പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലായി.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എംഎല്‍എ ഫണ്ടില്‍ നിന്നടക്കം കോടി കണക്കിനു രൂപ വികസന ആവശ്യങ്ങള്‍ക്ക് അനുവദിച്ച് തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ഇവ ഉപയോഗിക്കാനാകുമോയെന്നതു സംബന്ധിച്ച് തലനാരിഴ കീറി പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ നടപടിക്രമങ്ങളിലേക്കു കടക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. ജനപ്രതിനിധികളുടെ സമ്മര്‍ദ്ദം ഉണ്ടാകുന്നതോടെ ഉദ്യോഗസ്ഥര്‍ ഏറെ പ്രതിസന്ധിയിലാകുന്നു.
ടെന്‍ഡര്‍ വിളിച്ചതും നിര്‍മാണം തുടങ്ങിയതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മുന്നോട്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നടക്കം അനുവദിക്കപ്പെട്ട നിരവധി പദ്ധതികളുടെ ഭാവി എന്താകുമെന്നു നിശ്ചയവുമില്ല. നേരത്തെ തന്നെ അനുവദിക്കപ്പെട്ട പല പദ്ധതികളും ഫയലുകള്‍ നീങ്ങുന്നതിലെ കാലതാമസം കാരണം തടസപ്പെട്ടിരുന്നു. 31നു നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ അടക്കം തുടങ്ങാനാകുമോയെന്ന അനിശ്ചിതത്വമാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് എംഎല്‍എമാര്‍ തങ്ങളുടെ ആസ്തി വികസനഫണ്ട് പൂര്‍ണമായി ചെലവഴിക്കാന്‍ ആവശ്യക്കാര്‍ക്കു വാരിക്കോരി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റോഡുകള്‍, പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഇവയ്ക്കാണ് ഏറെയും ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇവയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചവ മാത്രമേ മുന്നോട്ടു കൊണ്ടുപോകാനാകുകയൂള്ളൂ.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ആകാത്ത അവസ്ഥയില്‍ തദ്ദേശസ്ഥാപനങ്ങളും നട്ടം തിരിയുകയാണ്. ത്രിതല പഞ്ചായത്ത്, നഗരസഭ സാരഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അടക്കം അനിശ്ചിതത്വം ഉണ്ടായതോടെ പ്രത്യേകാനുമതിയോടെ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമോയെന്നു പരിശോധിച്ചുവരികയാണ് അധികൃതര്‍.
റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍, വിവിധ പെന്ഷന് ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിക്കല്‍ തുടങ്ങിയവയില്‍ പോലും തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് തദ്ദേശസ്ഥാപനങ്ങള്‍. കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതി വാങ്ങിയതും നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചതുമായ പദ്ധതികള്‍ തുടങ്ങുന്നതിനു തടസമില്ല. ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും തങ്ങളുടെ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകും. ബജറ്റ് അവതരിപ്പിക്കാനുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി വാങ്ങണം. അനുമതി ലഭിച്ച പദ്ധതികള്‍ ആരംഭിക്കുമെങ്കിലും ഔപചാരിക ഉദ്ഘാടനങ്ങള്‍ ഉണ്ടാകില്ല.
പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പേ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവ പുറത്തറിയിക്കാന്പോലും ഉദ്യോഗസ്ഥര്‍ക്കു മടിയാണ്. ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നുള്ള തുക അനുവദിക്കുമ്പോള്‍ തന്നെ അറിയിപ്പുകള് വരാറുണ്ട്. എന്നാല്‍ ഇവ വിനിയോഗതലത്തിലെത്തണമെങ്കില് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതികളുടെ എസ്റ്റിമേറ്റ്, സാങ്കേതികാനുമതി, ടെന്‍ഡര്‍, ഭരണാനുമതി തുടങ്ങിയവ ലഭിച്ചാല്‍ മാത്രമേ ഇവ തുടങ്ങാനാകൂ. സാധാരണഗതിയില്‍ എംഎല്‍എ ഫണ്ട് അനുവദിക്കുമ്പോള്‍ തന്നെയാണ് പ്രസ്താവനകള്‍ പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ അനുവദിച്ച ഫണ്ടുകള്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ കാലതാമസമുണ്ടായാല്‍ ഫണ്ട് നഷ്ടമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യാനിരുന്ന ശബരിമല റോപ്പ്വേ പദ്ധതിയുടെ നിര്‍മ്മാണവും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: