ആലപ്പുഴ: വോട്ടര്‍ക്ക് തല്‍സമയം തന്നെ വോട്ട് ആര്‍ക്കു ചെയ്‌തെന്നു പരിശോധിക്കാന്‍ സംവിധാനമുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വിവിപിഎറ്റി) യന്ത്രങ്ങളുടെ പരിശോധന സിവില്‍ സ്‌റ്റേഷനില്‍ ആരംഭിച്ചു. ജില്ലയില്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ 153 ബൂത്തുകളിലാണ് വിവി പാറ്റ് സംവിധാനമുള്ള വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നത്.
ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യുമ്പോള്‍ തന്നെ തൊട്ടടുത്തുള്ള മെഷീനില്‍ ആര്‍ക്ക് വോട്ടുചെയ്തു എന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് വ്യക്തമായി തെളിയും. ഈ സ്ലിപ്പില്‍ വോട്ടുചെയ്ത സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍, പേര്, ചിഹ്നം എന്നിവ തെളിഞ്ഞുകാണാം. നിശ്ചിത സെക്കന്റ് കഴിഞ്ഞാല്‍ സ്ലിപ്പ് പ്രിന്ററിന് താഴെത്തന്നെയുള്ള സ്ഥലത്ത് ശേഖരിക്കപ്പെടും. വോട്ടര്‍ക്ക് ആര്‍ക്ക് വോട്ടുചെയ്തു എന്നു വ്യക്തമാക്കുന്ന സ്ലിപ്പ് കാണാമെങ്കിലും പ്രിന്റ് ഔട്ട് നേരിട്ട് കൈയില്‍ ലഭിക്കില്ല. വി.വി. പാറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ചു.
190 മെഷീനുകള്‍ ഇതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകുമെന്ന് വിവി പാറ്റ് യന്ത്രങ്ങളുടെ നോഡല്‍ ഓഫീസര്‍ പറഞ്ഞു. ഇന്ത്യന്‍ ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച യന്ത്രം ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് 2011ല്‍ ആണ്.
2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എട്ട് മണ്ഡലങ്ങളില്‍ വി.വി. പാറ്റ് ഉപയോഗിച്ചു. ബാലറ്റ് യൂണിറ്റിനും കണ്‍ട്രോള്‍ യൂണിറ്റിനും ഒപ്പം സ്ലിപ്പ് പ്രിന്റ് ചെയ്ത് കാണിക്കുന്ന യന്ത്രം കൂടി ഘടിപ്പിക്കുന്നതാണ് പുതിയ സംവിധാനം.
















