ആ വ്യക്തികള്‍ ക്യാമ്പസുകളില്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ പര്‍വത പ്രദേശങ്ങളില്‍ അതിര്‍ത്തി കാക്കുന്ന നമ്മുടെ സൈനികരുടെ ത്യാഗം മൂലമാണ് അവര്‍ക്ക് ഈ സ്വാതന്ത്ര്യം അനുഭവിക്കാനാവുന്നത് എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. പ്രാണവായു പോലും കിട്ടാത്ത അത്ര ഉയരമുള്ള തണുത്തുറഞ്ഞ പ്രദേശങ്ങളിലാണ് ആ സൈനികര്‍ നില്‍ക്കുന്നത്. അഫ്സല് ഗുരുവിനും മക്ബൂല്‍ ഭട്ടിനും വേണ്ടി ജയ് വിളിക്കുന്ന, അവരുടെ ചിത്രങ്ങള്‍ ഉള്ള പോസ്റ്റര്‍ ഉയര്‍ത്തി വീശുന്ന, ഇത്തരക്കാര്‍ക്ക്, ആ ധീരസൈനികര്‍ രാജ്യാതിര്‍ത്തി കാക്കുന്ന ആ പര്‍വത പ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ പോലും നില്‍ക്കാനാവില്ല.
ഇത്തരം മുദ്രാവാക്യങ്ങള്‍ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞു, ശവപ്പെട്ടിയില്‍ കിടന്ന് നാട്ടിലേക്ക് തിരിച്ചു വരുന്ന ബലിദാനികളായ സൈനികരുടെ കുടുംബാംഗങ്ങളെ എത്രമാത്രം വേദനിപ്പിക്കുണ്ടാകും’ !
‘രംഗ് ഹരാ ഹരി …………
മേരെ ദേശ് കീ ധര്‍തീ ………..
‘ഇത് ഉപകാര്’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ്.
പ്രശസ്ത ഗാനരചയിതാവ് ഇന്ദീവറിന്റെ ഈരടികള്‍. പല വര്‍ണ്ണങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന പല സ്വഭാവ വിശേഷങ്ങളും മാതൃഭൂമിയോടുള്ള ഭക്തിയും എല്ലാം ഈ ഗാനത്തില്‍ ബിംബവല്‍ക്കരിക്കപ്പെട്ടിരുന്നു. വസന്തകാലത്ത് എന്നും പച്ചപ്പാണ്. വിവിധ നിറങ്ങളില്‍ പുഷ്പങ്ങള്‍ വിടര്‍ന്നുല്ലസിക്കുന്നു. എന്തുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സമാധാനത്തിന്റെ വര്‍ണ്ണരാജികള്‍ അപ്രത്യക്ഷമാകുന്നത്? ദില്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കേന്ദ്ര വിദ്യാലത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും മേല്‍പ്പറഞ്ഞ ചോദ്യത്തിന് മറുപടി പറയേണ്ടതാണ്.
‘പദ്യപാരായണം’ എ കണ്ട്രി വിത്തൗട്ട് എ പോസ്റ്റ് ഓഫീസ് എന്ന പേരില്‍ സര്‍വകലാശാലയില്‍ ഫെബ്രുവരി 9നു ഒരു പരിപാടിക്കു അനുവാദം കൊടുത്തിരുന്നു. സര്‍വ്വകലാശാലയിലെ ശബരിധാബയിലായിരുന്നു പരിപാടി ഉദ്ദേശിച്ചിരുന്നത്. പരിപാടിയെക്കുറിച്ചുള്ള അറിയിപ്പിന്റെ തലക്കെട്ടില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും കാണാതിരുന്നതിനാല്‍ പരിപാടിക്ക് അനുമതി കിട്ടി. എന്നാല്‍ പിന്നീട് ക്യാമ്പസ്സില്‍ പതിക്കപ്പെട്ട പോസ്റ്ററുകള്‍ യഥാര്‍ത്ഥ പരിപാടി എന്തെന്ന് തെളിച്ചു കാട്ടിയപ്പോള്‍ അധികൃതര്‍ നേരത്തെ നല്കിയ അനുമതി നിഷേധിച്ചു. അവര്‍ ആ വിവരം സംഘാടകരെയും സുരക്ഷാ ജീവനക്കാരെയും അറിയിക്കുകയും ചെയ്തു. പിന്നീടു അവിടെ നടന്നതെന്തെന്ന് വസന്ത് കുന്ജ് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉണ്ട്”.
മുകളില്‍ പറഞ്ഞ വാചകങ്ങള്‍ ഏതെങ്കിലും സംഘപരിവാര്‍ നേതാവിന്റേതല്ല. ദില്ലി ഹൈക്കോടതിയിലെ പ്രതിഭാ റാണി എന്ന ന്യായാധിപയുടേതാണ്. ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷന്‍ കനയ്യ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ നിന്നും ഉദ്ധരിച്ചതാണവ.
പദ്യപാരായണമല്ല അവിടെ നടന്നത്, മരിച്ച അഫ്സല് ഗുരു അനുസ്മരണം. അന്നവിടെ മുഴക്കപ്പെട്ട മുദ്രാവാക്ക്യങ്ങള്‍ വിധിയില്പരാമര്ശിക്കപ്പെട്ടിരിക്കുന്നു:
അവ ഇതാ:
അഫ്സല് ഗുരു സിന്ദാബാദ്
ഭാരത് കീ ബര്ബാദീകാ ജന്ഗ് രഹേഗീ ജന്ഗ് രഹേഗീ
(ഭാരതത്തിന്റെ നാശത്തിനായി പൊരുതും)
ഗോ ഇന്ത്യ ഗോ ബാക്ക്
ഭാരത് തെരെ ടുക്ടെ ഹോംഗേ – ഇന്ഷാ അള്ള ഇന്ഷാ അള്ള
(ഭാരതത്തെ തുണ്ടമാക്കും, അത് ദൈവനിശ്ചയം)
അഫ്സല് കെ ഹത്യാ നഹീ സഹെന്ഗെ നഹീ സഹെന്ഗെ
(അഫ്സലിന്റെ കൊല പൊറുക്കില്ല)
ഇത്തരത്തില്‍ നടത്തിയ ഒരു പരിപാടിയെയാണ് ആവിഷ്കാരസ്വാതന്ത്ര്യം എന്ന ഓമനപ്പേരിട്ട് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും കപട ബുദ്ധിജീവികളും അവാര്‍ഡ് വാപസികളും പിന്തുണയ്ക്കുന്നത്. ഒമര്‍ ഖാലിദ് നടത്തിയ പരിപാടിയില്‍ നിന്ന് ഒബ്ജക്ഷനബിള്‍ മുദ്രാവാക്യം ഒഴിവാക്കാന്‍ കനയ്യ ശ്രമിച്ചുവെന്നും അതിനായാണ് അയാള്‍ അവിടെ പോയതെന്നുമാണ് മേല്‍പ്പറഞ്ഞ മഹാന്മാരുടെ വാദം.
പക്ഷെ, പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചപ്പോള്‍ കനയ്യകുമാര്‍ ആ തീരുമാനത്തെ എതിര്‍ത്തു എന്ന് ജെഎന്‍യു രജിസ്ട്രാര്‍ ഭൂപേന്ദ്ര സുത്ഷി പറയുന്നു. വൈസ് ചാന്‍സലര്‍ നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതിക്ക് മുന്‍പാകെ തെളിവ് നല്‍കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഒരു കാര്യം വ്യക്തമായി. ജെഎന്‍യു സംഭവതോടെ രാജ്യത്ത് ഒരു കൃത്യമായ രാഷ്ട്രീയ ധ്രുവീകരണം മറനീക്കി പുറത്തു വന്നിരിക്കുന്നു. ദേശീയ വാദികളായ നേതാക്കളും ചിന്തകരും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്കിയ ധ്രുവീകരണം. ഒരു ഭാഗത്ത് ഹിന്ദുത്വദേശീയ വാദികളും മറുഭാഗത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും കപട ബുദ്ധിജീവികളും അണിനിരക്കുന്ന കാഴ്ച. ഇത് ഭാരത കാലാവസ്ഥയിലെ അനിവാര്യതയാണ്. അതിന്റെ തെളിവാണ് കരണ്‍ താപ്പറിന് സീതാറാം യെച്ചൂരി നല്കിയ അഭിമുഖം എന്ന നിലക്ക് ഫെയ്സ്ബുക്കില്‍ കാണുന്ന വീഡിയോയില്‍ സഖാവ് പറയുന്നത് പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചാല്‍ തെറ്റില്ല എന്നാണ്.
കാരണം ഭാരത-പാക് സൗഹൃദം ലക്ഷ്യമാക്കി ഇരു രാജ്യങ്ങളും മുന്നേറുമ്പോള്‍ ആ രാജ്യത്തിന് നാം സിന്ദാബാദ് വിളിച്ചാല്‍ എന്ത് തെറ്റ് എന്നാണു സഖാവിന്റെ ചോദ്യം. ഇന്ത്യ മൂര്‍ദാബാദ് വിളിച്ചാല്‍ മാത്രമാണ് തെറ്റ് എന്നും സഖാവ് കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ മൂര്‍ദാബാദ് മുദ്രാവാക്യം ജെഎന്‍യുവില്‍ ആരും വിളിച്ചിട്ടില്ല എന്നാണല്ലോ സഖാവിന്റെ വാദം.
അതിനിടെ കനയ്യകുമാര്‍ ബര്‍ഖാ ദത്തിനു നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത് സൈനികരുമായി ഏറ്റുമുട്ടുമ്പോള്‍ മരിക്കുന്ന മാവോയിസ്റ്റുകളുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കണം എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രണ്ടു അഭിമുഖങ്ങള്‍ സത്യമെങ്കില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവു വേണം? അത്തരം ധ്രുവീകരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എവിടെ നില്ക്കുന്നു എന്നറിയാനും എന്തെളുപ്പം !
കോണ്‍ഗ്രസിന്റെ വഴിയും അതുതന്നെ. അതാണല്ലോ രാഹുല്‍ ഗാന്ധിക്ക് ജെഎന്‍യു സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ രണ്ടു പ്രാവശ്യം അവിടെ പോവാന്‍ സമയം കിട്ടിയത്.
ഏത് വിധേനയും നരേന്ദ്രമോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക. എങ്ങനെയും ഹിന്ദുത്വദേശീയ ശക്തികളെ അപകീര്‍ത്തിപ്പെടുത്തിയാണെങ്കില്‍ പോലും ക്ഷീണിപ്പിക്കുക, അതുവഴി, രാജ്യത്തെ കുട്ടിചോറാക്കുക എന്നതുതന്നെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും കപട ബുദ്ധിജീവികളും ചേര്‍ന്ന ആ കപടകൂട്ടുകെട്ടിന്റെ ലക്ഷ്യം. അതിനായി ദേശവ്യാപകമായി ഇത്തരം രാഷ്ട്രദ്രോഹ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് അവരുടെ രാഷ്ട്രീയ ദിനചര്യ.
അധികാരത്തിന്റെ വേലിക്കെട്ടുകളില്‍ നിന്ന് ജനങ്ങള്‍ കിലോമീറ്ററുകള്‍ക്കകലെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസിന് ബിജെപിയോട് പകരം വീട്ടാന്‍ ഇതല്ലാതെ എന്ത് മാര്‍ഗം! ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക്, ഏതാനും എംഎല്‍എമാരെ സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ചെരുപ്പ് തുടക്കാന്‍ വിധിക്കപ്പെടുമ്പോള്‍, വേറെ എന്ത് മാര്‍ഗം ! രാജ്യത്തിന്റെ അഖണ്ഡത അവര്‍ക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ലല്ലോ. മതത്തിന്നപ്പുറം രാഷ്ട്രത്തെ കാണാന്‍ കഴിയാത്ത ഇസ്ലാമിക മൗലികവാദികള്‍ക്കും മധുര മനോഹര മനോജ്ഞ ചൈനയെ സ്വപ്നംകണ്ടു കഴിയുന്ന മാവോയിസ്റ്റുകള്‍ക്കും ഇതില്‍ പുതുമയുമില്ല.
ദേശീയവാദികളെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി സ്വീകരിച്ചേ തീരു. അതവര് ഏറ്റെടുത്തു കഴിഞ്ഞു. അവര്‍ക്ക് ഒരു പത്താന്‍കോട്ട് സമരമുഖമല്ല. അവര്‍ ഇന്ന് നില്‍ക്കുന്നിടത്ത് എത്തിയത് നിരവധി പോരാട്ടങ്ങള്‍ ജയിച്ചു തന്നെയാണ്. അതുകൊണ്ടുതന്നെ ഈ അന്തിമ സമരത്തിലും വിജയം അവര്‍ക്ക് തന്നെ, അതായത് ഈ രാഷ്ട്രത്തിനുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: