കല്പറ്റ:നെല്‍വയല്‍ നികത്തുന്നതിനു വയനാട് കലക്ടറേറ്റില്‍ ലഭിച്ച ആറായിരത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ഡപ്യൂട്ടി കലക്ടറുടെ(എല്‍.ആര്) നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെ പിരിച്ചുവിടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 2008നു മുന്‍പ് നികത്തിയതും ഇപ്പോള്‍ നികത്തുന്നതുമായ നെല്‍വയലുകള്‍ കരയാക്കി അംഗീകാരം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനു ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചത്. ഇത് അഴിമതിക്ക് ഇടയാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണ്. വന്‍തോതില്‍ വയല്‍ നികത്തുന്നത് ജില്ലയില്‍ പാരിസ്ഥിതികത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. കൃഷി നടത്താന്‍ കഴിയാതാകും. കുടിവെള്ളം കിട്ടാതാകും. വയലിന്റെ വിലയുടെ 20 ഇരട്ടിയിലധികമാണ് കരഭൂമിയുടെ വില. ജില്ലയില്‍ ആയിരക്കണക്കിനു ഏക്കര്‍ നെല്‍വയല്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കരയാക്കി മാറ്റി കോടിക്കണക്കിനു രൂപയുടെ ലാഭം കൊയ്യാന്‍ ഭൂ മാഫിയ രംഗത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട ഭവനനിര്‍മാണങ്ങള്‍ക്ക് കരഭൂമിയില്ലാത്ത ആദിവാസികളടക്കം ദുര്‍ബല, പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുമാത്രമേ അഞ്ച് സെന്റില്‍ കവിയാതെ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാവൂ-സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: