കൊല്ലം: അഖില കേരള പുരാണപാരായണ കലാസംഘടനയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രവര്‍ത്തക സമ്മേളനം 12ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് മകം തിരുനാള്‍ കേരളവര്‍മ്മ മഹാരാജാവ് ദീപം തെളിയിക്കും. കൊല്ലം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രസിഡന്റ് വാക്കനാട് രധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം എംപി എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വഹിക്കും.എസ്.സുനില്‍ദത്ത് ആമുഖവും ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കൊല്ലം പണിക്കര്‍ മുഖ്യപ്രഭാഷണവും നടത്തും. ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍, കെ.ഗോപിനാഥ്, പേരൂര്‍ അപ്പുക്കുട്ടന്‍പിള്ള, ഏരൂര്‍ രാജന്‍സ്വാമി, കലാമണ്ഡലം രാജീവ്, കൊട്ടാരക്കര ഭദ്ര, അഡ്വ.കെ.പി.സജിനാഥ്, പുനലൂര്‍ രാജ, അംബിക സുകുമാരന്‍ എന്നിവര്‍ സംസാരിക്കും. ജനറല്‍ സെക്രട്ടറി കാക്കക്കോട്ടൂര്‍ മുരളി നന്ദിയും പറയും.
















