വയനാടന്‍ ഗിരിനിരകളില്‍ ത്രേതായുഗ സ്മൃതികളുണര്‍ത്തുന്ന ബത്തേരി പൊന്‍കുഴിയിലെ കണ്ണീര് തടാകവും വിസമൃതിയിലേക്ക്. കേരളം കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന മുത്തങ്ങാ വനത്തില്‍ ബത്തേരി-മൈസൂര്‍ പാതയോരത്താണ് ഈ ജലാശയം. പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിന് എതിര് വശത്തുളള സീത-ഹനുമാന് കോവിലുകളോട് ചേര്‍ന്നാണ് കണ്ണീര് തടാകമുളളത്. ലോകാപമാനം ഭയന്ന് ശ്രീരാമനാല്‍ ഉപേക്ഷിക്കപ്പെട്ട ഗര്‍ഭിണിയായ സീതയെ ലക്ഷ്മണന് വനത്തില്‍ ഉപേക്ഷിച്ച് പോയത് ഇവിടെയാണെന്നാണ് വിശ്വാസം.
ദുഃഖിതയായ ദേവിയുടെ കണ്ണൂനീര്‍ തുളളികള്‍ വീണുണ്ടായതാണ് ഈ തടാകമെന്ന് വനവാസികളുടെ വാമൊഴികളും ഉദ്ഘോഷിക്കുന്നു. സീതയെ കുറിച്ചുളള വിവരങ്ങള്‍ വനവാസികളില്‍ നിന്നറിഞ്ഞ ആദികവി പൊന്‍കുഴിയിലെത്തി ദേവിയെ പുല്പളളിയിലെ തന്റെ ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടു പോയെന്നും അവിടെ വനവാസികള്‍ പണികഴിച്ച പുല്‍ക്കുടിലില്‍ സീത ലവകുശന്മാര്ക്ക് ജന്മം നല്‍കിയെന്നുമാണ് ഐതിഹ്യം. ആദികവിയില്‍ നിന്ന് ആയോധന മുറകള്‍ അഭ്യസിച്ച മുനി കുമാരന്മാര് നാളുകള്‍ക്ക് ശേഷം ശ്രീരാമ ദേവന്റെ യാഗാശ്വത്തെ ബന്ധിച്ചതും പൊന്‍കുഴിക്ക് സമീപമുള്ള ആരുങ്കുളത്താണെന്ന് വിശ്വസിക്കുന്നു.
യാഗാശ്വ ബന്ധനമറിഞ്ഞ് ഇവിടെ എത്തിയ ശ്രീരാമരാജനുമായി മുനി കുമാരന്മാര് യുദ്ധത്തിന് ഒരുങ്ങിയെന്നും വിവരമറിഞ്ഞ് അവിടെ എത്തിയ സീതാദേവി മക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചു എന്നുമാണ് പഴമൊഴി. നൂറ്റാണ്ടുകളായി വയനാടന്‍ വനവാസി സമൂഹങ്ങള്‍ക്ക് രാമായണ ഇതിഹാസം ചൊല്ലി കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ദേവസ്ഥാനമാണ് പൊന്‍കുഴി ക്ഷേത്ര സമുച്ചയങ്ങളും കണ്ണീര് തടാകവുമെന്നതില് തര്‍ക്കമില്ല. പൊങ്കിളി അഥവാ പൊന്‍കിളി എന്ന കന്നട പദം ലോപിച്ചാണ് പൊന്‍കുഴി എന്ന സ്ഥല നാമം ഉണ്ടായതെന്നും ബത്തേരി ഗണപതി ക്ഷേത്രം സമിതി സെക്രട്ടറി ബാലകൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെടുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് സമീപത്തു കൂടി ഒഴുകുന്ന നൂല്പുഴ കരകവിഞ്ഞപ്പോള്‍ ആഫ്രിക്കന്‍ പായല്‍ കൂട്ടം കടന്നു കയറിയതോടെയാണ് ഈ തടാകത്തിന്റെ ശനിദശ തുടങ്ങിയത്. തടാകത്തിന് ചുറ്റുവട്ടത്തുണ്ടായിരുന്ന മുളങ്കാടുകള്‍ പൂത്തുലഞ്ഞ് തടാകത്തില്‍ പതിച്ചതും വടവൃക്ഷങ്ങള്‍ കടപുഴകി വീണതും ഈ ജലാശയത്തിന്റ മലിനീകരണത്തിന് ആക്കം കൂട്ടിയ സംഭവങ്ങളാണ്. സംസ്ഥാന വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള 20-25 സെന്റ് സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ഗോത്ര സമൂഹങ്ങളുടെ വാമൊഴികളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത ഈ തടാകം സംരക്ഷിക്കാനോ അല്ലെങ്കില്‍ സംരക്ഷണ ചുമതല ക്ഷേത്ര സമിതിയെ ഏല്‍പ്പിക്കാനോ വനംവകുപ്പ് തയ്യാറല്ല. പ്രകൃതി സൗഹൃദ വിനോദസഞ്ചാരത്തിന്റെ സിരാകേന്ദ്രമായ വയനാട്ടിലേക്ക് വരുന്ന പുറംനാട്ടുകാരെ ആകര്‍ഷിക്കാന്‍ പറ്റിയ പ്രധാന ഇടങ്ങളില്‍ ഒന്നായി ഇതിനെ മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. ഇതിന് വനം വകുപ്പിന്റെ സഹകരണം കൂടിയേ തീരൂ. സംസ്ഥാന സര്‍ക്കാരിന്റെ കാവു സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി ഈ ജലാശയം സംരക്ഷിക്കാന്‍ കഴിയുന്നതാണ്.
തെന്നിന്ത്യന്‍ ചരിത്ര രചനയില്‍ അവഗണിക്കാനാവാത്ത സ്ഥാനമാണ് പൊന്‍കുഴി പ്രദേശങ്ങള്ക്കുളളത്. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുളള വണിക് സംഘങ്ങളുടെ സംഗമ സ്ഥാനമായിരുന്നു ഈ ക്ഷേത്രവട്ടമെന്ന് ചരിത്രം തെളിവു നല്‍കുന്നുണ്ട്. പുരാതന ജൈന കുടിയിരുപ്പുകളില്‍ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇതെന്ന് ഇവിടെ നിന്ന് പലകാലങ്ങളില്‍ ലഭിച്ച ശിലാലിഖിതങ്ങളും മറ്റ് ശേഷിപ്പുകളും വ്യക്തമാക്കുന്നുണ്ട്. ആധുനിക ചരിത്ര നിര്‍മ്മിതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ മുലങ്കാവ് ശിലാശാസനം ഇക്കൂട്ടത്തില്‍ പ്രധാനമാണ്. കര്‍ണ്ണാടകയിലെ ചാമരാജ് നഗരവുമായി പുരാതന വയനാടിനെ ബന്ധിപ്പിച്ചിരുന്ന നഗരം ചാല് എന്നപാതയും ജൈന നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമായ എടത്തന ക്ഷേത്രവും കോട്ടയുമെല്ലാം പൊന്കുഴിയുടെ ചുറ്റുവട്ടത്താണ്.
വൈഷ്ണവരായ കര്‍ണ്ണാടക വണിക് സംഘങ്ങളുടെ താവളമായിരുന്നു പൊന്കുഴിയെന്ന് വയനാടിന്റെ ചരിത്രകാരന്മാരില് ഒരാളായ മുണ്ടക്കയം ഗോപി അഭിപ്രായപ്പെടുന്നു. ഗണപതി വട്ടമെന്ന ബത്തേരിയുടെ പ്രതാപകാലത്തിന് മുമ്പുതന്നെ ജനനിബിഡമായിരുന്ന പൊന്‍കുഴി പിന്നീട് വിജനമാകാന്‍ കാരണം. സമീപത്തുകൂടി ഒഴുകുന്ന നൂല്പുഴയില് വര്‍ഷകാലത്തുണ്ടായ തുടര്‍ച്ചയായ വെളളപ്പൊക്കമാകാമെന്നും ചരിത്രകാരന്മാര് നിരീക്ഷിച്ചിട്ടുണ്ട്. കേരള- കര്‍ണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ പൗരാണിക സംസ്കൃതിയുടെ സംഗമ ഭൂമിയായ പൊന്‍കുഴിയും തടാകവും ക്ഷേത്ര സമുച്ചയങ്ങളും സംരക്ഷിക്കാന്‍ പൊതുസമൂഹത്തിനുളള ചരിത്രപരമായ കടമയും വിസ്മരിച്ചുകൂടാ.
ഭാരതീയ പൗരാണികതയെ അവഗണിക്കുകയും അവജ്ഞയോടെ മാത്രം നോക്കിക്കാണുകയും ചെയ്യുന്നവര്‍ ഭരണകൂടനടത്തിപ്പുകാരായി വന്നതോടെയാണ് ചരിത്ര സ്മാരകങ്ങളും പ്രതീകങ്ങളും തമസ്കരിക്കാന്‍ ഇടയാകുന്നതെന്ന് പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: