ആര്‍.ടി. ശ്യാം
കുണ്ടറ: കുണ്ടറമണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. എം.എ. ബേബി മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് ഉറപ്പായെങ്കിലും പിന്നെ ആരെന്ന ചോദ്യമാണ് സിപിഎമ്മിനെ കുഴപ്പിച്ചിരിക്കുന്നത്. ജെ. മേഴ്‌സിക്കുട്ടിയമ്മ, പി. രാജേന്ദ്രന്‍, എസ്. ജയമോഹന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
അതേ സമയം സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ മത്സരിക്കുമെന്ന് സിപിഎമ്മിലെ ചില നേതാക്കള്‍ തന്നെ പറഞ്ഞു തുടങ്ങിയതാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴി വെച്ചിരിക്കുന്നത്. സീറ്റ് മുന്നില്‍കണ്ട് ഉടുപ്പ് തയ്യാറാക്കിയ മുന്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം ഏരിയാ സെക്രട്ടറിയുമായ എസ്.എല്‍ സജികുമാറിന്റെ പേര് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയകമ്മിറ്റികളില്‍ നിന്നും പുറംതള്ളപ്പെട്ടതായാണ് സൂചന.
എം.എ. ബേബി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ചുക്കാന്‍ പിടിക്കുമെന്ന സജികുമാറിന്റെ പ്രതീക്ഷകള്‍ തകിടം മറഞ്ഞിരിക്കുകയാണ്. എന്നാല്‍ സജികുമാറിനെ മത്സരിപ്പിച്ചാല്‍ മണ്ഡലത്തില്‍ പൂര്‍ണപരാജയമുണ്ടാകുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എം.എ. ബേബിയെയും പാര്‍ട്ടി ജില്ലാഘടകത്തെയും അറിയിച്ചതാണ് അവസാന നിമിഷം സജികുമാറിന്റെ സ്ഥാനാര്‍ത്ഥി മോഹത്തിന് വിള്ളല്‍ വീഴ്‌ത്തിയിരിക്കുന്നത്. ജെ. മേഴ്‌സികുട്ടിയമ്മയോ ബാലഗോപാലോ മത്സരിക്കണമെന്നാണ് ഇവരുടെ ആഗ്രഹവും.
അതേ സമയം നായര്‍ വോട്ടുകള്‍ കൂടുതലുള്ള കുണ്ടറയില്‍ മുന്‍ എംപി രാജേന്ദ്രന്‍ മത്സരിക്കുന്നതായിരിക്കും നന്നെന്ന് ഒരു വിഭാഗവും ചൂണ്ടി കാണിക്കുന്നുണ്ട്. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്റെ പേര് പറയുന്നുണ്ടെങ്കിലും കുണ്ടറയിലെ പ്രാദേശിക പാര്‍ട്ടിഘടകം ആ പേര് നിരസിച്ചിട്ടുണ്ട്.
എസ്.എല്‍. സജികുമാറാകട്ടെ സ്ഥാനാര്‍ത്ഥിയാക്കിയില്ലായെങ്കില്‍ സിപിഎമ്മിന്റെ അകത്ത് ഉണ്ടാക്കുന്ന പ്രശ്‌നം വലുതായിരിക്കും. പലരോടും താനാണ് സ്ഥാനാര്‍ത്ഥിയെന്ന് സജികുമാര്‍ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് ആരോപണം കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സജികുമാറിന്റെ ലക്ഷ്യവും എംഎല്‍എ മോഹമായിരുന്നു.
എന്നാല്‍ മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെ അലോസരപ്പെടു ത്തുന്നത്. അത് അവര്‍ പാര്‍ട്ടിയോഗങ്ങളില്‍ തന്നെ പറയുന്നുമുണ്ട്. ത്രിതല തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് വാങ്ങിയ ബിജെപി നല്ലൊരു പ്രകടനം കാഴ്ച വെച്ചാല്‍ കുണ്ടറയില്‍ താമര വിരിഞ്ഞേക്കുമെന്നും സിപിഎം നേതൃത്വം സൂചിപ്പിക്കുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപിയെ ചെറുക്കാനാവുന്ന ഒരാളെ നിര്‍ത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.
















