കൊല്ലം: ടിന്‍ ഷീറ്റ് പാകിയ അന്താരാഷ്‌ട്ര സ്‌കൂളിനെതിരെ രക്ഷകര്‍ത്താക്കള്‍. കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന കിംസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദി കിംസ് സ്‌കൂള്‍ പേരന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് രംഗത്ത് വന്നിരിക്കുന്നത്. വന്‍തുക യു.കെ.ജി മുതല്‍ പ്ലസ്ടൂ വരെയുള്ള കുട്ടികളില്‍ നിന്നും ഈടാക്കുന്നുണ്ട്. പുതിയ കെട്ടിടനിര്‍മാണത്തിനായും മാസങ്ങള്‍ക്ക് മുമ്പ് ഫണ്ട് വാങ്ങി. ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ളതാണ് സ്ഥാപനമെന്നാണ് മാനേജ്‌മെന്റ് അവകാശ വാദം.
നേരത്തെ ഉമയനല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസസ്ഥാപനം ഇപ്പോള്‍ കൊട്ടിയത്താണ് പ്രവര്‍ത്തിക്കുന്നത്. നാട്ടില്‍ മുഴുവന്‍ തെരുവുനായ്‌ക്കള്‍ വിഹരിക്കുന്ന സാഹചര്യമായിട്ടും ഒമ്പതേക്കറുള്ള കോമ്പൗണ്ടില്‍ ചുറ്റുമതില്‍ പോലുമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ബസില്‍ മുതിര്‍ന്ന കുട്ടികളെയും പ്ലേസ്‌കൂള്‍ കുട്ടികളെയും കുത്തി നിറച്ചാണ് കൊണ്ടു വരുന്നത്.
ഫീസടയ്‌ക്കാന്‍ ഒരു ദിവസത്തെ വ്യത്യാസം വന്നാല്‍ പ്പോലും രണ്ടായിരം രൂപവരെ പിഴ ചുമത്തുന്നയാണ് രീതി. സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ സംശയങ്ങള്‍ മാനേജ്‌മെന്റ് മുഖവിലയ്‌ക്കെടുക്കുന്നില്ല. ടിന്‍ ഷീറ്റ് പാകിയ ഗള്‍ഫ് ലേബര്‍ ക്യാമ്പിന് സമാനമായ സ്‌കൂള്‍ കെട്ടിടത്തില്‍ നാനൂറില്‍ പരം കുരുന്നുകളാണ് ദുരിതം അനുഭവിക്കുന്നത്. ഇതില്‍ പലര്‍ക്കും ന്യൂമോണിയ, ആസ്മ. ആലര്‍ജി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും രക്ഷകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്‌കൂളിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികളായ സാജന്‍, നിക്‌സന്‍, ശ്രീതി സുജയ്, റിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
















