താന്‍ ശ്രദ്ധിക്കപ്പെടണമെന്നും തന്റെ സാന്നിദ്ധ്യം എല്ലാവരേയും അറിയിക്കണം എന്നുമുള്ള മോഹം ഇല്ലാത്തവര്‍ കുറവായിരിക്കും. കുട്ടികള്‍ തുടങ്ങി വൃദ്ധര്‍വരെയുള്ളവര്‍ ഇത്തരത്തിലുള്ളവര്‍ തന്നെ. അതുകൊണ്ടാണ് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാല്‍ ചെറുകുഞ്ഞുങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞോ ദേഷ്യം പ്രകടിപ്പിച്ചോ ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രായമായവര്‍ ആവട്ടെ പരിഭവപ്പെട്ടോ അസുഖമാണെന്ന്(ഇല്ലെങ്കിലും) പരാതിപ്പെട്ടോ ശ്രദ്ധ സ്വീകരിക്കുന്നത്. പരിചരണം പ്രതീക്ഷിക്കുന്നത്.
യുവാക്കളില്‍ പലരും വസ്ത്രധാരണം കൊണ്ടോ ഉപയോഗിക്കുന്ന വണ്ടിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ വ്യത്യസ്തമായ രീതിയില്‍ മോടി പിടിപ്പിച്ചും ശ്രദ്ധ നേടുന്നു. ചിലര്‍ മാത്രം സ്വന്തം കഴിവുകള്‍ പ്രകടിപ്പിച്ച് പുരോഗമനപരവും സര്‍ഗ്ഗാത്മകവുമായി ശ്രദ്ധേയരാകുന്നു. നേതാക്കന്മാരാവാന്‍ ശ്രമിക്കുന്നവരാകട്ടെ-നേതൃഗുണം ഇല്ലെങ്കില്‍ പോലും ഉടയാത്ത ഉടുപ്പുകളും വലിയ മൊബൈല്‍ ഭാഷണവും ഇല്ലാത്ത വിഐപി വിളി ജാടകളും സൃഷ്ടിച്ചെടുക്കുന്നു.
ടെക്‌നിക്കുകള്‍ അങ്ങനെ പലതും. ടെക്‌നിക്കുകളും പ്രവര്‍ത്തനങ്ങളും കൊണ്ട് നേതാക്കന്മാരായവര്‍ പലരും നമ്മുടെ ചുറ്റിലും ഉണ്ട്. പറഞ്ഞുകേട്ട കഥയാണ്. എങ്കിലും കള്ളമാകാന്‍ തരമില്ലെന്ന് കഥാനായകനെക്കുറിച്ചറിയുന്നവര്‍ വിശ്വസിച്ചാല്‍ തെറ്റാകില്ലതാനും. ആളെ ജെ. എന്ന് നമുക്ക് വിളിക്കാം. എംഎല്‍എ ആകുകയും വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത ആളാണ്. എറണാകുളം ജില്ലക്കാരനായ കോണ്‍ഗ്രസ് നേതാവ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കഥ നടക്കുന്നത്. ജെയ്‌ക്ക് അന്ന് യുവത്വം വിട്ടുതുടങ്ങിയ പ്രായം. അന്ന് യുവനേതാവാകാന്‍ ആഗ്രഹിക്കുന്ന ആള്‍.
അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു. ജെ. സാമൂഹ്യ കാര്യങ്ങളില്‍ പ്രതികരിക്കും. പ്രതികരിക്കുന്നത് സ്വയം എഴുതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മാത്രം. അതില്‍ നേതാവ് ജെ. ചൂണ്ടിക്കാട്ടി കോണ്‍. നേതാവ് ജെ. ഊന്നി പറഞ്ഞു, പ്രസ്താവിച്ചു എന്നൊക്കെ ചേര്‍ത്തിരിക്കും. പ്രസ്താവനയുമായി പ്രസ്‌ക്ലബിലേക്ക് ചെല്ലുന്നതും കോപ്പി എടുത്ത് എല്ലാ പത്രക്കാര്‍ക്കും നല്‍കുന്നതും ജെ. തന്നെ. ഇതുകൊടുത്ത് കൈകൂപ്പി ജെ. അപേക്ഷിക്കും. ‘ എങ്ങനെയെങ്കിലും പത്രത്തില്‍ കൊടുക്കണം”. അതുകേട്ട് അവര്‍ ചിരിക്കും. സഹതാപത്തോടെ, ഉള്ളില്‍ നിറഞ്ഞ പരിഹാസത്തോടെ അവര്‍ അത് പത്രത്തില്‍ കൊടുക്കാറുമുണ്ട്. ഒരുനാള്‍ അവര്‍ ചിരിക്കുന്നതുകണ്ട് ജെ പറഞ്ഞു.’ എനിക്കറിയാം, നിങ്ങള്‍ എന്നെ കളിയാക്കി ചിരിക്കുകയാണ്. പക്ഷേ, ഒന്നുണ്ട്. നിങ്ങള്‍ എട്ടുപേരുടെ മുന്നില്‍ ഞാന്‍ പരിഹാസ്യനാണ്. പക്ഷേ ഇത് അച്ചടിച്ച് വരുമ്പോള്‍ ആയിരങ്ങളുടെ മുന്നില്‍ ഞാന്‍ നേതാവാണ്.’ ശരിയല്ലേ- നേതാവാകാനൊരു ടെക്‌നിക്ക്.
ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ കേറിപ്പറ്റാന്‍ ചിലര്‍ അങ്ങോട്ട് പണം നല്‍കുന്നുണ്ടെന്ന് കേള്‍ക്കുന്നു. (ചാനല്‍ ചര്‍ച്ചയില്‍ വന്നില്ലെങ്കില്‍ പിന്നെ ഇക്കാലത്തെന്ത് വലുപ്പം). തിരുവനന്തപുരത്ത് ഒരു കവി സ്വന്തം കവിത എഴുതി പ്രസിദ്ധീകരിക്കും മുമ്പ് നിരൂപകരെ വിളിച്ചുവരുത്തി സല്‍ക്കരിച്ച് കവിത വരുമ്പോള്‍ നിരൂപകരെക്കൊണ്ട് നല്ലതെഴുതിക്കുമായിരുന്നത്രെ. കവിയെന്ന ആള്‍ കാലത്തിന് മുന്നില്‍ കവിയായി നിലനിന്നോ എന്നത് മറ്റൊരു കാര്യം.
എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന സ്‌നേഹസമ്പന്നനായ ഒരു കേരളാകോണ്‍ഗ്രസ് നേതാവുണ്ടായിരുന്നു. ജില്ലാ നേതാവ്. അദ്ദേഹം എന്നോട് രഹസ്യമായി പറയുമായിരുന്നു. ‘മോഹന്‍ വേദിയിലെ വിഐപിയെ കണ്ടുവയ്‌ക്കണം. ഫോട്ടോഗ്രാഫര്‍ എത്തുമ്പോള്‍, ഫോട്ടോയ്‌ക്ക് സമയമായി എന്നു കണ്ടാല്‍ ഉടനെ എന്തെങ്കിലും തരമുണ്ടാക്കി വിഐപിയുടെ അടുത്തുനിന്നോളണം. രഹസ്യം പറയാനെന്ന മട്ടിലെങ്കിലും. ഒഴിവാക്കാന്‍ പറ്റില്ല. പിറ്റേന്ന്, പത്രത്തില്‍ പടം ഉറപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരപകടത്തില്‍ അദ്ദേഹം മരിച്ചു. ഇന്ന് കാലം പത്രത്തില്‍ നിറഞ്ഞിരുന്ന നേതാവിനെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. സ്‌നേഹം നിറഞ്ഞ അദ്ദേഹത്തെ ഓര്‍ക്കുന്ന ചിലരുണ്ടായേക്കാം. അത്രമാത്രം.
ഇന്നും ഇത്തരം കാര്യങ്ങളിൽ പലരും പിന്നിലല്ല. വേദിയിൽ വരേണ്ട ആളല്ലെങ്കിൽ പോലും ഉദ്ഘാടന സമയത്ത് ഒരു തീപ്പെട്ടിയോ കൊടിവിളക്കോ എടുത്തുകൊണ്ടെങ്കിലും ചെന്ന് ഫോട്ടോയിൽ പെടാൻ വെമ്പൽ കൂടുന്നവർ എത്രയെത്ര. പ്രസ്‌ഫോട്ടോഗ്രാഫർമാരോട് ചോദിച്ചാൽ പത്രത്തിലെ ഫോട്ടോയിലൂടെ തനിക്ക് മുപ്പത്തിരണ്ട് പല്ലും ഉണ്ടെന്ന് കാണിച്ചുനിൽക്കുന്ന ചിലരുടെ കാര്യം പറഞ്ഞുതരും. ഒരു പുരസ്‌കാര സമർപ്പണ ചടങ്ങിൽ പുരസ്‌കാരം നൽകുന്നവരുടേയും സ്വീകരിക്കുന്ന ആളിന്റേയും നടുവിൽ അവരെ മറഞ്ഞുനിന്ന് ഫോട്ടോഗ്രാഫർക്കുമുന്നിൽ നിഷ്‌ക്കളങ്ക നിൽപ്പു നിന്ന ആളെ ഫോട്ടോഗ്രാഫർമാർ തന്നെ വഴക്കുപറഞ്ഞ് മാറ്റിയത് ഈ അടുത്തുണ്ടായ സംഭവമാണ്. പറയാൻ തുടങ്ങിയാൽ ഒട്ടേറെയുണ്ടാകും. കാലം കലിയുഗമല്ലെ?. ഇക്കാലത്ത് ഇതൊക്കെയാകും ശരി. പക്ഷേ,അതല്ല കാര്യം.
ഞങ്ങളുടെ നാട്ടിൽ ഒരു മനുഷ്യനുണ്ടായിരുന്നു. ഗോപാലൻ. ഏത് കല്യാണ വീട്ടിലും അയാൾ എത്തും. മരണവീട്ടിലും. സ്വന്തം വീടുപോലെ അയാൾ അവിടെ ഇഴുകി ചേരും. എന്തുസഹായം വേണം. അതിനെല്ലാം റെഡി. ഓടി നടന്നും സഹായിച്ചും നിറഞ്ഞു നിൽക്കും ആ മനുഷ്യൻ. ഒന്നിനും ഒരു മടിയുമില്ല. ചടങ്ങ് കഴിഞ്ഞാലും പിന്നീടും വേണ്ട സാധനങ്ങൾ വേണ്ടിടത്തെത്തിക്കാനും പന്തലഴിച്ച് എല്ലാവരും വിശ്രമിക്കുന്നവരേയും അയാൾ അവിടെയുണ്ടാകും. അതുകഴിഞ്ഞാൽ ആളെ കാണില്ല. തന്റെ ജോലി കഴിഞ്ഞു എന്ന മട്ടിൽ സ്ഥലം വിടും. ഒരു നന്ദിവാക്കുപോലും സ്വീകരിക്കാൻ നിൽക്കാതെ- ഇന്നും ആളുകളുടെ മനസ്സിൽ ആ ഗോപാലേട്ടൻ ഉണ്ട്. അവരിലൊരാളായി, എല്ലാവരുടേയും നേതാവായിത്തന്നെ. അതുപോലെ മറക്കാൻ പറ്റാത്ത ഒരാളാണ് ലക്ഷ്മണൻ ചേട്ടൻ. അദ്ദേഹം ആരായിരുന്നു?! അല്ലെങ്കിൽ ആരെല്ലാമായിരുന്നു?!. അറിയുമോ, ആ ലക്ഷ്മണൻ ചേട്ടനെ. എറണാകുളത്ത് പ്രതിവർഷം നടക്കുന്ന വലിയൊരു സാംസ്‌കാരിക ഉത്സവമുണ്ട്’ അന്താരാഷ്‌ട്ര പുസ്തകോത്സവം’. ആ പുസ്തകോത്സവത്തിൽ വന്നിട്ടുള്ളവർക്കൊക്കെ മറക്കാനാവാത്ത മനുഷ്യനാണ് ലക്ഷ്മണൻ ചേട്ടൻ. ലക്ഷ്മണൻ ചേട്ടൻ സംഘാടകനായിരുന്നില്ല, വേദികളിൽ കയറി പ്രസംഗിച്ചിട്ടില്ല-പുസ്തക സ്്റ്റാളിൽ കയറിയിറങ്ങി പുസ്തകങ്ങൾ വാങ്ങുകയോ മറിച്ചുനോക്കുകയോ ഒന്നും ചെയ്തില്ല. എന്നിട്ടും ലക്ഷ്മണൻ ചേട്ടൻ, ഒന്നുമല്ലാതിരുന്ന ലക്ഷ്മണൻ ചേട്ടൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ എല്ലാമായി നിലനിൽക്കുന്നുവല്ലേ?!. കുറുകി തടിച്ച മനുഷ്യൻ. ചെരുപ്പ് ഉപയോഗിക്കുക അപൂർവം. തേയ്‌ക്കാത്ത ചുളിവ് വീണ ഷർട്ട്. ഉടഞ്ഞുലഞ്ഞ മുണ്ട്, തിരക്കിട്ട നടത്തം. ഇത്രയൊക്കെയായാൽ അറുപതിലേറെ പ്രായം തോന്നിക്കുന്ന ആൾ ലക്ഷ്മണൻ ചേട്ടനായി.
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട് എന്നെനിക്കറിയില്ല. വീട്ടുകാരേയും അറിയില്ല. പക്ഷേ, എനിക്ക് ലക്ഷ്മണൻ ചേട്ടനെ അറിയാം. ചേട്ടൻ എന്റെ മനസ്സിനെ തൊട്ടുനിൽക്കുന്നു. പുസ്തകോത്സവം തുടങ്ങിയാൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ലക്ഷ്മണൻ ചേട്ടൻ പ്രത്യക്ഷനായി കഴിയും. താൻ നോക്കി നടത്തുന്ന, താൻ പരമാധികാരിയായിട്ടുള്ള ഒരു സംഭവം എന്ന നിലയിലായിരിക്കും ആളുടെ പ്രവർത്തനം. അഹങ്കാരത്തോടെയല്ല, ഉത്തരവാദിത്തത്തോടെ തന്നെ. വെള്ളം എത്തുന്നിടത്ത്, ചായ കൊണ്ടുവരേണ്ടിടത്ത്, വെയിസ്റ്റ് കളയേണ്ട കാര്യങ്ങളിൽ, സെക്യൂരിറ്റിയ്‌ക്ക് നിർദ്ദേശം കൊടുക്കാനുള്ള അവസരങ്ങളിൽ എല്ലാ സ്ഥലത്തും ലക്ഷ്മണൻ ചേട്ടന്റെ കണ്ണല്ല, അദ്ദേഹം തന്നെ എത്തും.
സംഘാടക സമിതിയിലെ എല്ലാവരേയും ലക്ഷ്മണൻ ചേട്ടന് അറിയാം. അവരുടെ അടുത്ത് പമ്മി പരുങ്ങി നിൽക്കാൻ അദ്ദേഹം പോകാറില്ല. പക്ഷേ ഭക്ഷണകാര്യങ്ങളിൽ പോലും അവരുടെ താൽപര്യം അറിഞ്ഞ് പെരുമാറാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഉദാഹരണത്തിന് ഒരുതവണ വിത്തൗട്ട് ചായയാണ് ഒരാൾ കഴിക്കുന്നതെന്ന് മനസ്സിലാക്കിയാൽ പിന്നീടൊരിക്കലും അയാൾക്ക് വിത്തൗട്ട് എന്ന് ആവർത്തിക്കേണ്ടി വരില്ല. ലക്ഷ്മണൻ ചേട്ടൻ അറിഞ്ഞുതന്നെ ആൾക്ക് വിത്തൗട്ട് എത്തിച്ചിരിക്കും. ഇങ്ങനെ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ, കരുതൽ. പുസ്തക സ്റ്റാളുകളിൽ കയറിയിറങ്ങാതെതന്നെ അവിടെയുള്ള എല്ലാവരേയും പരിചയമാണ്. സ്റ്റാളുകളിൽ ആവശ്യമുള്ള വസ്തുക്കളെക്കുറിച്ച്, കറന്റുപോയാൽ ആരെ വിളിച്ച് ചെയ്യിക്കണം എന്നുപോലും കൃത്യമായി അറിവുണ്ട്.
അങ്ങനെ പുസ്തകോത്സവത്തിൽ നിറഞ്ഞു നിന്ന സാധാരണക്കാരനായ അസാധാരണക്കാരനായിരുന്നു ലക്ഷ്മണൻ ചേട്ടൻ. കഴിഞ്ഞ മൂന്ന് വർഷത്തിനുമേലെയായി ലക്ഷ്മണൻ ചേട്ടൻ പുസ്തകോത്സവത്തിനില്ല, വരാറില്ല. പുസ്തകോത്സവത്തിന് സ്ഥിരമായി വരുന്നവർ എപ്പോഴെങ്കിലുമൊക്കെ അന്വേഷിച്ചു. ‘ആ ചേട്ടനെ കാണിനാല്ലല്ലേ. എവിടെപ്പോയി?’. പുസ്തകോത്സവം ജനറൽ കൺവീനർ ഇ.എൻ. നന്ദകുമാർ എന്ന നന്ദേട്ടൻ പറഞ്ഞു.
‘ലക്ഷ്മണേട്ടൻ മരിച്ചു’.
കാലം അപഹരിച്ച ലക്ഷ്മണേട്ടനെക്കുറിച്ചോര്‍ത്ത് കേട്ടവരൊക്കെ ഒന്നു തേങ്ങി.
നോക്കൂ-ഒരു സാധാരണക്കാരന്‍ അര്‍പ്പണബോധം കൊണ്ട്, വിവേകം കൊണ്ട് എങ്ങനെ അസാധാരണക്കാരന്‍ ആകുന്നു. ലക്ഷ്മണന്‍ ചേട്ടന്‍ സമൂഹത്തിന് എന്താണ് നല്‍കിയത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒന്നുമില്ല. ഒന്നുകൂടി ആലോചിച്ച് ചോദ്യം ആവര്‍ത്തിച്ചാല്‍… ഒന്നുമില്ലേ?. അര്‍പ്പണബോധം! സമര്‍പ്പണത്തിന്റെ വലിയ സന്ദേശം ആയിരുന്നില്ലെ ആ ചെറിയ മനുഷ്യന്‍ നമുക്ക് നല്‍കിയത്. കീര്‍ത്തി പ്രതീക്ഷിക്കാതെ. ആളുകളുടെ മുന്നില്‍ ആളാകണം എന്നു പ്രതീക്ഷിക്കാതെ നല്‍കിയ സന്ദേശം!. ആ സന്ദേശം ഏറ്റുവാങ്ങിയ ആളുകളുടെ മനസ്സില്‍ ലക്ഷ്മണന്‍ ചേട്ടന്റെ സ്മാരകം ഉയര്‍ന്നിരിക്കുന്നു. സ്‌നേഹത്തിന്റെ സമര്‍പ്പണത്തിന്റെ സ്മാരകം. അദ്ദേഹം അവരുടെയൊക്കെ ആരൊക്കെയോ ആയിരുന്നെന്ന് അവര്‍ക്കും തോന്നുന്നു. എനിക്കും അതുകൊണ്ടുതന്നെ ആ വിയോഗം ആരുടേയും അനുശോചനക്കുറിപ്പുകളൊന്നും തന്നെയില്ലാതെ ഒരു തേങ്ങലുണര്‍ത്തുന്നു.
ഇങ്ങനെയും ഇക്കാലത്ത് മനുഷ്യരുണ്ട്. സമര്‍പ്പണത്തിന്റെ കഥ അറിയാന്‍ ചരിത്രത്തില്‍ ഒട്ടേറെ വ്യക്തികളുടെ ജീവിതമുണ്ടാകാം. വായിച്ചിട്ടുണ്ടാകാം. പഠിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിനോളം തന്നെ പ്രസക്തിയല്ലേ നമ്മുടെ ചുറ്റുവട്ടത്തുള്ള ഇത്തരം സാധാരണക്കാരുടെ കൊട്ടിഘോഷിക്കാത്ത ജീവിതത്തിനും.
അതും-മരണവീട്ടില്‍ മരിച്ചത് വിഐപി ആണെന്നറിഞ്ഞാല്‍ പറ്റുമെങ്കില്‍ ശവമായി കിടന്നെങ്കിലും തന്റെ ചിത്രം എല്ലാ മാധ്യമങ്ങളിലെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന ഇക്കാലത്ത്!. ഇത്തരം ആള്‍ക്കാരുടെ വിയോഗത്തില്‍ കണ്ണീര്‍ തൂകല്‍ ആവശ്യമാണോ?. അറിയില്ല. പക്ഷേ-ഇത്തരം ആള്‍ക്കാര്‍ പ്രചോദനമാകേണ്ടത് ആവശ്യമാണ്. കാരണം ഈ ലോകത്ത് നമുക്കെങ്കിലും മനുഷ്യനായി ജീവിക്കണ്ടെ?!.
നുറുങ്ങുകഥ
ഒരാള്‍ സുഹൃത്തിന്റെയടുത്ത് ഓടി എത്തി ചോദിച്ചു,’ തനിക്ക് ലോട്ടറി അടിച്ചു എന്നുകേട്ടല്ലോ. ശരിയാണോ’. സുഹൃത്ത് പറഞ്ഞു.’ ഇല്ല. എനിക്കൊരു ലോട്ടറീം അടിച്ചില്ല.”.
‘സത്യം”…്’അതെ. സത്യം തന്നെ”.
അയാള്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തുകൊണ്ടുപറഞ്ഞു.
‘ഈശ്വരാ … എനിക്കിപ്പോഴാണ് സമാധാനമായത്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: