പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2013-14 സാമ്പത്തിക വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ പരിശോധിച്ചതില്‍ വന്‍ അപാകതകള്‍ കണ്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട്. പഞ്ചായത്തിന് വരുമാന നഷ്ടം ഉണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൊഴില്‍ നികുതി പിരിവിലെ അപാകത. ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിലെ അപാകതകള്‍. കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിലെ അപാകത. മാസനിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നല്കിയ സ്കോളര്‍ഷിപ്പ്, ഇഎംഎസ് ഭവന പദ്ധതി, കറവമാടുവളര്ത്തല് പദ്ധതി, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടികളില്ലാത്തത്. എംഎന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണം. ആശ്രയ പദ്ധതി നിര്‍വ്വഹണം. തുടങ്ങി പഞ്ചായത്തില്‍ നടപ്പാക്കിയ മിക്ക പദ്ധതികളിലും അപാകതകളുള്ളതായും പഞ്ചായത്തിന് വരുമാനനഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ രവീന്ദ്രവര്മ്മഅംബാനിലയത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
2007-08,2008-09 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി 396564 രൂപാ ചിലവഴിച്ച് നിര്‍മ്മിച്ച വൃദ്ധസദനം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല, പഞ്ചായത്തീരാജ് ചട്ടം മൂന്നാം പട്ടികപ്രകാരം അല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്ത് രാജ് ചട്ടം മൂന്നാം പട്ടികപ്രകാരം ഗ്രാമപഞ്ചായത്തിന്റെ മേഖലാ ചുമതലയില്‍ വൃദ്ധസദന നിര്‍മ്മാണവും പരിപാലനവും ഉള്‍പ്പെടുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തിന് നടപ്പാക്കാന്‍ ചട്ടപ്രകാരം അനുമതിയുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത് ക്രമപ്രകാരമല്ല. മാത്രമല്ല വൃദ്ധസദനത്തിനായി കണ്ടെത്തിയ സ്ഥലം ചെങ്കുത്തായ കയറ്റമുള്ള സ്ഥലമാണ്. വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാത്തതും പദ്ധതിയെ നിര്‍ജ്ജീവമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-12 വര്‍ഷം എസ്എസ്എ ഫണ്ടുഉപയോഗിച്ച് 274093 രൂപാ ചിലവഴിച്ച ക്ലാസുമുറിയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അതുകൊണ്ടുതന്നെ ഉപയോഗശൂന്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ആസ്തിയായ ഭൂമി സംബന്ധിച്ച് ആസ്തി രജിസ്റ്ററിലെ വിവരങ്ങള്ക്ക്യാതൊരു കൃത്യതയുമില്ല. ഗ്രാമപഞ്ചായത്തിന്റെ ഭൂമിയുടെ ആധാരങ്ങള്‍ പലതും ഗ്രാമപഞ്ചായത്തില്‍ ലഭ്യവുമല്ല. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം , മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലെ പ്രധാനഭാഗം വില്ലേജ് റിക്കാര്‍ഡുകളില്‍ സ്വകാര്യ വ്യക്തികളുടെ പേരിലാണ്.2014 ജൂലൈ 18ന് 310/2014 നമ്പരായി ഓമല്ലൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും ആസ്തി രജിസ്റ്ററിലെ ഭൂമിയുടെ ക്രിതൃത സംബന്ധിച്ച് ലഭിച്ച മറുപടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓമല്ലൂര്‍ മത്സ്യമാര്‍ക്കറ്റിനടുത്തുള്ള 196/196/2 ല്‍ പെട്ട യഥാക്രമം 11.10 ആര് , 9.95 ആര് ഭൂമി ഗ്രാമപഞ്ചായത്തിന് വാങ്ങാന്‍ 1995 മാര്‍ച്ച് 9ന് അനുമതി ലഭിക്കുകയും ഒരു ആര് ന് അയ്യായിരം രൂപാവില നല്കി ആധാരം ചമച്ചതുമാണ്. എന്നാല്‍ ഈഭൂമി 19 വര്‍ഷമായിട്ടും ഗ്രാമപഞ്ചായത്ത് സ്വന്തം പേരില്‍ കൂട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്സിഡി മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാച്ചിംഗ് ഗ്രാന്റ് വിതരണം ചെയ്തതും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലെ ആറോളം മൊബൈല്‍ ടവറുകളില്‍ നിന്നും മോട്ടോര്‍ ഫീസ് ഈടാക്കുന്നില്ലെന്നും മൊബൈല്‍ ടവറുകളുടെ വസ്തു നികുതി പുതിയ നിരക്കില്‍ ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ നിരവധി അപാകതകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: