നിലമ്പൂര്‍: കേരളാ കോണ്‍ഗ്രസ്(എം) വീണ്ടും പിളര്‍ന്നതിന്റെ അലയൊലികള്‍ മലയോരമേഖലയെ പ്രകമ്പനം കൊള്ളിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മലയോര മേഖലകളുള്‍പ്പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ പ്രകടനത്തെ ഇത് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏറനാട് മണ്ഡലത്തിലെ തോട്ടുമുക്കം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍, നിലമ്പൂര്‍ മണ്ഡലത്തിലെ നിലമ്പൂര്‍ നഗരസഭ, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, വണ്ടൂര്‍ മണ്ഡലത്തിലെ കരുവാരക്കുണ്ട്, ചോക്കാട് എന്നിവിടങ്ങളിലെല്ലാം കോട്ടയം, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റ കര്‍ഷകരാണ് കൂടുതല്‍. ഇവരില്‍ ഭൂരിഭാഗവും കത്തോലിക്ക സഭയുടെ വിശ്വാസികളുമാണ്. കേരളാ കോണ്‍ഗ്രസിന്റെ ജില്ലയിലെ ശക്തികേന്ദ്രവും ഈ കുടിയേറ്റ കര്‍ഷകരായിരുന്നു. കേരളാ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പുതിയ പിളര്‍പ്പ് പ്രവര്‍ത്തകരെയും ബാധിച്ചു കഴിഞ്ഞു. ചിലര്‍ മാണിക്ക് പിന്തുണ നല്കി ഉറച്ചുനില്‍ക്കുമ്പോള്‍, ഭൂരിഭാഗം കര്‍ഷകര്‍ക്കും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടിയോടാണ് പ്രിയം. ഫ്രാന്‍സിസ് ജോര്‍ജ്ജ് കത്തോലിക്ക സഭക്കാരനായതാണ് ഒരു പ്രധാന കാരണം. ഇത്രയും നാള് മലയോര മേഖലയില്‍ ഒറ്റക്കെട്ടായി നിന്നിരുന്ന കേരളകോണ്‍ഗ്രസുകാര്‍ രണ്ടുദ്രുവങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു വിഭാഗം ഇടതിനോടൊപ്പവും മറ്റൊരു വിഭാഗം വലതിനോടൊപ്പവും.
തെരഞ്ഞെടുപ്പിന് മുമ്പ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ശക്തമായി പിടിമുറുക്കിയാല്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് നേതാവും കര്‍ഷകനുമായ മാത്യൂ സെബാസ്റ്റ്യന്‍ യുഡിഎഫിനോട് പിണങ്ങി ഇപ്പോള്‍ ഇടതുചേരിയിലാണുള്ളത്.
ഏറനാട് മണ്ഡലത്തില്‍ പി.കെ.ബഷീര്‍ കഴിഞ്ഞ തവണ 11246 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പക്ഷേ ഇത്തവണ തോട്ടുമുക്കം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാകും. എല്‍ഡിഎഫ് പൊതുസമ്മതാനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പത്തിലാകും. അരീക്കോട്, കാവനൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി തുടങ്ങിയ പഞ്ചായത്തുകളില്‍ ബിജെപി ശക്തമായി രംഗത്തുള്ളതും വെല്ലുവിളിയാകും. നിലമ്പൂരിലെ അവസ്ഥയും സമാനമാണ്. ആര്യാടന് മുഹമ്മദിന്റെ വിജയം കഴിഞ്ഞ തവണ വെറും 5598 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. അന്ന് എതിരാളി ഇടതുസ്വതന്ത്രനായ പ്രൊഫ.തോമസ് മാത്യൂ ആയിരുന്നു. കത്തോലിക്ക സഭയുമായി അത്ര യോജിപ്പില്ലാത്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണ് തോമസ് മാത്യൂ. അതുകൊണ്ടാണ് പരാജയപ്പെടാന്‍ കാരണം. ഇത്തവണ നിലമ്പൂരിലെ യുഡിഎഫ് സീറ്റിനായി കെപിസിസി സംസ്ഥാന സെക്രട്ടറി വി.വി.പ്രകാശും, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയും അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും ആര്യാടന് ഷൗക്കത്തായിരിക്കും സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ വിമതവിഭാഗം മണ്ഡലത്തില്‍ അതിശക്തമാണ്. ഷൗക്കത്തിന് ഇവരുടെ പിന്തുണയും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വണ്ടൂര്‍ മണ്ഡലത്തില്‍ എ.പി.അനില്‍കുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. മാത്യൂ സെബാസ്റ്റ്യന്‍ സ്വതന്ത്രനായോ എല്‍ഡിഎഫ് പിന്തുണയോടെയോ വണ്ടൂരില്‍ മത്സരിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എന്തുതന്നെയായാലും കേരളാ കോണ്‍ഗ്രസിലെ ഭിന്നിപ്പ് വലിയ വെല്ലുവിളി തന്നെയാണ് ഈ മൂന്ന് മണ്ഡലങ്ങളിലും ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: