തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനതട്ടിപ്പ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി അഞ്ഞുറോളം പ്രവര്‍ത്തകര്‍ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ലീഗിന്റെ ആസ്ഥാനമാക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ്ബാബു. സര്‍വകലാശാലയിലെ നിയമനതട്ടിപ്പ് കേന്ദ്രഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലയില്‍ ലീഗ് പ്രവര്‍ത്തകരെ കുത്തിനിറക്കുന്ന നിലാപാടാണ് നിലവിലെ സിന്‍ഡിക്കേറ്റ് സ്വീകരിക്കുന്നത്. പ്യൂണ്‍ , വാച്ച്മാന് നിയമനത്തില്‍ വന്‍അഴിമതിയാണ് നടന്നിരിക്കുന്നത്. എഴുത്ത് പരീക്ഷയില്‍ 70 കൂടുതല്‍ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ ലഭിച്ചത് വെറും അഞ്ചില്‍ താഴെ മാര്‍ക്കാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഉദ്യോഗാര്‍ത്ഥികളെ വേര്‍തിരിക്കുകയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ചെയ്തത്. എഴുത്ത്പരീക്ഷയില്‍ ഒന്നാംറാങ്ക് ലഭിച്ചയാള്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ 95-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ എഴുത്ത് പരീക്ഷയില്‍ വെറും 45 മാര്‍ക്ക് നേടിയയാള്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഒന്നാം റാങ്കുകരനായി മാറി. കെപിസിസി സെക്രട്ടറിയും ലീഗിന്റെ സമുന്നത നേതാവും ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോഴ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടിനെതിരെ കണ്ണടക്കാന്‍ യുവമോര്ച്ചക്കാവില്ലെന്നും ഇതിനെതിരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഒരുകൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇതെ തുടര്‍ന്ന് രജിസ്ട്രാര്‍ യുവമോര്‍ച്ച നേതാക്കളുമായി ചര്‍ച്ച നടത്തി. ിയമന നടപടികളുമായി സര്‍വകലാശാല മുന്നോട്ടുപോകില്ലെന്ന് രജിസ്ട്രാര്‍ യുവമോര്‍ച്ച നേതാക്കള്‍ക്ക് ഉറപ്പ് നല്കി. സമരത്തെ തുടര്‍ന്ന് രജിസ്ട്രാറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്റര്വ്യബ ബോര്‍ഡ് നടത്തിയ തിരുമറികള്‍ തെളിവുകള്‍ നിരത്തി നേതാക്കള്‍ രജിസ്ട്രാര്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ക്കാരെ മാത്രം സംരക്ഷിക്കുന്ന സിന്‍ഡിക്കേറ്റ് നിലപാടിന് സര്‍വകലാശാല അധികൃതര്‍ ഒത്താശ ചെയ്താല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി
ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തരത്തിലാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നത്. മുസ്ലീം ലീഗ് സര്‍വകലാശാലയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അസിസ്റ്റന്റ് നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥിയോട് കൈക്കൂലി ആവശ്യപ്പെട്ടത് ലീഗ് നേതാക്കളായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിട്ടിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുതിയ നിയമന വിജ്ഞാപനം സര്‍വകലാശാല പുറത്തിറക്കി. പിഎസ്സിക്ക് നിയമനങ്ങള്‍ വിട്ട സാഹചര്യത്തില്‍ ഇത് അനധികൃതമാണ്. പക്ഷേ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ തങ്ങള്‍ അധികാരമുണ്ടെന്നാണ് കലാശാല അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും ലീഗ് പ്രവര്‍ത്തകരെ തിരുകികയറ്റാനുള്ള രഹസ്യ അജണ്ടയാണ് ഇതിന്റെ പിന്നിലെന്നും യുവമോര്‍ച്ച ആരോപിച്ചു.
ഇതിന് മുമ്പും സര്‍വകലാശാലക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളെ ശക്തമായ സമരത്തിലൂടെ നേരിട്ടത് യുവമോര്ച്ചയായിരുന്നു.സര്‍വകലാശാലയുടെ ഭൂമി തേഞ്ഞിപ്പലം പഞ്ചായത്തിന് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ വിട്ടുനല്‍കാന്‍ ശ്രമം നടന്നിരുന്നു. യുവമോര്‍ച്ചയുടെ സമരത്തെ തുടര്‍ന്നാണ് ആ നീക്കം അവസാനിപ്പിച്ചത്.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.വിബിന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, മേഖല സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രേംജിത്ത്, പാലക്കാട് ജില്ലാ പ്രസിഡന്റ് രാജീവ് മാസ്റ്റര്‍, ശിതു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: