ചങ്ങനാശേരി: സുരേഷ് ഗോപിയെ അവഹേളിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചങ്ങനാശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാരാര്‍ജി ഭവനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി. സുരേന്ദ്രനാഥ്, കണ്‍വീനര്‍ എം.എസ്. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രകടനം ഡിവൈഎസ്പി ശ്രീകുമാര്‍, സിഐ നിഷാദ്‌മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിക്കുകയും സുകുമാരന്‍ നായരുടെ കോലം കത്തിക്കുകയും ചെയ്തു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. സോണി ജേക്കബ്, സെക്രട്ടറി രാധാകൃഷ്ണന്‍ തേവള്ളി, എം.പി. രവി, ഉണ്ണിക്കൃഷ്ണപിള്ള, മഞ്ജിഷ്, തങ്കച്ചന്‍ വെണ്ണാലി, എം.കെ. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















