വീതിയേറിയ രാജപാതകള്‍, വഴിയോരങ്ങളില്‍ ചെങ്കല്‍ നിറത്തില്‍ കൊട്ടാരമാതൃകയിലുള്ള കെട്ടിടങ്ങള്‍,വിശാലമായ കൊട്ടാരങ്ങള്‍, കോട്ടകള്‍, കൊത്തളങ്ങള്‍,മാലയും വര്‍ണ്ണാഭമായ തുണികളും കൊണ്ട് അലങ്കരിച്ച ഒട്ടകങ്ങള്‍, മനോഹരമായ കുതിരവണ്ടികള്‍, ഇതാണ് ജെയ്പ്പൂര്‍, രാജസ്ഥാന്റെ തലസ്ഥാന നഗരം. ആരവല്ലി മലനിരകളുടെ താഴ്വരയിലെ പുരാതന സ്വപ്നനഗരി.
പോയകാലത്തിന്റെ പ്രൗഢിയും പ്രതാപവും ആവാഹിച്ച് നില്ക്കുന്ന മഹാനഗരമാണ് ജെയ്പ്പൂര്‍. രാജഭരണത്തിന്റെ ഈടുറ്റ, അമൂല്യമായ തിരുശേഷിപ്പുകളാണ് ഈ നഗരത്തെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഹവാമഹല്‍ മുതല്‍ ആംബര്‍ പാലസ് വരെ, സിറ്റി പാലസ് മുതല്‍ ജല്‍മഹല്‍ വരെ, ജ്യോതിശാസ്ത്രത്തില്‍ നാം നേടിയ വിജ്ഞാനത്തിന്റെ സൂചകമായ ജന്തര്‍ മന്തര്‍ മുതല്‍ ജെയ്പ്പൂര്‍ നഗരത്തിന്റെ കിരീടമായ നഹര്‍ഗഡ് കോട്ട വരെ… എത്രയെത്ര കൊട്ടാരങ്ങള്‍, കോട്ടകള്‍.
മരുഭൂമിയുള്ള, ഭാരതത്തിലെ ഏക സംസ്ഥാനമാണ്, മഴതീരെക്കുറവുള്ള രാജസ്ഥാന്. പേരും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്, രാജാക്കന്മാരുടെ സ്ഥാനം. വരണ്ടുണങ്ങിയ ഭൂപ്രകൃതിയാണ് ജെയ്പ്പൂരിലും. രാത്രിയില്‍ കടുത്ത തണുപ്പ്, പകല്‍ പൊള്ളുന്ന ചൂട്. പക്ഷെ ജെയ്പ്പൂരിന്റെ മുഗ്ധസൗന്ദര്യത്തില്‍ മതിമറക്കുമ്പോള്‍ നമുക്ക് ഈ ചൂടൊന്നും ഒരു പ്രശ്നമല്ല. ഈ കേന്ദ്രങ്ങളില്‍ എത്തിയാല്‍ കാണുന്ന വിനോദസഞ്ചാരികളുടെ ഒഴുക്കുതന്നെ ഇതിന് ഉദാഹരണമാണ്. വിനോദ സഞ്ചാരികളെ കാത്തുകിടക്കുന്ന വാഹനങ്ങള്‍, രാജസ്ഥാന്റെ ചരിത്രം കലക്കിക്കുടിച്ചവരെന്ന് അഭിമാനിക്കുന്ന ഗൈഡുകള്‍, ഫോണിലും ഹാന്‍ഡി ക്യാമിലും രാജസ്ഥാനെ ആവാഹിച്ചെടുക്കുന്ന സഞ്ചാരികള്‍..
ദാല്‍ ഫ്രൈയും മധുരവും എരിവും കലര്‍ന്ന, രജേയെന്ന പേരില്‍ അറിയപ്പെടുന്ന തൈരും ഭാരതത്തിന്റെ സ്വന്തം ബ്രഡ് ആയ ഗോതമ്പ് പരത്തി ചുട്ടെടുത്ത റൊട്ടിയും… രാജസ്ഥാന്റെ കറികളിലുമുണ്ട് നിറച്ചാര്‍ത്തുകള്‍, അവിടുത്തെ കൈത്തറി വസ്ത്രങ്ങള്‍ പോലെ, കരകൗശല വസ്തുക്കള്‍ പോലെ. മാര്‍ബിളിലും ചെങ്കല്‍ നിറമുള്ള കല്ലുകളിലും നിര്‍മിച്ച കെട്ടിടങ്ങളാണ് എവിടെയും. മാര്‍ബിള്‍ കുറഞ്ഞ വിലയ്ക്ക് സുലഭമായതിനാലാകും മാര്‍ബിളില്‍ നിര്‍മിച്ച വിഗ്രഹങ്ങളും മറ്റു കരകൗശല വസ്തുക്കളും എവിടെയും ലഭിക്കും. ഭാരം കൂടുതലായതിനാല്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്നു മാത്രം. പിങ്ക് നിറമുള്ള കെട്ടിടങ്ങളുടേയും കൊട്ടാരങ്ങളുടേയും നാടായതിനാലാണ് ജെയ്പ്പൂരിനെ പിങ്ക് സിറ്റിയെന്ന് വിളിക്കുന്നത്.
പ്രത്യേകതകളുടെ നാട്
342,239 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജസ്ഥാനാണ് ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനം. ഭാരതത്തിന്റെ പടിഞ്ഞാറ്, പഞ്ചാബ്, യുപി ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നടുക്കാണ് രാജാക്കന്മാരുടെ നാടിന്റെ കിടപ്പ്. താര് മരുഭൂമിയാണ് മറ്റൊരു പ്രത്യേകത. പാക്കിസ്ഥാനുമായി അതിര്‍ത്തിയുള്ള സംസ്ഥാനമാണ് രാജസ്ഥാന്. പാക്കിസ്ഥാനിലെ പഞ്ചാബ് സിന്ധ് പ്രവിശ്യകളാണ് രാജസ്ഥാന്റെ പടിഞ്ഞാറു ഭാഗത്ത്.
1727 നവംബര്‍ 18ന് ജെയ്സിംഗ് മഹാരാജാവാണ് ജെയ്പ്പൂര്‍ നഗരം സ്ഥാപിച്ചത്. അജ്മീര്‍, ജോധ്പ്പൂര്‍, ജെയ്സാല്‍മര്‍, ഉദയപ്പൂര്‍. പുഷ്കര്‍ എന്നിവയാണ് രാജസ്ഥാനിലെ മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. 1688 മുതല്‍ 1743 വരെ രാജസ്ഥാന് ഭരിച്ച, ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു ജെയ്സിംഗ്. ജെയ്സിംഗില് നിന്നാണ് ജെയ്പ്പൂര്‍ എന്ന പേര് നഗരത്തിനു ലഭിച്ചതും. അമേറിലായിരുന്ന തലസ്ഥാനം ജെയ്പ്പൂര്‍ സ്ഥാപിച്ച് അവിടേക്ക് മാറ്റുകയായിരുന്നു. അതിമനോഹരമായി അസൂത്രണം ചെയ്ത നഗരമാണ് ജെയ്പ്പൂര്‍. വാസ്തുശില്പ വൈദഗ്ധ്യവും ആസൂത്രണത്തില്‍ പ്രകടം.
ആംബര്‍ കോട്ട
ജെയ്പ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയും കൊട്ടാരവും ആംബര്‍ പാലസാണ്. ജെയ്പ്പൂരില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള അമേറിലാണ് അമേര്‍ പാലസും കോട്ടയും. ഇതിനെ ആംബര്‍ പാലസ് എന്നും വിളിക്കുന്നു. അതിസുന്ദരമാണ് കോട്ടയും കൊട്ടാരവും. കല്ലു പാകിയ വഴികള്‍ കയറിക്കയറി ചെന്നാല്‍ വിശാലമായ കവാടവും അതിനുള്ളിലെ അതിവിശാലമായ കൊട്ടാരവും കാണാം. രാജാവിന്റെ കിടപ്പുമുറി, രാജ്ഞിമാര്‍ക്കുള്ള മുറികള്‍, സഭാഗൃഹം, മുറ്റം,സ്വകാര്യ സന്ദര്‍ശകരെ സ്വീകരിക്കുന്ന അതിഥി മന്ദിരം… നടന്നു നടന്ന് മടുത്താലും തീരാത്ത വലിപ്പമുണ്ട് കൊട്ടാരത്തിന്. കൊട്ടാരത്തിന്റെ നാലു വശത്തും വലിയ വലിയ മുറികളാണ്. ഓരോ വശത്തുമുണ്ട് മൂന്ന് കിടപ്പുമുറികള്‍. മൊത്തം 12 കിടപ്പുമുറികള്‍.
നാലു ഭാര്യമാരാണ് ജെയ്സിംഗിനുണ്ടായിരുന്നത്. എന്നാല്‍ രാജാവിന് പന്ത്രണ്ട് ഭാര്യമാരാണ് ഉണ്ടായിരുന്നതെന്നും ഓരോരുത്തര്ക്കുമുള്ളതായിരുന്നു മുറികളെന്നുമാണ് ഗൈഡ് പറയുന്നത്. ഏതായാലും നാലു വശത്തുമുള്ള മുറികളോട് ചേര്‍ന്ന് വിശ്രമ സ്ഥലം, മുറ്റം തുടങ്ങി ഒരു കുടുംബത്തിനു വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. രാജാവ് പള്ളികൊള്ളുന്ന മുറികളില്‍ നിന്ന് പന്ത്രണ്ടു മുറികളിലേക്കും എത്താനുള്ള രഹസ്യ ഇടനാഴികളുമുണ്ട്. ഇതുവഴി രാജാവിന് ഏതു രാജ്ഞിയുടെ മുറിയിലും എളുപ്പം എത്താം. ഏതു മുറിയിലേക്കാണ് രാജാവ് പോയതെന്ന് മറ്റു രാജ്ഞിമാര്‍ അറിയുകയുമില്ല.
പിതാവ് ബിഷന്‍ സിംഗ് മരണമടഞ്ഞതോടെ പതിനൊന്നാം വയസില്‍ രാജാവായതാണ് ജെയ്സിംഗ്.മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് സാവായി എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് നല്‍കിയത്.ആരവല്ലി മലനിരകളിലാണ് കോട്ടയും കൊട്ടാരവും. ഇതിനു സമീപത്തു തന്നെയാണ് ജെയ്ഗഡ് കോട്ടയും. ഇരു കൊട്ടാരങ്ങളെയും ബന്ധിപ്പിച്ച് ഭൂഗര്‍ഭ തുരങ്കവും ഉണ്ടായിരുന്നു. 967ല്‍ രാജാ മാന്‍സിംഗാണ് കൊട്ടാരം പണിതത്. പിന്നീട് ജെയ്സിംഗാണ് അറ്റകുറ്റപ്പണി നടത്തിയതും കൊട്ടാരം വിപുലീകരിച്ചതും. കണ്ണാടിയിലുള്ള ചിത്രപ്പണികള്‍ പിടിപ്പിച്ച സഭാഗൃഹമാണ് ആംബര്‍ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. ഭിത്തികളും ഗോപുരങ്ങളും വര്ണ്ണചിത്രങ്ങളുടെ കേദാരമാണ്.
ഹവാമഹല്‍
കാറ്റിന്റെ കൊട്ടാരം. മനോഹരമായ, ശില്പ വൈദഗ്ധ്യം തുള്ളിത്തുളുമ്പുന്ന ചുവപ്പുകല്ലില്‍ തീര്‍ത്ത കൊട്ടാരം. ജയ്പ്പൂര്‍ നഗര മധ്യത്തിലാണിത്. 1799 ല്‍ മഹാരാജാ സവായ് പ്രതാപ് സിംഗാണിത് പണിതത്. കൃഷ്ണന്റെ കിരീടത്തിന്റെ അതേ രൂപത്തില്‍. അഞ്ചുനില മന്ദിരത്തില്‍ 953 ചെറിയ ജനാലകളാണുള്ളത്.ജരോഖയെന്ന് അറിയപ്പെടുന്ന ഇവ മനോഹരമായ കിളിവാതിലുകളാണ്. ‘രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് കാറ്റേറ്റ് വിശ്രമിക്കാന്‍ വേണ്ടിയാണ് കിളിവാതിലുകളെങ്കിലും താഴെ രാജവീഥികളിലെ കാഴ്ചകള്‍ കാണാനും ഇവ ഉപയോഗിച്ചിരുന്നു. വിശാലമായ മുറികളും ഇടനാഴികളുമാണ് ഹവാമഹലില്‍.
സിറ്റി പാലസ്
നഗരമധ്യത്തിലെ മൂന്ന് കൊട്ടാരങ്ങള്‍ ചേര്‍ന്നതാണിത്. സിറ്റി പാലസ്, ചന്ദ്രമഹല്‍, മുബാരക് മഹല്‍.1729 നും 1732നും ഇടയ്ക്ക് ജെയ്സിംഗ് നിര്‍മിച്ചതാണ് സിറ്റി പാലസ്. ചന്ദ്രമഹല്‍ പാലസ് ഇപ്പോള്‍ മ്യൂസിയമാണ്. ഇതും ജെയ്സിംഗ് നിര്‍മിച്ചതു തന്നെ. മുബാരക് മഹല്‍ മൂന്ന് ശൈലികളുടെ സമന്വയമാണ്, രജപുത്ര, മുഗള്‍, ഇംഗഌഷ് ശൈലികള്‍ വളരെ ഭംഗിയായി കൂട്ടിയോജിപ്പിച്ചുള്ള നിര്‍മാണമാണ് ഇതിന്റെ പ്രത്യേകത. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മഹാരാജാ മാധവ് സിംഗ് നിര്‍മിച്ചതാണിത്. വിരുന്നുവരുന്നവരെ സ്വീകരിക്കാനും അവര്‍ക്ക് താമസിക്കാനുമായി ഒരുക്കിയ മുബാരക് മഹല്‍ ഇന്ന് ചരിത്ര മ്യൂസിയമായി മാറ്റിയിരിക്കുന്നു.
വലിപ്പത്തിലും പ്രൗഢിയിലും മുന്നില്‍ ചന്ദ്രമഹലാണ്. പടിഞ്ഞാറെ അറ്റത്ത് ഏഴു നിലകളാണ്. ഓരോ നിലയ്ക്കുമുണ്ട് ഓരോ പേര്, സുഖ നിവാസ്, രംഗ മന്ദിര്‍… അവയുടെ ഉദ്ദേശ്യലക്ഷ്യം വച്ച് അങ്ങനെ പോകുന്നു പേരുകള്‍. ഇവയില്‍ ഇന്നും രാജകുടുംബാംഗങ്ങളാണ് താമസിക്കുന്നത്.
താഴത്തെ നിലയില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ. അതില്‍ മ്യൂസിയമാണ് ഒരുക്കിയിട്ടുള്ളത്. രാജകുടുംബത്തിന്റെ അമൂല്യങ്ങളായ കൈയെഴുത്തു പ്രതികള്‍ അടക്കം ഇവിടെ പ്രദശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മുകളില്‍ രാജകുടുംബത്തിന്റെ കൊടിഇന്നുമുണ്ട്. മറാത്തികളുമായുള്ള ഏറ്റുമുട്ടലില്‍ പിടിച്ചു നില്ക്കാന് കഴിയാതെ ജെയ്പ്പൂര്‍ രാജാവ് ഈശ്വരി സിംഗ് ഈ കൊട്ടാരത്തില്‍ വച്ചാണ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് മരണം വരിച്ചത്. ഇതേത്തുടര്‍ന്ന് രാജാവിന്റെ 21 ഭാര്യമാരും സതിയനുഷ്ഠിച്ചതായും പറയപ്പെടുന്നു. ചന്ദ്രമഹലിലേക്ക് കയറാന്‍ നാലു കവാടങ്ങളാണ്. ഒന്നില്‍ മയിലുകളുടെ ചിത്രം അതിസുന്ദരമായി ആലേഖനം ചെയ്തുവച്ചിരിക്കുന്നു. മയില്ക്കവാടം, താമരക്കവാടം,തരംഗ കവാടം,റോസ് കവാടം എന്നിങ്ങനെ അവയുടെ പ്രത്യേകതകള്‍ കൊണ്ടാണ് അവ അറിയപ്പെടുന്നതും.
ദിവാന് ഇ ഖാസ്
മാര്‍ബിളില്‍ തീര്‍ത്ത അത്ഭുതശില്പം. മഹാരാജാവ് സ്വകാര്യ സന്ദര്‍ശകരെ ഇവിടെയാണ് സ്വീകരിച്ചിരുന്നത്. നാലായിരം ലിറ്റര്‍ കൊള്ളുന്ന , 340 കിലോ വെള്ളിയില്‍ തീര്‍ത്ത രണ്ട് പടുകൂറ്റന്‍ വെള്ളിപ്പാത്രങ്ങള്‍ ഇവിടെയുണ്ട്. 1901ല്‍ എഡ്വേര്‍ഡ് ഏഴാമന്റെ കിരീടധാരണച്ചടങ്ങിന് മഹാരാജാവ് സവായി മാധവ് സിംഗ് ലണ്ടനില്‍ പോയ സമയത്ത് യാത്രക്കിടയില്‍ കുടിക്കാന്‍ ഗംഗാജലം കൊണ്ടുപോയ പാത്രമാണിത്. ഗംഗാജലികള്‍ എന്നാണ് ഇവയുടെ പേര്. പതിനാലായിരം വെള്ളിനാണയങ്ങള്‍ ഉരുക്കിയാണ് ഇവ പണിതിട്ടുള്ളത്. ഇന്നും ഈ രണ്ട് വെള്ളിക്കുടങ്ങളും വെട്ടിത്തിളങ്ങും. ലോകത്തെ ഏറ്റവും വലിയ വെള്ളിപ്പാത്രങ്ങളെന്ന നിലയ്ക്ക് ഗിന്നസ് ബുക്കില്‍ ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. മഹാരാജാവിന്റെ പൊതുസഭ ചേര്‍ന്നിരുന്ന സ്ഥലമാണ് ദിവാനി ഇ ആം. ചുവപ്പ്, സ്വര്ണ്ണവര്ണങ്ങളിലാണ് സീലിങ്ങ്. ഇന്ന് ഇത് ആര്‍ട്ട് ഗാലറിയാണ്. മഹാറാണിമാര്‍ താമസിച്ചിരുന്ന കൊട്ടാരവും ഇതോടനുബന്ധിച്ചാണ്. ഇന്ന് അതില്‍ മഹാരാജാവിന്റെ ആയുധങ്ങളുടെ പ്രദര്‍ശനമാണ്.
ജല്‍മഹല്‍
ജലാശയത്തിനു മധ്യത്തിലെ തടാകമാണിത്. മന്‍സാഗര്‍ തടാകത്തിലാണ് ഇത് നിലകൊള്ളുന്നത്. തടാകത്തിന്റെ ആഴവും ഭംഗിയും കൊട്ടാരത്തിന്റെ ഗാംഭീര്യവും വര്‍ദ്ധിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ആംബര്‍ കൊട്ടാരം നിര്‍മ്മിച്ച ജെയ്സിംഗ് രണ്ടാമനാണ് ഇതും നിര്‍മ്മിച്ചത്. നേരത്തെ വിനോദസഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങകലെ റോഡരികില്‍ നിന്ന് കാണാനുള്ള അനുവാദമേയുള്ളു. മുമ്പ് അരയന്ന വള്ളങ്ങളില്‍ സഞ്ചരിച്ച് അങ്ങകലെയുള്ള കോട്ടകളും കുന്നുകളും മലനിരകളും കാണാനും കഴിയുമായിരുന്നു. മുന്നൂറ് ഏക്കറാണ് തടാകം. തടാകത്തിന് വടക്ക്, കിഴക്ക്, പടിഞ്ഞാറ് വശങ്ങളില് ആരവല്ലി മലനിരകള്‍. കിലാഗഡ് കുന്നുകള്‍ക്കും നഹര്ഗഡിനും ഇടയ്ക്ക് ദര്‍ഭാവതി നദിയില്‍ അണക്കെട്ട് നിര്‍മിച്ചാണ് തടാകം ഉണ്ടാക്കിയിരിക്കുന്നത്. ചുവപ്പുകല്ലില്‍ തീര്‍ത്ത അഞ്ചു നില കൊട്ടാരം. തടാകത്തില്‍ വെള്ളം നിറഞ്ഞ അവസ്ഥയില്‍ അവയില്‍ നാലും വെള്ളത്തിനടിയിലായിരിക്കും.
നഹര്‍ഗഡ് . ജെയ്ഗഡ്
1734 ല്‍ ജെയ്സിംഗ് രണ്ടാമന് നിര്‍മിച്ചതാണ് ഈ കോട്ട. രാജാക്കന്മാര്ക്ക് വിശ്രമിക്കാനുള്ള കൊട്ടാരമായിരുന്നു ഇത്. മറാത്ത ശക്തികളുമായുള്ള കരാര്‍ ഒപ്പിട്ടത് ഇവിടെ വച്ചായിരുന്നു. 1857ല്‍ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് റസിഡന്റിന്റെ ഭാര്യയെ സുരക്ഷിതമായി പാര്‍പ്പിച്ചത് ഇവിടെയായിരുന്നു. ജയ്ഗഡ് കോട്ടയാണ് മറ്റൊരു ആകര്‍ഷണം.
ജെയ്സിംഗ് രണ്ടാമന്തന്നെയാണ് ഇതും നിര്‍മിച്ചത്.
ഈ കോട്ടയെ ആംബര്‍ കോട്ടയുമായി ഭൂമിക്കടിയിലൂടെയുള്ള തുരങ്കങ്ങള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വലിയൊരു പീരങ്കിയും ഇവിടുണ്ട്. ലോകത്തേറ്റവും വലിയ പീരങ്കിയാണത്രേ ഇത്.പതിനെട്ടാം നൂറ്റാണ്ടിലാണ് ഇതും നിര്‍മിച്ചത്. മൂന്നു കിലോമീറ്ററാണ് കോട്ടയുടെ നീളം. ആംബര്‍ കോട്ടയുടെ അതേ നിര്‍മാണ ശൈലിയാണ് ഇതിനും അവലംബിച്ചിരിക്കുന്നത്. ആരവല്ലി മലനിരകളിലെ ചീല്കാ തില( കഴുകന്മാരുടെ കുന്നുകള്‍)യിലാണ് ഈ കോട്ടയും സ്ഥാനം പിടിച്ചിരിക്കുന്നത്. ആംബര്‍ കോട്ടയ്ക്കടുത്തു തന്നെയാണ് ഇതും. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ കാലത്ത് ജെയ്പ്പൂരിലെ ജയ്ഗഡിലായിരുന്നു പീരങ്കി നിര്‍മാണ കേന്ദ്രം. ഇരുമ്പയിര് ഇതിനടുത്ത് സുലഭമായിരുന്നുവെന്നതാണ് കാരണം. ദല്‍ഹിയില്‍ നിന്ന് 150 മൈല്‍ ദൂരമേ ഇവിടേക്കുള്ളു.
ജന്തര്‍ മന്തര്‍
ജ്യോതിശാസ്ത്ര രംഗത്ത് ഒരിക്കല്‍ നാം നേടിയ പുരോഗതിയുടെ തെളിവാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ സവായി ജെയ്സിംഗാണ് ജന്തര്‍മന്തര്‍ നിര്‍മ്മിച്ചത്. 1738 ലാണ് നിര്‍മാണം പൂര്‍ത്തിയായത്. പത്തൊമ്പത് ഉപകരണങ്ങളാണ് ഇവിടെയുള്ളത്. സൂര്യനടക്കമുള്ള ഗ്രഹങ്ങളുടെ സ്ഥാനവും മാറ്റങ്ങളും മറ്റും മനസിലാക്കാനുള്ള ഉപകരണങ്ങളാണ് ഇവ. കണക്കു കൂട്ടുന്ന യന്ത്രം എന്നാണ് ജന്തര്‍ മന്തര്‍ എന്ന വാക്കിന് അര്‍ഥം. സമയമളക്കാനുള്ള യന്ത്രം, ഗ്രഹണം പ്രവചിക്കുന്ന ഉപകരണം തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ദിശാ യന്ത്രം, ചക്രയന്ത്രം, ധ്രുവദര്‍ശക പട്ടിക, കപാല യന്ത്രം, ക്രാന്തിവൃത്തയന്ത്രം, നാഡി വലയ യന്ത്രം… അങ്ങനെയാണ് ഇവയുടെ പേരുകള്‍. ഗ്രഹങ്ങളുടെ ഉയരം കണ്ടെത്താനുള്ളതാണ് ദക്ഷിണ ഭിട്ടി യന്ത്രം.ധ്രുവനക്ഷത്രങ്ങളെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ളതാണ് ധ്രുവദര്‍ശക് പട്ടിക. നിഴല്‍ അളന്ന് രണ്ട് സെക്കന്റുകള്‍ വീതം ഇടവിട്ട് സമയം കണക്കാക്കുന്നതാണ് വൃഹത് സമ്രാട്ട് യന്ത്രം.
ജെയ്സിംഗ്
രജപുത്രരുടെ പോരാട്ടവീര്യവും സൗന്ദര്യബോധവും ഭരണനൈപുണ്യവും ഒത്തിണങ്ങിയ ജെയ്പ്പൂര്‍ മഹാരാജാക്കന്മാരില് പ്രത്യേകം എടുത്തു പറയേണ്ടവരാണ് ജെയ്സിംഗ് രണ്ടാമനും മാന്‍സിംഗും പ്രതാപ് സിംഗും. ഇവരുടെ കാലത്താണ് ജെയ്പ്പൂരിലെ പല കോട്ടകളും കൊട്ടാരങ്ങളും പിറവിയെടുത്തത്. ആംബര്‍ പാലസ്, ജന്തര്‍ മന്തര്‍, നഹര്‍ഗഡ്, ജയ്ഗഡ് കോട്ടകള്‍, ജല്‍മഹല്‍. സിറ്റി പാലസിലെ രണ്ട് കൊട്ടാരങ്ങള്‍ എന്നിവ നിര്‍മിച്ചത് ജെയ്സിംഗ് രണ്ടാമനാണ്. ഇതില്‍ ആംബര്‍ പാലസ് നേരത്തെയുണ്ടായിരുന്നതാണെങ്കിലും അത് വിപുലീകരിച്ച് അതിഗംഭീരമാക്കിയത് ജെയ്സിംഗ് തന്നെയാണ്. 1668 മുതല്‍ 1743 വരെ ജീവിച്ചിരുന്ന അദ്ദേഹം പതിനൊന്നാം വയസില്‍ അധികാരമേറ്റതാണ്. അശ്വമേധം, വാജപേയം എന്നീ യജ്ഞങ്ങള്‍ കഴിപ്പിച്ചിട്ടുള്ള ഇദ്ദേഹമാണ് ജെയ്പ്പൂരിനെ മഹത്വത്തില്‍ എത്തിച്ചതെന്ന് നിസംശയം പറയാം. ജ്യോതിശാസ്ത്രത്തിലുള്ള പാണ്ഡിത്യവും താല്പര്യവും കൊണ്ട് ജെയ്പ്പൂരില്‍ മാത്രമല്ല ദല്‍ഹി, മഥുര, കാശി, ഉജ്ജയിനി തുടങ്ങിയ സ്ഥലങ്ങളിലും ജന്തര്‍മന്തര്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. സംസ്കൃത പഠനത്തിന് വലിയ പ്രോത്സാഹനം നല്കിയ അദ്ദേഹം സതി അവസാനിപ്പിക്കാനുള്ള നടപടികളും കൈക്കൊണ്ടു തുടങ്ങിയിരുന്നു. രജപുത്ര വിവാഹങ്ങളിലെ ആഡംബരം ഒഴിവാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.
എത്ര കണ്ടാലും മതിവരാത്ത, ചരിത്രം തുടിക്കുന്ന മണിമന്ദിരങ്ങള്‍, നഗരവീഥികള്‍… ഒരിക്കലെങ്കിലും നേരിട്ടുകണ്ട് മനസില്‍ ആവാഹിച്ചെടുക്കേണ്ട നഗരമാണ് ജെയ്സിംഗിന്റെ സ്വന്തം നാടായ ജെയ്പ്പൂര്‍…
ഫോണ്‍: 9446472145
പ്രതികരിക്കാൻ ഇവിടെ എഴുതുക: