ചെങ്ങന്നൂര്‍: വേദന കടിച്ചമര്‍ത്തിയാണ് പെണ്ണുക്കര കുളഞ്ഞയ്യത്ത് നിഖില്‍ കഴിഞ്ഞ ദിവസം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വിരലില്‍ ഇട്ടിരുന്ന സ്റ്റീല്‍ മോതിരം ഇറുകി നീരു വന്ന് വീര്‍ത്ത കൈയുമായി ഒരുവിധം പരീക്ഷ എഴുതി തീര്‍ത്തു. ഹാളിനു പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനും അമ്മയ്‌ക്കും ഒപ്പം നേരെ ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് പോയി. നിമിഷ നേരം കൊണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മോതിരം വിദഗ്‌ദ്ധമായി മുറിച്ച് മാറ്റി. മണിക്കൂറുകളായി വേദന തിന്നുകയായിരുന്ന ് നിഖിലിന് അപ്പോഴാണ ആശ്വാസമായത്. അങ്ങാടിക്കല്‍ തെക്ക് ഗവ:സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നിഖില്‍. ചെറുവിരലില്‍ ഇട്ടിരുന്ന മോതിരം പഠിക്കുന്നതിനിടെ ഓര്‍ക്കാതെ മോതിരവിരലില്‍ തിരുകികയറ്റി. പിറ്റേ ദിവസമായപ്പോഴേക്കും വേദന കടുത്തു.
സ്‌ക്രൂഡ്രൈവര്‍, അരം, കത്തി എന്നിവ ഉപയോഗിച്ച് മോതിരം അറുത്ത് മാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. വിരല്‍ നീരു വന്ന് വീര്‍ക്കുകയും ചെയ്തു. വേദനിച്ചാണ് എഴുതിയതെങ്കിലും പരീക്ഷ വലച്ചില്ലെന്ന് നിഖില്‍ പറഞ്ഞു.
















