ സംഘടിപ്പിച്ചു നല്കിയ ബസ്സുകാശുമായി ഗിരീഷ് പുറപ്പെട്ടു. ഗുരുവായൂരെത്തി. ഒരു വിധത്തില്‍ ബൂത്ത് കണ്ടെത്തി. പക്ഷേ, എന്തു കാര്യം. അത് അടച്ചിട്ടിരിക്കുന്നു. അടുത്തുള്ള കടക്കാരോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ഒരു മാസത്തിലേറെയായി അടച്ചിട്ട്. അവര്‍ ബൂത്തു നടത്തുന്നത് നിര്‍ത്തി.
സമയം രാത്രിയായിരിക്കുന്നു. തിരിച്ചുപോകാന്‍ ബസ്സില്ല. ഭക്ഷണം കഴിക്കാന്‍ പാങ്ങില്ല. ഗുരുവായൂര്‍ നടയിലിരുന്നു ഗിരീഷ്. ഈശ്വരവിശ്വാസി അല്ലാതിരുന്ന ഗിരീഷ് രണ്ടുമൂന്ന് പേപ്പര്‍ വാങ്ങി. കുറച്ചു കൃഷ്ണഭക്തിഗാനങ്ങള്‍ എഴുതി ഭണ്ഡാരക്കുറ്റിയിലിട്ടു. നിര്‍വികാരതയോടെ നേരം പരപരാ വെളുപ്പിച്ചു.
ആദ്യ വണ്ടിക്കു തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. ജോലിക്കുപോയ ഭര്‍ത്താവ് നേരം വെളുത്തപ്പോഴെ തിരിച്ചെത്തിയതു കണ്ട് ഭാര്യ അമ്പരന്നു.
”എന്തുപറ്റി?” അവര്‍ ആകാംഷയോടെ ആരാഞ്ഞു.
ഒരു പരിഹാസ ചിരി. പിന്നെ, ഗിരീഷ് പറഞ്ഞു.
”ഞാന്‍ കരുതി തിരിച്ചുവരുമ്പോഴേക്കും നിന്റെ കൃഷ്ണന് എനിക്ക് കൊട്ടാരം നല്‍കീട്ടുണ്ടാകും എന്ന്. അവില് പൊതിയുമായി ചെന്ന കുചേലന് അതല്ലെ കിട്ടീത്. എനിക്കാണെങ്കില്‍ ഉറക്ക ക്ഷീണോം പട്ടിണീം. കൊള്ളാം നിന്റെ കൃഷ്ണന് കൊള്ളാം.”
ഗിരീഷ് പരിഹസിച്ചത് ഭാര്യയ്ക്കത്ര പിടിച്ചില്ല.
”വന്ദിച്ചില്ലെങ്കിലും നിന്ദിക്കണ്ട. കുളിച്ച് വേഷം മാറി വല്ലതും കഴിച്ച് ക്ഷീണം മാറ്റാന്‍ നോക്കൂ…”
കുളിച്ച് ഭക്ഷണം കഴിച്ച് കട്ടിലില്‍ കയറിക്കിടന്നു. ഒന്നു മയങ്ങി.
പിന്നീട് ഗിരീഷ് പറഞ്ഞത് നിറകണ്ണുകളോടെയാണ്.
ഭാര്യ വന്ന് തട്ടിവിളിച്ചപ്പോഴാണ് എഴുന്നേറ്റത്. പുറത്തൊരാള് കാണാന്‍ വന്നിരിക്കുന്നു. ആളെ ചെന്നു കണ്ടു. സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. സിനിമയ്ക്ക് പാട്ടെഴുതണം. അതായിരുന്നു ആവശ്യം. ബാംഗ്ലൂര്‍ക്കാണ് പോകേണ്ടത്. നല്ല വസ്ത്രം പോലുമില്ല. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം അയാള്‍ പുതുതായി വാങ്ങിക്കൊണ്ടുവന്നിരുന്ന വസ്ത്രം നല്കി. കുറച്ചുപണം നല്കി. യാത്ര ഫ്ളൈറ്റില്‍
വിതുമ്പിക്കൊണ്ട് ഗിരീഷ് പുത്തഞ്ചേരി പറയുന്നു. ”കണ്ണന് കുചേലനെ എങ്ങനെ രക്ഷിച്ചുവോ അതിനേക്കാള്‍ കൂടുതലായി എന്നെ കടാക്ഷിച്ചു. ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും എന്റെ സ്ഥിതി മാറി. ഞാന്‍ യാത്രയായി. പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ബസ്സുകാശിനുപോലും ബുദ്ധിമുട്ടിയ ഞാന്‍ കാറിലും വിമാനത്തിലുമായി യാത്ര ചെയ്തു. കൈ നിറയെ സിനിമ. ആവശ്യത്തിനു പണം. നാസ്തികനായിരുന്ന ഞാന്‍ കണ്ണന്റെ ഭക്തനായി മാറി….”
കേട്ടിരുന്നവരുടെ മനസ്സും വിതുമ്പിയിരിക്കണം. എന്തൊക്കെ ലീലകള്‍! ഞാന്‍ ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതി ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ആളാണ് കവി എസ്.രമേശന് നായര്‍. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കൃഷ്ണഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്റേതാകാം. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളിലെ ഒരു വരിയെങ്കിലും അറിയാത്തവര്‍ മലയാളികളായി ഉണ്ടാകാന്‍ തരമില്ല. അദ്ദേഹത്തിന്റെ മകനും ഒരു കുട്ടി പിറന്നു. അതു ജനിച്ചതൊ അഷ്ടമി രോഹിണിക്ക്. കണ്ണന്റെ രോഹിണി നാളില്‍! എന്തൊരു ലീലകള്‍?!
എന്നാല്‍ വാസുപിള്ള ചേട്ടന്റെ കാര്യം അതായിരുന്നില്ല. ഒരു കാലത്ത് മലയാളിക്ക് വായിക്കാന്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ ഏറെയൊന്നും ഉണ്ടായിരുന്നില്ല. ഒരു സിനിമാ മാസിക മാത്രം. അതില്‍ ഒതുങ്ങിയിരുന്നു സിനിമാ സംബന്ധമായ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ.
അക്കാലത്ത് മലയാളത്തില്‍ മറ്റൊരു പ്രസിദ്ധീകരണം വരികയും ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ‘ഫിലിം നാദം’ എന്നായിരുന്നു അതിന്റെ പേര്. ഏറെ ശ്രദ്ധയാകര്‍ഷിച്ച സിനിമ പ്രസിദ്ധീകരണം. അതിന്റെ എല്ലാമെല്ലാമായിരുന്നു വാസുപിള്ള ചേട്ടന്. അദ്ദേഹത്തെ ആളുകള്‍ വിളിച്ചു ‘ഫിലിം നാദം വാസുപിള്ള.’
ഒരു താരപ്രഭ തന്നെ വാസുപിള്ള ചേട്ടന് ഉണ്ടായിരുന്നു. അന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ പ്രേംനസീറടക്കം വാസുപിള്ള ചേട്ടനെ കാണാനായി എത്തുമായിരുന്ന കാലം.
ഞാന്‍ വാസുപിള്ള ചേട്ടനെ ആദ്യമായി കാണുന്നത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനു മുന്‍പാണ്. തിലകം പ്രസില്‍ വച്ചാണ് കാണുന്നത്. ബാലസാഹിത്യകാരനായിരുന്ന മാലി (മാധവന് നായര്‍)മാലിക എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്നു. അത് അച്ചടിച്ചിരുന്നത് തിലകം പ്രസ്സിലാണ്. അവിടെ വാസുപിള്ള ചേട്ടനുണ്ടെന്നറിഞ്ഞ് ഞാനും എന്റെ സുഹൃത്തും കൂടി ചെല്ലുകയായിരുന്നു. അന്ന് ഫിലിം നാദമൊക്കെ നിന്നുപോയിക്കഴിഞ്ഞിരുന്നു. പക്ഷെ ചില ടൈറ്റിലുകള്‍ വാസുപിള്ള ചേട്ടന്റടുത്തുണ്ട്. അതിലൊന്നു വാങ്ങി ഞങ്ങള്‍ക്ക് ഒരു പ്രസിദ്ധീകരണം സ്വന്തമായി ആരംഭിക്കണം. അതായിരുന്നു ആവശ്യം. ‘തുറന്നകത്ത്’ എന്നൊരു ടൈറ്റില്‍ അദ്ദേഹത്തിന്റെയടുത്ത് ഉണ്ടെന്നും അതു തരാമെന്നും സമ്മതിച്ചു. (പക്ഷേ, അതിന്റെ കാര്യങ്ങള്‍ ആകും മുന്‍പ് എനിക്ക് മറ്റൊരു പ്രസിദ്ധീകരണത്തില്‍ ജോലി ലഭിക്കുകയും കാര്യം മുടങ്ങുകയും ചെയ്തു.)
താരപ്രഭയില്‍ കഴിഞ്ഞിരുന്ന ഫിലി നാദം വാസുപിള്ള ചേട്ടന് തിലകം പ്രസ്സുവരെ എത്തിയ കാര്യം ഞാന്‍ സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. ഫിലിം നാദം നല്ല നിലയില്‍ പോകുന്ന കാലം. അന്ന് സ്വന്തം കാറുള്ളവര് വിരളം. വാസുപിള്ള ചേട്ടന്റെ സഞ്ചാരം കാറില്‍. ജീവിതം ആഹ്ലാദഭരിതമായി. എപ്പോഴൊ ഒരു ആഗ്ലോ ഇന്ത്യന്‍ പ്രൈവറ്റ് സെക്രട്ടറി എത്തി. കാര്യങ്ങള്‍ക്ക് ഒരഭഭ്രംശം സംഭവിച്ചു.
അപ്പോഴേക്കും മലയാളത്തില്‍ ഒട്ടേറെ സിനിമാ പ്രസിദ്ധീകരണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. ചിത്രഭൂമിയും ചിത്രകാര്ത്തികയും തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍. അവയോട് മത്സരിക്കേണ്ട കാലത്ത് വിചാരം കൈവിട്ട് വികാരഭരിതമായി ജീവിതം. പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും വാസുപിള്ള ചേട്ടനെ കണ്ടു. എറണാകുളം എംജി റോഡിലുള്ള പത്മ തീയറ്ററിന്റെ മുന്നില്‍വച്ച്.
എനിക്കദ്ദേഹത്തെ പെട്ടെന്നു മനസ്സിലായില്ല. പക്ഷെ തിരിച്ചറിഞ്ഞ അദ്ദേഹം ചോദിച്ചു. ”വെണ്ണലയല്ലേ….” ”അതെ….” ”മനസ്സിലായില്ലെ…” ഞാന്‍ ശ്രദ്ധിച്ചുനോക്കി. നാരങ്ങാവെള്ളം നല്കുന്ന ഒരു വണ്ടിക്കടയ്ക്കരികില് നില്ക്കുന്ന ആള്. ”ഞാന്‍ വാസുപിള്ള ചേട്ടന്.” അധികം ആലോചിക്കാനിടവരുത്താതെ അദ്ദേഹം പറഞ്ഞു. ”ഒരു നാരങ്ങാ വെള്ളം എടുത്താലോ?” എന്നോടു ചോദിച്ചു.
”വേണ്ട.. ഇവിടെ?” ”എന്റെ സുഹൃത്തിന്റെ ഏര്‍പ്പാടാണ് ഇവിടെ… അയാള്‍ സിഗരറ്റ് വാങ്ങാന്‍ പോയപ്പോള്‍ ഒന്നു നിന്നതാണ്…”
ഒരിക്കല്‍ പത്രാധിപരായിരുന്ന ആള്.
സൂപ്പര്‍ താരങ്ങള്‍വരെ ഇദ്ദേഹത്തിന്റെ മുന്നില്‍ ഓച്ഛാനിച്ചു നിന്നിരുന്നു. താരപ്രഭയോടെ വിലസി. എന്നിട്ടിപ്പോള്‍…..
ഞാന്‍ ഓര്‍ക്കുകയായിരുന്നു.
എം.കെ.ത്യാഗരാജ ഭാഗവതരെക്കുറിച്ച്.
സംഗീതലോകത്തെ ഏഴിശൈ മന്നനില്‍ നിന്ന് സംഗീത നാടകങ്ങളിലെ ജനപ്രിയ നായക നടനായി മാറിയ എം.കെ.ത്യാഗരാജ ഭാഗവതര്‍. നാടകരംഗത്ത് സംഗീതരംഗത്ത് പിന്നീട് സിനിമയില്‍ ഒരു കാലഘട്ടത്തെ കീഴടക്കിയ കലാകാരന്. ദക്ഷിണേന്ത്യയിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്നുവേണമെങ്കില്‍ അദ്ദേഹത്തെ പറയാം. ഒരുകാലത്ത് ട്രിച്ചിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അദ്ദേഹം. പ്രശസ്തിയുടെയും കുന്നുകൂടിയ സമ്പത്തിന്റെയും നടുക്ക് കഴുത്തില്‍ സ്വര്‍ണമാലകളും പത്തുവിരലുകളില്‍ വൈരമോതിരവുമണിഞ്ഞ് പനിനീരില്‍ കുളിച്ച് വിദേശ നിര്‍മിത കാറുകളില്‍ സഞ്ചരിച്ച് ഓരോ നിമിഷവും ആഘോഷമാക്കി മാറ്റിയ എം.കെ.ത്യാഗരാജ ഭാഗവതര്‍.
പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാചിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് അദ്ദേഹം കുറ്റവാളിയാകുന്നു. അപമാനിതനാകുന്നു. കൊടുമുടിയില്‍നിന്ന് പാതാളത്തിലേക്കായി അത്യന്തം നാടകീയത നിറഞ്ഞ ആ ജീവിതം.
ഒടുവില്‍ എല്ലാം തകര്‍ന്ന് മാരിയമ്മന്‍ കോവിലില്‍ കാലം വരുത്തിയ മാറ്റത്തോടെ ഒരു യാചകനെപ്പോലെ അദ്ദേഹം ഒതുങ്ങിക്കൂടി.
ഒരുകാലത്ത് സമ്പന്നരുടെ വീടുകളില്‍ അദ്ദേഹത്തിന്റെ കച്ചേരി അവിഭാജ്യഘടകമായിരുന്നു. കല്യാണ വീടുകളില്‍ ഭാഗവതരുടെ സമയം നോക്കി വിവാഹം നീട്ടിവച്ചിരുന്നു. ഭാഗവതരില്ലെങ്കില് കല്യാണം വേണ്ടെന്നു പറഞ്ഞവര്‍ തന്നെയുണ്ടായി. ചെന്നൈയില്‍ നിന്നും ട്രിച്ചിയിലേക്ക് ട്രെയിനില്‍ വന്നാല്‍ ആരാധകര്‍ ബഹളം വയ്ക്കും എന്ന് ത്യാഗരാജ ഭാഗവതര്‍ പറഞ്ഞതുമൂലം ഒരു സമ്പന്നന് ഒരു റെയില്‍വേ കോച്ച് മുഴുവനായി അദ്ദേഹത്തിനുവേണ്ടി ബുക്കു ചെയ്തു. എന്നിട്ടും ട്രിച്ചിയിലെത്തിയപ്പോള് പതിനായിരങ്ങള്‍ സ്റ്റേഷനിലും പരിസരത്തും വന്നുകൂടി. അംഗരക്ഷകരുടെയും പോലീസിന്റെയും സഹായത്തോടെ സ്റ്റേഷനില്‍ കാല്കുത്തി. ആളുകള്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് കാല്‍തൊട്ട് വന്ദിക്കാനും ഒന്നു തൊടാനും മാലയണിയിക്കുവാനുമൊക്കെ ഓടിയെത്തി. അന്ന് അണിയിച്ച മാലകള്‍ പിന്നീട് കൊണ്ടുപോയത് ഒരു ലോറിയിലായിരുന്നു.
അതേ ട്രിച്ചിയില്‍ തന്നെ അവസാനം വന്നിറങ്ങുമ്പോള്‍ രോഗഗ്രസ്തനായി നിസ്സഹായനായി നിരാശനായി എത്തുമ്പോള്‍. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.
അവസാനകാലത്ത് അസുഖം മൂര്‍ച്ഛിച്ച് ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു ദിവസം ചികിത്സയില്‍ കിടന്നു. എം.ജി.ചക്രപാണി, എസ്.എസ്.രാജേന്ദ്രന് എന്നിവര്‍ ഒഴികെ ഒരു സിനിമാക്കാരൊ ആരാധകരൊ എത്തിയില്ല. 1.11.1959 ല്‍ 49-ാമത്തെ വയസ്സില്‍ ഭാഗവതര്‍ ഇഹലോകവാസം വെടിഞ്ഞു. ശങ്കിലിയാണ്ടപുരത്ത് ഒരു ശവക്കല്ലറ ആരാലും തിരിച്ചറിയപ്പെടാതെ ഇപ്പോഴുമുണ്ട്.
ഭാഗവതര്‍ മരിച്ചെങ്കിലും അദ്ദേഹം പാടിയ ഗാനങ്ങള്‍ ഇപ്പോഴും സജീവമായി ഹൃദയാകര്ഷകങ്ങളായി നിലനില്ക്കുന്നു.
ജീവിതം ഇങ്ങനെയാണ്. റീടെയ്ക്കില്ലാതെ. വഴിമാറിപ്പോയാല്‍ തിരിഞ്ഞു നടക്കാന്‍ പാങ്ങില്ലാതെ. അങ്ങനെ… അങ്ങനെ…
കവര്‍ന്നെടുക്കുന്ന കരയെ കടല്‍ മറ്റൊരു സ്ഥലത്ത് ഏല്‍പ്പിക്കുന്നപോലെ. ഒന്നും ഒരിക്കലും ആര്‍ക്കും സ്വന്തമല്ലാതാകുന്നു. സന്തോഷവും സങ്കടങ്ങളും സ്ഥിരമല്ല. സ്ഥിരമെന്നു കരുതി അവയിലൊക്കെ അഭിരമിക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം ജീവിതം തന്നെയല്ലെ.
എങ്കില്‍ സ്ഥിരമായ ഒന്നിനുവേണ്ടിയല്ലെ പ്രവര്‍ത്തിക്കേണ്ടത്?!
ഗിരീഷ് പുത്തഞ്ചേരി മണ്മറഞ്ഞു. ഭാഗവതരും. എങ്കിലും രചനയും ഗാനവുമെല്ലാം നിലനില്ക്കുന്നു.
നൈമിഷിക തലത്തില്‍നിന്നും കാലത്തെ കടന്നുപോകാനുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍. റീടേക്കുവേണ്ട…. ഒറ്റ ടേക്കില്‍ തന്നെ ജീവിതം ഓ.കെ.
പുതുചൊല്ല്
അരി, മുളക്, ഉപ്പ്…വില?
ഐ ഡോണ്ട് നോ.
ഓര്‍ണമെന്റ്സ്, കോസ്റ്റ്യൂമ്സ് വില?
യു ഡോണ്ട് നോ.
ജീവിതത്തിന്റെ വില?
വി ഡോണ്ട് നോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: