കുറ്റിപ്പുറം: പേരശ്ശനൂര്‍ പിഷാരേക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിന്റെ താല്‍ക്കാലിക മേല്‍ക്കൂര കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് തീപിടിച്ചത് ആദ്യം കണ്ടത്.
ഭാരതപ്പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴക്കരയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ച് വരുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യവും മയക്കുമരുന്നുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. പുഴയോരത്തെ പുല്ലിന് തീയിടുന്നത് പതിവാണ്.
ഇതിനെതിരെ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ക്ഷേത്രത്തിന് തീ പിടിച്ച സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഇതില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















