പത്തനംതിട്ട: പുതുതായി ആരംഭിക്കുന്ന കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍വഹിച്ചു. ചിറ്റാര്‍, കൊടുമുടി ഗിരിവര്‍ഗ കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. ശിവസുതന്‍ ലോഗോ നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ മലയോര മേഖലയിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് എസ്. ഹരികിഷോര്‍ പറഞ്ഞു. ശബരിമലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ കോളേജ് മുന്‍കൈ എടുക്കണം. ജില്ലാ ഭരണകൂടം മുന്‍കൈ എടുത്ത് ആരംഭിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ക്ക് കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നിരവധി തീര്‍ത്ഥാടകരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചു. അടുത്ത സീസണില്‍ മെഡിക്കല്‍ കോളേജിന്റെയും പങ്കാളിത്തം കൂടി ഉണ്ടാകുന്നതോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രേസി ഇത്താക്ക്, കോന്നി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. സജിത് കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എ. റഹീം, ചിറ്റാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എബി സുഷന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: