കല്‍പ്പറ്റ : ലൈസന്‍സില്ലാതെ നായ്ക്കളെ വളര്‍ത്തുവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. പേവിഷ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും മൂന്നാഴ്ച്ചക്കകം പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നല്‍കും. അതത് പഞ്ചായത്ത് സമിതി തീരുമാനിക്കുന്ന സ്ഥലത്തായിരിക്കും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കുത്തിവെപ്പ് ക്യാമ്പ് നടത്തുക. സ്ഥലം വെറ്ററിനറി സര്ജന് സര്‍ട്ടിഫിക്കറ്റ് നല്‍കും. മാര്‍ച്ച് 31 നകം പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് കൈപ്പറ്റണം. എന്തെങ്കിലും രോഗ ലക്ഷണമുള്ളതോ, ആരോഗ്യക്കുറവുള്ളതോ ആയ നായകളെ ക്യാമ്പില്‍ കൊണ്ടുവരാന്‍ പാടില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഏറ്റവും ഭീതിജനകമായ രോഗമാണ് പേവിഷബാധ. ഉഷ്ണ രക്തമുള്ള എല്ലാ മൃഗങ്ങളെയും ബാധിക്കുന്ന വൈറസ് രോഗമാണിത്. ഇന്ത്യയിലെ 90 ശതമാനം പേവിഷ ബാധ കേസുകളും നായയുടെ കടി മൂലമാണ്. കടിയേറ്റു കഴിഞ്ഞാല്‍ മൂന്ന് ആഴ്ചമുതല്‍ മൂന്ന് മാസം വരെ രോഗ ലക്ഷണങ്ങള്‍ കാണാതിരിക്കും. രോഗ ലക്ഷണം കാണിച്ചാല്‍ മരണം സുനിശ്ചിതമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 20847 പേര് പേവിഷബാധ മൂലം മരണപ്പെട്ടു. മറ്റു വളര്‍ത്തു മൃഗങ്ങളെയും പേപ്പട്ടി കടിക്കാറുണ്ട്. കൃത്യമായ ഇടവേളകളില്‍ വളര്‍ത്തുനായകളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും തെരുവ് നായകളെ നിയന്ത്രിക്കുകയുമാണ് പ്രതിരോധ മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: