അങ്ങാടിപ്പുറം: ആയിരക്കണക്കിന് വഴിയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും കാലങ്ങളായി തണലേകിയിരുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡോരങ്ങളില്‍ മാലപറമ്പിലും സമീപ പ്രദേശങ്ങളിലെയും തണല്‍ മരങ്ങള്‍ മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും പരിസ്ഥതി പ്രവര്‍ത്തകരും രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം മാലപറമ്പ് എംഇഎസ് മെഡിക്കല്‍ കോളേജിനടുത്തുള്ള ആല്‍മരം വെട്ടിനീക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. തന്റെ കച്ചവട സ്ഥാപനത്തിലേക്ക് ചാഞ്ഞു നില്‍ക്കുകയാണെന്ന കാരണം പറഞ്ഞ് സ്വകാര്യ വ്യക്തിയാണ് മരം മുറിക്കാന്‍ ശ്രമിച്ചത്. മരത്തിന്റെ ഏതാനും കൊമ്പുകള്‍ മാത്രം മുറിക്കാനായിരുന്നു അധികൃതര്‍ അനുമതി നല്‍കിയിരുന്നത്. ഇതിന്റെ മറവിലാണ് മരം തന്നെ മുറിച്ചു മാറ്റാന്‍ ശ്രമിച്ചത്. ഇന്നലെ മാലപറമ്പ് പാലചോടില് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്‍ ചീനിമരം മുറിച്ചു നീക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. കൊടും വേനലില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത് ചൂട് കൂടാനും ആളുകള്‍ക്ക് സൂര്യതാപ മേല്ക്കാനും കാരണമാകുന്നു. മരങ്ങള്‍ മുറിച്ചു മാറ്റാതെയിരിക്കാന് കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: