ബത്തേരി: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മീനങ്ങാടി കൊളഗപ്പാറ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് മാര്‍ച്ച് ഏഴാം തിയ്യതി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലുള്ള വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രക്തപരിശോധന ഫലം പുറത്ത് വന്നത്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ മാസം നാലിനാണ് ജില്ലയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്ന് സ്വദേശിയായ കര്ഷകന്, നൂല്‍പ്പുഴ കരിപ്പൂര്‍ കാട്ടുനായ്ക്കകോളനിയിലെ യുവതി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിലുള്ള രണ്ട് വീട്ടമ്മമാര്‍ ഒരു കര്ഷകന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുരങ്ങുപനിയുടെ കാഠിന്യം ജില്ലയില്‍ വളരെ കുറവാണെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി നാലിനാണ് രോഗം വയനാട്ടില്‍ സ്ഥിരീകരിച്ചതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരി നാലിനാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. 2015 ജനുവരി മുതല്‍ മാര്‍ച്ച് വരെ നൂറിലധികം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. രക്തസാമ്പിള്‍ പരിശോധനയില്‍ അമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ അഞ്ച് പേര് മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതുവരെ ആറ് പേര്‍ക്ക് മാത്രമാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാല് പേരും കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ താമസിക്കുന്നവരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തിയതിനാല്‍ രോഗം പടരുന്നത് തുടക്കത്തില്‍ തന്നെ തടയാന്‍ സാധിച്ചു. കഴിഞ്ഞ മാസം പതിനൊന്നിന് കുരങ്ങുപനിയെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനുമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴ യൂണിറ്റില്‍ നിന്നെത്തിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇത്തവണ കുരങ്ങുപനി കൂടുതല്‍ പേര്‍ക്ക് പടരാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് വേനലിന്റെ കാഠിന്യം കൂടമ്പോഴും കുരങ്ങുപനി ജില്ലയില്‍ നിയന്ത്രണ വിധേയമായി തുടരുന്നത്. വാക്സിനേഷന്, കുരങ്ങു ചത്ത പ്രദേശങ്ങളില്‍ മലാത്തിയോണ്‍ പൊടി വിതറല്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പനി സര്‍വ്വേ, സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ എന്നിവയാണ് നടത്തി വരുന്നത്. ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം കുരങ്ങുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. മുള്ളന്‍കൊല്ലി, ചെതലയം, തിരുനെല്ലി, കല്‍പ്പറ്റ, കോളിയാടി, വാഴവറ്റ എന്നിവടങ്ങളിലാണ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഇരുനൂറിലധികം പേര് രോഗലക്ഷണവുമായി ചികിത്സ തേടിയതില്‍ നൂറ്റി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പതിനൊന്ന് പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: