വെങ്ങപ്പള്ളി : വെങ്ങപ്പള്ളി പുതുക്കുടികുന്നില് പഞ്ചായത്ത് ഉത്തരവ് ലംഘിച്ച് സിപിഐഎം നേതാവ് അനധികൃത പന്നിഫാം നടത്തുന്നതായി പരാതി. വയനാട് ജില്ലയിലെ തന്നെ അതിപുരാതനമായ കരിയത്തന് കാവിനും ക്ഷേത്രത്തിനും അടുത്താണ് പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പന്നിഫാം നടത്തുന്നത്. പഞ്ചായത്തിന്റെയോ പോല്യുഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെയോ അനുമതിയില്ലാതെ സിപിഐഎം നേതാവ് നടത്തുന്ന ഫാം ഉടന്‍ അടച്ചു പൂട്ടണമെന്ന് കരിയത്തന്‍കാവ് ദേവസ്ഥാനം സെക്രട്ടറി കെ.പി. മോഹനന് ആവശ്യപ്പെട്ടു.
നാട്ടുകാരുടെയും വിശ്വാസികളുടെയും പരാതിയെതുടര്‍ന്ന് പന്നിഫാം അടച്ചുപൂട്ടണമെന്ന് സിപിഎം നേതാവു കൂടിയായ ആന്റണി മേനച്ചേരിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ വഴി നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദേശവും ഉത്തരവും ലംഘിച്ചാണ് പന്നി ഫാം പ്രവര്‍ത്തനം തുടരുന്നത്. ഇത് സിപിഎം ഭരണസമിതിയുടെ പിന്തുണയോടെയാണ് നടക്കുന്നത്. നേരത്തെ ക്ഷേത്രപരിസരത്ത് അനധികൃത പന്നിഫാം നടത്തുന്നതായി പരാതിപ്പെട്ട് കരിയാത്തന്‍കാവ് ഭരണസമിതി മുഖ്യമന്ത്രി ദേവസ്വം മന്ത്രി ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നാംഗ സമിതി അന്വേഷണം നടത്തി ഫാം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. നിയമം ലംഘിച്ച് വീണ്ടും പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കരിയാത്തന്‍കാവ് ഭരണസമിതി ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം, മുസ്ലീംലിഗ് നേതാക്കള്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കണം. പിന്നാമ്പുറങ്ങളിലൂടെ ഫാമിന് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും ഇവര്‍ പിന്തിരിയണമെന്നും ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഏകദേശം നൂറോളം പന്നികളാണ് ഫാമിലുള്ളത്. മാലിന്യങ്ങളും തീറ്റക്കായി എത്തിക്കുന്ന മാംസാവശിഷ്ടങ്ങളും ക്ഷേത്രപരിസരവും കുളവും മലിനപ്പെടുത്തുകയാണ്. ജില്ലയില്‍ വരള്‍ച്ച വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ നിലവിലുള്ള കുടിവെള്ളത്തിനും തടസ്സം നേരിടുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: