ചെട്ടികുളങ്ങര: കാര്‍ഷിക ഗ്രാമമായ ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ചയായ ഭരണിചന്ത ഇന്നാരംഭിക്കും. കര്‍ഷകര്‍ മണ്ണിനെ പൊന്നാക്കി വിളയിപ്പിച്ച കാര്‍ഷികവിളകള്‍, ഗൃഹോപകരണങ്ങള്‍, കരകൗശലവസ്തുക്കള്‍, തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാകുമെന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്നതാണ് ഭരണി ചന്ത. നടീല്‍ വസ്തുക്കളുടെ വലിയ ശേഖരമാണ് ഭരണിചന്തയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നത്. വിദൂരദേശങ്ങളില്‍ നിന്നും പോലും നടീല്‍ വസ്തുക്കല്‍ വാങ്ങാന്‍ കര്‍ഷകര്‍ ഭരണി ചന്തയില്‍ എത്തുന്നു. ചേന, കാച്ചില്‍, ഇഞ്ചി, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ക്ഷങ്ങളാണ് പ്രധാനമായും വിറ്റു പോകുന്നത്.
കാര്‍ഷിക വിളകള്‍ക്കൊപ്പം കര്‍ഷിക ഉപകരണങ്ങളുടെയും വലിയ ശേഖരം ഇവിടെയുണ്ട്. മേല്‍ത്തരം മണ്‍വെട്ടി, തൂമ്പ, പിക്കാസ്, കോടാലി ഇവ ഉറപ്പിക്കുന്നതിനുള്ള അലകു പിടികളും ഇവിടെ ലഭിക്കുന്നു. ഇതോടൊപ്പം വീട്ടുപകരണങ്ങളും സമീപ കാലത്തായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ വിവിധയിനം അച്ചാറുകളും കറിക്കൂട്ടുകളും ഇവിടെ ലഭിക്കുന്നു.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മൂന്നുദിവസത്തെ ഭരണി ചന്ത നടത്തുന്നത്. കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, കുടുംബശ്രീയുണിറ്റുകള്‍ എന്നിവരാണ് വിപണമേളയില്‍ പങ്കെടുക്കുന്നത്.
















