പണി പൂര്‍ത്തിയായി. ഇനി കാത്തിരിപ്പാണ്. ഇന്ദിരാഗാന്ധി, എ.പി.ജെ. അബ്ദുള്‍കലാം, രാജീവ്ഗാന്ധി എന്നിവരെയൊക്കെ രാധാകൃഷ്ണന് കാത്തിരുന്നിട്ടുണ്ട്. നേരില്‍ കണ്ട് സമ്മാനം കൊടുക്കാന്‍. ഇത്തവണ കാത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. താന്‍ വരച്ച മോദി ചിത്രം അദ്ദേഹത്തിന് സമ്മാനിക്കണം. ഇന്ദിരയ്ക്കും രാജീവിനും കലാമിനും ഒക്കെ സമ്മാനിച്ചതുപോലെ. ഉടന്‍ സാധ്യമാകണമെന്ന പ്രതീക്ഷയിലാണ് ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്.
ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്റെ മനസ്സ് തെളിഞ്ഞ നീരൊഴുകുന്ന ഒരു ശാന്തജലാശയമായിരിക്കണം. അതുകൊണ്ടാണല്ലോ കാണുന്ന മുഖങ്ങളുടെ പ്രതിബിംബങ്ങള്‍ ഒട്ടും ഉടവുതട്ടാതെ ആ മനസ്സ് ഒപ്പിയെടുക്കുന്നത്. മനസ്സില്‍നിന്നും ക്യാന്‍വാസിലേക്ക് മുഖങ്ങള്‍ പകര്‍ത്തുമ്പോള്‍ അവ കാഴ്ചക്കാര്‍ക്ക് വിസ്മയങ്ങളാകുന്നത്.
ചായം കൈയിലെടുത്ത 58 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാധാകൃഷ്ണന് വരച്ചത് പതിനായിരത്തിലേറെ മുഖങ്ങളാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധിപേരുടെ ചിത്രങ്ങള്‍.
ശാസ്താംകോട്ട ചരുവിള തെക്കതില്‍ നാണു-നാരായണി ദമ്പതികളുടെ ഇളയ മകനായ രാധാകൃഷ്ണന് ചിത്രരചന ചെറുപ്പം മുതല്ക്കേ ഹൃദയത്തോട് ചേര്‍ന്നുനിന്ന കലയായിരുന്നു. എസ്എസ്എല്‍സി പാസായശേഷം അഞ്ചുവര്‍ഷം മേടയില്‍ ഉണ്ണിത്താന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു.
ആദ്യകാലത്ത് ഉപജീവനത്തിനായി പരസ്യചിത്രങ്ങള്‍ വരച്ചുകൊടുത്തിരുന്നു രാധാകൃഷ്ണന്. ഒരിക്കല്‍ കരുനാഗപ്പള്ളിയിലെ തുണിക്കടയ്ക്കുവേണ്ടി സത്യന്റെയും ശാരദയുടെയും ചിത്രങ്ങള്‍ വരക്കുകയായിരുന്നു. യാദൃച്ഛികമെന്നോ ദൈവനിയോഗമെന്നോ പറയട്ടെ, അതുവഴി ശാസ്താംകോട്ടയിലെ ഷൂട്ടിംഗിനായിപോയ അഭിനയസാമ്രാട്ട് സത്യന്റെ കണ്ണുകളില്‍ ജീവന് സ്ഫുരിക്കുന്ന തന്റെ ഛായാചിത്രം ഉടക്കി. കാറില്‍ നിന്നിറങ്ങി ചിത്രകാരനോട് കുശലം ചോദിക്കാന്‍ മഹാനടന് മറന്നില്ല.
സത്യന് പറഞ്ഞതനുസരിച്ച് രാധാകൃഷ്ണന് ഉദയാ സ്റ്റുഡിയോയില്‍ പോയി. തുടര്‍ന്ന് രാധാകൃഷ്ണന്റെ ജീവിതത്തില്‍ വിജയത്തിന്റെ സുന്ദരചിത്രങ്ങള്‍ നിറഞ്ഞു. ഉദയാ സ്റ്റുഡിയോയില്‍ കലാസംവിധായകന്റെ മേലങ്കി അണിഞ്ഞു, താര എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം, അങ്ങനെ സത്യന്റെ അഭിനയകാലത്ത് രാധാകൃഷ്ണനും ചലച്ചിത്രമേഖലയില്‍ സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സത്യന്റെ മരണവാര്‍ത്ത സിനിമാലോകത്തേയും രാധാകൃഷ്ണനെയും ഞെട്ടിച്ചുകൊണ്ട് കടന്നുവന്നത്. തന്റെ പ്രിയപ്പെട്ട താരചക്രവര്‍ത്തി ഒപ്പമില്ലാത്ത സിനിമാലോകത്ത് തുടരാന്‍ രാധാകൃഷ്ണന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം ഉദയാ സ്റ്റുഡിയോ വിട്ടു. ഒരു ചിത്രം വരച്ച് സത്യനു സമര്‍പ്പിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. സത്യനേറ്റു വാങ്ങാന്‍ കഴിയാതെപോയ ആ ചിത്രം സത്യന്റെ ഭാര്യയെ മണക്കാടുള്ള വസതിയില്‍ ചെന്നുകണ്ടേല്പ്പിച്ചു രാധാകൃഷ്ണന് മടങ്ങി.
കേരള കൗമുദി, കേരള ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷന്, കെഎസ്ആര്‍ടിസി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഉദ്യോഗത്തിന്റെ ബന്ധനങ്ങളില്ലാതെ സ്വതന്ത്രമായ ചിത്രരചനയില്‍ നിര്‍വൃതി നേടുന്നു.
ചിത്രരചനയില്‍ പ്രധാന വഴിത്തിരിവായത് മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ ചിത്രം വരച്ചതാണെന്ന് രാധാകൃഷ്ണന് പറയുന്നു. രാധാകൃഷ്ണന്റെ ക്യാന്‍വാസില്‍ തന്റെ പ്രതിരൂപം കണ്ടപ്പോള്‍ പികെവിക്കും അത്ഭുതം. അതു ഹിറ്റായതോടെ മറ്റ് പലരും രാധാകൃഷ്ണനെ സമീപിച്ചു. തുടര്‍ന്ന് ആഴ്ചകളോളം തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ തങ്ങി കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ രാധാകൃഷ്ണന് തയ്യാറാക്കി.
ഭരണാധികാരികള്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്കാരിക നായകര്‍ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധിപേരുടെ പോര്‍ട്രെയിറ്റുകളാണ് രാധാകൃഷ്ണന് പകര്‍ത്തിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ തുടങ്ങുന്നു പ്രമുഖരുടെ പട്ടിക. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, രാജീവ് ഗാന്ധി, മുന്‍ പ്രസിഡന്റുമാരായ പ്രതിഭാ പാട്ടീല്‍, എ.പി.ജെ. അബ്ദുള്‍കലാം, മുന്‍ മുഖ്യമന്ത്രിമാരായ ഇഎംഎസ്, കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാഹിത്യപ്രതിഭകളായ എം.ടി. വാസുദേവന്‍ നായര്‍, ഒഎന്‍വി, സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, സിനിമാ താരങ്ങളായ സത്യന്, പ്രേംനസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒട്ടനവധിപേര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇതുവരെ വരച്ചതില്‍ തനിക്കേറ്റവും തൃപ്തി നല്കിയ ചിത്രം ഇന്ദിരാഗാന്ധിയുടേതാണെന്ന് രാധാകൃഷ്ണന് പറയുന്നു. ഏതാണ്ട് ഒരു വര്‍ഷമെടുത്ത് വരച്ച ഈ ചിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. ഇന്ദിരയുടെ ഗാംഭീര്യവും രാധാകൃഷ്ണന്റെ വൈഭവവും പ്രകടമാകുന്ന ഒരു ചിത്രം. ഫോട്ടോയോ വരച്ചതോ എന്ന് സംശയം ജനിപ്പിക്കുന്ന ഈ ചിത്രം ഇന്ദിരയ്ക്കും ഏറെ പ്രിയമായി. ഇന്ദിര പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് രാജ്ഭവനില്‍വച്ച് രാധാകൃഷ്ണന് നേരിട്ട് ചിത്രം ഇന്ദിരയ്ക്ക് സമ്മാനിച്ചു. ഇന്ദിരയുടെ മനം കവര്‍ന്ന ഈ ചിത്രം ഇപ്പോഴും ദല്‍ഹി എഐസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മായാത്ത ചിരി സമ്മാനിച്ച് നില്ക്കുന്നു.
മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രം താജ് മലബാറില്‍വച്ച് കലാമിനു നല്കി പ്രശംസനേടി. അബ്ദുള്‍ കലാം രാധാകൃഷ്ണനെപറ്റി ”അതുല്യപ്രതിഭ” എന്നര്‍ത്ഥം വരുന്ന പദം ആ ചിത്രത്തില്‍ എഴുതിച്ചേര്‍ത്തുവത്രെ.
കലാമിന്റെയും എംടിയുടെയും ശുപാര്‍ശയെ തുടര്‍ന്ന് ‘കലാക്ഷേത്രം’ എന്നപേരില്‍ ഒരു ചിത്രകലാപഠനകേന്ദ്രം തുടങ്ങാന്‍ രാധാകൃഷ്ണനു സര്‍ക്കാര്‍ സഹായം നല്കി. ഇവിടെ ലളിതകലാ അക്കാദമിയുടെ സഹായത്തോടെയാണ് ചിത്രരചനാ ക്ലാസ് നടക്കുന്നത്. മുപ്പതോളം കുട്ടികള്‍ ഇവിടെനിന്നും ഫ്രീഹാന്‍ഡ് മുതല്‍ ഡിപ്ലോമവരെയുള്ള കോഴ്സുകളില്‍ പരിശീലനം നേടുന്നു. അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് താന്‍ പഠിച്ചത് അഞ്ചുമാസം കൊണ്ട് പുതുതലമുറയ്ക്ക് പകര്ന്നുനല്കാനുള്ള ശ്രമമാണ് ഈ സ്ഥാപനത്തിലൂടെ രാധാകൃഷ്ണന് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: