മേപ്പാടി : ഹാരിസണ്‍ മലയാളം കമ്പനി എസ്റ്റേറ്റ് തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയന് ഭാരവാഹികള്‍ ജില്ലാകളക്ടര്‍ക്കും ജില്ലാപോലീസ് സൂപ്രണ്ടിനും പരാതി നല്കി. തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ കോടതി വിധി നിലനില്‍ക്കെ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാതെ അനാസ്ഥ കാണിക്കുന്നതിനാലാണ് പരാതി. വയനാട് ജില്ലയിലെ തോട്ടംതൊഴിലാളികളെ പ്രതിസന്ധിയിലാക്കി എച്ച്.എം.എല്‍ എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള നിരന്തര സമരങ്ങള്‍ കാരണമാണ് കമ്പനി ലോക്കൗട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിലവില്‍ ജില്ലയില്‍ ഒന്‍പതിനായിരത്തിലധികം തൊഴിലാളികളുള്ള എച്ച്.എം.എല്‍ എസ്റ്റേറ്റില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്. സമരക്കാര്‍ ഫാക്ടറികള്‍ ഉപരോധിക്കുന്നത് കാരണം എസ്റ്റേറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഭൂരിഭാഗം വരുന്ന മറ്റു തൊഴിലാളികള്‍ ശേഖരിക്കുന്ന തേയില സംസ്കരിക്കാനാകാതെ നശിക്കുകയുമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് കിലോ തേയില ചപ്പാണ് എച്ച്.എം.എല്‍ എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളായ ചൂരല്‍മല, അരപ്പറ്റ, അച്ചൂര്, ചുണ്ടേല്‍ എന്നിവിടങ്ങളില്‍ ഈവിധം നശിച്ചത്. സമരത്തിലില്ലാത്ത തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കാനും കഴിയാത്തതിനാല്‍ കമ്പനി ലോക്കൗട്ട് ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഇതു ആയിരക്കണക്കിന് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കും. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് സമരാനുകൂലികള്‍. കൂലി വര്‍ധനവും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഒന്നര മാസത്തോളം നടന്ന സമരത്തിനൊടുവില്‍ കൂലി വര്‍ധിപ്പിച്ചെങ്കിലും തൊഴിലാളികളുടെ ബോണസ് 20 ശതമാനം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പ്ലാന്റേഷന് ലേബര്‍ കമ്മിഷന് യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പിലാണ് അന്ന് ഐക്യ ട്രേഡ് യൂനിയന്‍ സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പി.എല്‍.സി യോഗത്തിലും ഇതു സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെ ജില്ലയില്‍ സി.ഐ.ടി.യു ഒറ്റക്ക് സമരത്തിനിറങ്ങുകയായിരുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രം സമരം ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: