കോട്ടയം: സേവാഭാരതിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും സേവാഭാരതിയും സംയുക്തമായി തുടക്കംകുറിച്ച ആരോഗ്യദര്‍ശന്‍ 2016 പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ യു.വി.ജോസ് നിര്‍വ്വഹിച്ചു. ശബരിമല തീര്ത്ഥാടനകാലത്തിലുള്പ്പെടെ ക്രിയാത്മകമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സേവാഭാരതി എന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ താന്‍ പ്രാമുഖ്യം കൊടുക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതിയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ കോട്ടയത്തെ ഔദ്യോഗിക ജീവിതത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആശുപത്രി പരിസരം ശുചീകരിക്കുവാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം തരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വീല്‍ച്ചെയറുകള്‍ സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടിജി.തോമസ് ജേക്കബിന് കൈമാറി. മെഡിക്കല്‍ കോളേജില്‍ സേവനത്തിനെത്തുന്ന സന്നദ്ധ സംഘടനകളില്‍ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നത് സേവാഭാരതിയാണെന്ന് സൂപ്രണ്ട് അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള ബാഡ്ജ് വിതരണം അഡ്വ.എന്‍.ശങ്കര്‍റാം നിര്‍വ്വഹിച്ചു. ആര്‍എംഒ ഡോ.സാം ക്രിസ്റ്റി, സേവാഭാരതി വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.വി.ശങ്കരന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എണ്ണൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലക്കാരായ ആര്.രാജീവ്, ശിവാനന്ദന്, ശ്രീജിത്ത്, ആര്.സാനു, കേരളവര്‍മ്മ, ശ്രീനിവാസന്, ശശാങ്കന് എന്നിവര്‍ നേതൃത്വം നല്കി. മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷിബു, സുരേഷ്, ഉല്ലാസ്, ജില്ലാ സേവാപ്രമുഖ് ആര്.രാജേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചു.
















