ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ശക്തി വിളിച്ചോതി സുനാമി മോക് ഡ്രില്‍. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റന്‍ പൊലീസ് സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ-റവന്യൂ-ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ്-ഫിഷറീസ് വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് ചിട്ടയായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വ്യോമസേനയുടെ ഹെലികോപ്ടര്‍ വഴിയുള്ള ഭക്ഷണവിതരണത്തിനും ആലപ്പുഴ ബീച്ചും പരിസരവും സാക്ഷ്യം വഹിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 12.34ന് കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഭൂകമ്പ അറിയിപ്പ് ലഭിച്ചതോടെയാണ് മോക് ഡ്രില്‍ ആരംഭിച്ചത്. തുടര്‍ന്ന് എല്ലാ വകുപ്പുകള്‍ക്കും സജ്ജരായിരിക്കാനുള്ള നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ആറു താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു.
സുനാമി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസിസ്റ്റന്റ് കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന ദേശീയ ദുരന്തനിവാരണ സേനാ സംഘം ആലപ്പുഴ ബീച്ചിലെത്തിയിരുന്നു.
3.30 ന് സുനാമി തീരത്തണഞ്ഞതായും 2.5 മീറ്റര്‍ വരെ തിര ഉയര്‍ന്നതായും അറിയിപ്പ് ലഭിച്ചു. അപ്പോഴേക്കും ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ഒഴിപ്പിച്ചവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നാലുമണിയോടെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് (ഐറ്റിബിപി) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. 4.55 ന് വ്യോമസേനാ ഹെലികോപ്ടര്‍ ഭക്ഷണപ്പൊതി റിക്രിയേഷന്‍ മൈതാനത്ത് ഇട്ടുകൊടുത്തു. 5.12 ഓടെ മോക് ഡ്രില്‍ അവസാനിച്ചു.
















