കോട്ടയം: കനത്ത ചൂടുളള പകല്‍ സമയത്ത് സൂര്യതാപമേറ്റുള്ള സൂര്യാഘാതവും താപശരീര ശോഷണവും സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമിച്ച് രാവിലെയും വൈകുന്നേരവും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതാണ്.
സൂര്യാഘാതവും താപ ശരീരശോഷണവും തോന്നിയാലുടന്‍ വെയിലുള്ള സ്ഥലത്ത്‌നിന്ന് തണലുളള സ്ഥലത്തേക്ക് മാറണം. തണുത്ത വെള്ളം കൊണ്ട് തുടച്ചോ വീശിയോ ശരീരം തണുപ്പിക്കണം. ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റണം. കഴിയുന്നതും വേഗം ചികിത്സ തേടണം.
സൂര്യാഘാതവും താപശരീരശോഷണവും വരാതിരിക്കുന്നതിന് ഓരോ മണിക്കൂര്‍ ഇടവിട്ട് ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാവെള്ളമോ കുടിക്കണം.
















