പത്തനംതിട്ട : വേനല്‍ കനത്തതോടെ ആറന്മുള പഞ്ചായത്തിലെ മിക്കപ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. മുമ്പ് നീര്‍ച്ചാലുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞിരുന്ന ആറന്മുള ഗ്രാമത്തിന്റെ ഇന്നത്തെ സ്ഥിതിയ്ക്ക് കാരണം അനധികൃതമായ നിലംനികത്തലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തോടുകളും ചാലുകളും വ്യാപകമായി മണ്ണിട്ട് നികത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളില്‍പോലും വെള്ളമില്ലാതായി. പരമ്പരാഗത ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. നാടിന്റെ വരദാനമായ പമ്പാനദിയില്‍ നീരൊഴുക്കില്ലാത്ത നിലയിലാണ്. നദികളെ ആശ്രയിക്കുന്ന ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ആളുകള്‍ വാഹനങ്ങളിലെത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
പി.ഐ.പി കനാലിന്റെ തുടര്‍ച്ചയായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ചപ്പുചവറുകള്‍ അടഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടത് എരുമക്കാട് ഗുരുക്കന്‍കുന്ന് നിവാസികളെ ദുരിതത്തിലാക്കി.
വല്ലനയില്‍ കൂടി കടന്നുപോകുന്ന പി.ഐ.പിയുടെ പ്രധാന കനാലില്‍ നിന്നും കോഴിത്തോട്ടിലെത്തുന്ന ഉപകനാല്‍ കടന്നുപോകുന്നത് ആറന്മുള 11,12 വാര്ഡുകളില്കൂടിയാണ്. ഇവിടെ ഗുരുക്കന്കുന്നില് പാടത്തിന് മുകളില്‍കൂടി കുറുകെ സബ് കനാലിന്റെ തുടര്‍ച്ചയായി പത്തടിയോളം നീളമുള്ള 12 പൈപ്പുകള്‍ സ്ഥാപിച്ചുകൊണ്ടാണ് കനാലിനെ ബന്ധിപ്പിച്ചിരിക്കുന്നത്.
ഈ പൈപ്പുകള്‍ പാടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് സിമിന്റ് തൂണുകളിലാണ്. സാധാരണ വേനല്‍കാലത്ത് കനാലില്‍ കൂടി വെള്ളമൊഴുകുന്നത് പ്രദേശവാസികള്‍ക്ക് പ്രയോജന പ്രദമായിരുന്നു. കുളിക്കാനും തുണി കഴുകാനും യഥേഷ്ടം ജലം ലഭ്യമായിരുന്നു. അടുത്ത കാലത്ത് മെയിന്‍ കനാലില്‍നിന്ന് ഉപ കനാലിലേക്ക് വെള്ളം തുറന്നുവിടുമെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്തെ പഞ്ചായത്ത് ജനപ്രതിനിധികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ വൃത്തിയാക്കിയിരുന്നു. പി.ഐ.പി അധികൃതര്‍ മെയിന്‍ കനാലില്‍ നിന്ന് വല്ലന കോഴിത്തോട് ഉപകനാലിലേക്ക് വെള്ളം തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഉപകനാലില്‍ കൂടി ഒഴുകിയ വെള്ളം പൈപ്പിലേക്ക് കടക്കാതെ വെളിയിലേക്ക് ഒഴുകുകയായിരുന്നു. 120 അടിയോളം നീളമുള്ള പൈപ്പില്‍ കൂടി വെള്ളം മറുപുറത്തെത്താത്ത തരത്തില്‍ ചപ്പുചവറുകള്‍ മൂടിയിരിക്കുകയാണ്. ഇത് തള്ളിക്കളയുന്നതിന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളം പാഴാകുന്നതു കാരണം കനാല്‍ അധികൃതര്‍ അടച്ചു.
അടിയന്തിരമായി പൈപ്പിനുള്ളില്‍ തടഞ്ഞിരിക്കുന്ന ചപ്പു ചവറുകള്‍ നീക്കം ചെയ്ത് കനാല്‍ തുറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: