കുറുപ്പന്തറ: രണ്ടരപ്പതിറ്റാണ്ടായി നെല്‍കൃഷി ഉപേക്ഷിച്ച പാടശേഖരത്തില്‍ നെല്‍ക്കതിര്‍ വിളയിക്കുവാന്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ കൈകോര്‍ക്കുന്നു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന 60 ഏക്കര്‍ പാടമാണ് കൃഷിക്കായി ഇവര്‍ ഒരുക്കുന്നത്. ഇവിടെയുള്ള കര്‍ഷകര്‍ ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് നെല്‍കൃഷിയെ അകറ്റി പാടശേഖരങ്ങളില്‍ പച്ചക്കറിയും എണ്ണപ്പനയുമടക്കമുള്ള കൃഷികള്‍ ചെയ്തു തുടങ്ങിയിരുന്നു. ഇതിനായി ആറടി ഉയരമുള്ള കൂനകള്‍ നിലങ്ങളില്‍ ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനവും എംവിഐപി കനാലിലൂടെ ക്രമാതീതമായി ഒഴുകിയെത്തുന്ന വെള്ളവും കൃഷികളെ ദോഷകരമായി ബാധിച്ചു. ഇത് മൂലം കൃഷിനാശം സംഭവിക്കുകയും കര്‍ഷകര്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരായി മാറുകയും ചെയ്തു. തുടര്‍ന്ന് നിലങ്ങളില്‍ കൃഷിയൊന്നും ചെയ്യാതെ ഇരിക്കുകയും ഇവിടെ പൊന്തക്കാടുകള്‍ പടര്‍ന്ന് പിടിച്ചു തുടങ്ങിയിരുന്നു. കൃഷി സംസ്‌കാരത്തെ സംരക്ഷിക്കുവാന്‍ പഞ്ചായത്ത് തരിശ് രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ അയല്‍സഭകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നിലമൊരുക്കുവാന്‍ തയ്യാറാവുകയായിരുന്നു. ആദ്യഘട്ടത്തില്‍ കൂനകള്‍ ഇടിച്ചുനിരത്തി ഉഴുന്ന്, എള്ള്, മുതിര എന്നിവ കൃഷി ചെയ്തു. തുടര്‍ന്ന് ജൈവ നെല്ല് കൃഷി ആരംഭിക്കും. ഇതിനായി പണികള്‍ തുടങ്ങി. മേരി സെബാസ്റ്റിയന്‍, മഞ്ജു അജിത്ത്, ബിജു മറ്റപ്പള്ളി, ബിനോയി ഇമ്മാനുവേല്‍, ജീന ഗര്‍വ്വാസീസ്, സി.ജെ.തങ്കച്ചന്‍, കൃഷി ഓഫീസര്‍ ജാന്‍സി കോശി എന്നിവര്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായി രംഗത്തിറങ്ങി.
















