വൈക്കം: കായലോര ബീച്ചിനുസമീപത്തെ ഫിഷര്‍മെന്‍ കോളനിയില്‍ താമസിക്കുന്ന അമ്പതോളം കുടുംബങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തി മലിനജലം കെട്ടിക്കിടക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില ഓടകളിലെ ഒഴുകിയെത്തുന്ന മലിനജലമാണ് കോളനിക്ക് സമീപം കെട്ടിക്കിടക്കുന്നത്.
കായലോരം നികത്തി നഗരസഭ ബീച്ച് നിര്‍മിച്ചപ്പോള്‍ കോളനിയില്‍ നിന്ന് കായലിലേക്കുള്ള ഓടകള്‍ മൂടപ്പെട്ടതാണ് മാലിന്യങ്ങള്‍ കോളനി പരിസരത്ത് കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. മലിനീകരണം വര്‍ദ്ധിച്ചതോടെ കോളനിയില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ നിത്യരോഗികളായി മാറുന്നതായാണ് പരാതി. 2005ല്‍ ദേശീയ ജലപാത ആഴം കൂട്ടുന്നതിനായി ഡ്രഡ്ജ് ചെയ്ത മണ്ണുപയോഗിച്ചാണ് 6.80 ഏക്കര്‍ കാലയല്‍ നികത്തി നഗരസഭ ബീച്ച് നിര്‍മിച്ചത്. കായല്‍ നികത്തുമ്പോള്‍ കോളനിയില്‍ വെള്ളക്കെട്ട് ഉണ്ടാകാതെ കോണ്‍ക്രീറ്റ് ഓടകള്‍ നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഓടകള്‍ നിര്‍മിക്കുന്നതിന് 13ലക്ഷം രൂപ അനുവദിച്ചെങ്കിലും നിര്‍മാണപ്രവൃത്തികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മുടങ്ങി. ഓടകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ കായലില്‍ വെള്ളം കൂടുകയോ മഴപെയ്യുകയോ ചെയ്താല്‍ വീട്ടുപരിസരങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറയും. ബീച്ചിനുസമീപത്തെ കായലോരം കാടുകയറിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവ താവളമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേര്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ചെയ്തു. വീടിനുള്ളിലേക്ക് പാമ്പുകള്‍ കയറി വരുന്നതിനാല്‍ ഇവിടത്തെ കുടുംബങ്ങള്‍ കുട്ടികളുമായി ഭീതിയോടെയാണ് കഴിയുന്നത്. ബീച്ചില്‍ 98 ലക്ഷം രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി പൂര്‍ത്തിയായിരുന്നെങ്കില്‍ ഫിഷര്‍മെന്‍ കോളനിയിലെ മലിനീകരണ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകുമായിരുന്നു. മലിനീകരണമൊഴിവാക്കാന് ഓടകള്‍ നിര്‍മിക്കുന്നതിനും വള്ളം അടുപ്പിക്കാന്‍ കായല്‍ക്കരയില്‍ വള്ളക്കടവ് തീര്‍ക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോളനിനിവാസികള്‍ ആവശ്യപ്പെട്ടു.
















