തൃക്കരിപ്പൂര്‍: വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍ കൊണ്ട് സജീവമാകും. കാമനെ പ്രീതിപ്പെടുത്തുന്ന പൂരോത്സവത്തിനും അനുഷ്ടാന കലയായ പൂരക്കളി മറത്തുകളിക്കുമായി ദേവസ്ഥാനങ്ങള്‍ ഒരുക്കുന്നതിനായുള്ള തിരക്കിട്ട പ്രവര്‍ത്തികളിലാണ് ക്ഷേത്രം ഭാരവാഹികള്‍.
കാര്‍ത്തിക നാള് തൊട്ട് പൂരം വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് പൂരോത്സവം കൊണ്ടാടി വരുന്നത് (മാര്‍ച്ച് 14 മുതല്‍ 22 വരെ). ഇത് അഞ്ചു ദിവസങ്ങളായി കൊണ്ടാടുന്ന ക്ഷേത്രങ്ങളും നിലവിലുണ്ട്. കാര്‍ത്തികക്ക് ഇനിയും രണ്ടാഴ്ചയോളം ബാക്കിയുണ്ടെങ്കിലും, പൂരവുമായി ബന്ധപ്പെട്ട പൂരക്കളി, പൂരംകുളി തുടങ്ങിയ അനുഷ്ടാനപരമായ കളികളുടെയും, ചടങ്ങുകളുടെയും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പൂരംകുളിക്ക് മുമ്പായാണ് ഓരോ ക്ഷേത്രത്തിലെയും പൂരക്കളി മറത്തുകളി നടന്നു വരുന്നത്. ഇതിന്റെ പ്രാരംഭ നടപടികളെന്ന നിലയില്‍ സംസ്കൃത പണ്ഡിതന്മാരായ പൂരക്കളി പണിക്കന്മാരെ നേരത്തെ നിശ്ചയിച്ച പ്രകാരം അതാത് ക്ഷേത്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചടങ്ങുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഒന്നാം നിറം മുതല്‍ 18 വരെയുള്ള പൂരമാല കഴിക്കുകയെന്ന ചടങ്ങാണ് പൂരക്കളിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടത്. അതോടൊപ്പം പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ഏടുകള്‍ അടര്‍ത്തിയെടുത്ത് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത്, ചോദിച്ചും പറഞ്ഞും പണിക്കന്മാര് പരസ്പരം കൊമ്പുകോര്‍ക്കുന്ന വാക്യാര്‍ഥ സദസ്സാണ് മറത്തുകളി. തീയ്യ സമുദായങ്ങളുടെ പൂമാലക്കാവുകളിലും മറ്റു ദേവ സ്ഥാനങ്ങളിലുമാണ് പൂരക്കളിയും മറത്തുകളിയും പ്രധാനമായും ആഘോഷമായി കൊണ്ടാടുന്നത്. ഇതര സമുദായങ്ങളായ മുകയ, യാദവ തുടങ്ങിയവരുടെ ക്ഷേത്രങ്ങളിലും പൂരക്കളി നടന്നു വരുന്നുണ്ട്.
അര നൂറ്റാണ്ടിലേറെ കാലമായി മറത്തുകളി രംഗത്തെ മഹാമേരുവെന്ന് വിശേഷിപ്പിക്കാവുന്ന കരിവെള്ളൂര്‍ വി.പി.ദാമോദരന്‍ പണിക്കര്‍ ഇത്തവണ ഈ രംഗത്ത് ഇല്ലായെന്നത് മറത്തുകളി സംസ്കൃത വിദ്യാര്‍ഥികളില്‍ അല്‍പ്പം നിരാശ ഉണ്ടാക്കിയിട്ടുണ്ട്. തൃക്കരിപ്പൂരില്‍ ഈ പൂരക്കാലത്ത് ഒരു കലാകാരന് മറത്തുകളി രംഗത്തേക്ക്. കഥാപ്രസംഗ രംഗത്ത് ഏറെകാലത്തെ തന്റെ മികവ് തെളിയിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരന് കക്കുന്നം പത്മനാഭനാണ് മറത്തുകളി രംഗത്തേക്ക് പുതുതായി എത്തിച്ചേര്‍ന്ന പ്രതിഭ. രാമന്തളി കുറുവന്തട്ട ക്ഷേത്രത്തിലാണ് പത്മനാഭന് പണിക്കര്‍ തന്റെ കന്നിപ്രവേശം സാധ്യമാക്കുന്നത്. ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് എടാട്ടുമ്മലിലെ പി.ഭാസ്കരന് പണിക്കര്‍ ഇത്തവണ വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തെ പ്രതിനിധാനം ചെയ്യും. തങ്കയം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ പണിക്കര്‍ കെ.വി.കൃഷ്ണനാണ്. പരവന്തട്ട പുല്ലിയുര് കാളി ക്ഷേത്രത്തില്‍ എടാട്ടുമ്മലിലെ പി.രാജന് പണിക്കരാണ്.
പൂരങ്കുളിയും പൂരക്കളിയും നടക്കുന്ന പ്രധാന കഴകങ്ങളാണ് രാമവില്യം, തുരുത്തി, കുരുവന്തട്ട, പാലക്കുന്ന് എന്നിവ. രാമവില്യം കഴകത്തിന്റെ ഉപക്ഷേത്രങ്ങളായ പേക്കടം കുറുവാപ്പള്ളി അറ, ഒളവറ മുണ്ട്യ എന്നീ ക്ഷേത്രങ്ങള്‍ തമ്മില്‍ രാമവില്യത്ത് വെച്ചാണ് മറത്തുകളി നടക്കുക. ചന്തേര നാരായണന് പണിക്കര്‍ കുറുവാപ്പള്ളി അറയെയും പെരളത്ത് കുഞ്ഞമ്പു പണിക്കര്‍ ഒളവറ മുണ്ട്യയെയും പ്രതിനിധാനം ചെയ്യും. നെല്ലിക്കാത്തുരുത്തി കഴകത്തില്‍ തെക്കരും വടക്കാരും തമ്മിലാണ് മറത്തുകളി. ആണൂര്‍ കുഞ്ഞിക്കണ്ണന് പണിക്കര്‍ യു.കെ.പവിത്രന് പണിക്കര്‍ എന്നിവര്‍ തമ്മിലാണ് മറത്തുകളി. മറത്തുകളി രംഗത്തെ മറ്റു പ്രതിഭകളായ കാഞ്ഞങ്ങാട് ദാമോദരന്‍ പണിക്കര്‍ കുറിഞ്ഞിക്ഷേത്രത്തിലും, പി.പി.മാധവന് പണിക്കര്‍ മുഴക്കോം ചാലക്കാട്ടും, കാടങ്കോട് കുഞ്ഞികൃഷ്ണന് പണിക്കര്‍ കുഞ്ഞിമംഗലം അണീക്കര ക്ഷേത്രം, പാണപ്പുഴ പത്മനാഭന് പണിക്കര്‍ കണ്ടോത്ത് ക്ഷേത്രത്തിനും വേണ്ടി മറത്തുകളി രംഗത്ത് മാറ്റുരക്കും.
ടി.വി.മധുസൂദനന് പണിക്കര്‍ മമ്പലത്തും, എ.കെ.കുഞ്ഞിരാമന് പണിക്കര്‍ പൊടോത്തുരുത്തിയിലും എം.രാജീവന് പണിക്കര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും അരയില്‍ ബാബു പണിക്കര്‍ മല്ലിയോട്ട് പാലോട്ട് കാവിലും രത്നാകരന് പണിക്കര്‍ തലേന്നെരിയിലും കക്കുന്നം ഹരി പണിക്കര്‍ അതിയടം പാലോട്ട് കാവിലും ഈ വര്‍ഷം പൂരമാല ചൊല്ലും. യാദവ സമുദായ ക്ഷേത്രമായ കുറ്റൂര്‍ കണ്ണങ്ങാട്ട് പ്രശസ്തനായ ഗോപാലകൃഷണന് പണിക്കരും, ഇതേ വിഭാഗത്തിലെ കാനക്കീല്‍ കമലാക്ഷന്‍ പണിക്കര്‍ കണ്ടങ്ങാളിയിലും മുകയ സമുദായ ക്ഷേത്രമായ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ തുളുവന്‍ ദാമോദരന്‍ പണിക്കരുമാണ് പൂരക്കളി നിയന്ത്രിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: