പ്രായമാകുക എന്നത് ഒരു ദുശ്ശീലമാണെന്നാണ് ആന്ദ്രേ മൗറോയ്സ് പറഞ്ഞത്. എന്നാല്‍ ഈ ശീലത്തില്‍ നിന്ന് രക്ഷപ്പെടാനും അദ്ദേഹം ഒരു വഴി പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എപ്പോഴും തിരക്കുണ്ടാവുക. അങ്ങനെയുള്ളവര്‍ ഈ ശീലത്തിന് അടിപ്പെടാറില്ലത്രെ. അപ്പോ അതാണ് കാര്യം. പ്രായമായിക്കഴിഞ്ഞാല്‍ പിന്നെ വലിയ പ്രശ്നം തന്നെയാണ്. യുവ കോമളന്മാരുടെ നില്‍പ്പും നടപ്പും കാണക്കാണെ വല്ലാത്ത ഈര്‍ഷ്യയുണ്ടാവും. എന്താണോ കൈയില്‍ കിട്ടുന്നത് അതെടുത്ത് വീശും. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഉപദ്രവം തന്നെ. അങ്ങനെ സ്വയം ഉപദ്രവം ആവേണ്ടെന്ന് ഒരാള്‍ കരുതിയാല്‍ അത് നല്ലതാണെന്ന് പറയേണ്ടിവരും.
ഇവിടെയാണ് നമ്മള് വി.എസ്. സഖാവിനെ നമസ്കരിച്ചുപോവുന്നത്. അദ്യത്തിന് പ്രായമാവുക എന്നൊരു അവസ്ഥയേയില്ല. നിരന്തരം പ്രവര്‍ത്തിക്കുക. അതിന് ആരും തടയിടാന്‍ പാടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മേപ്പടിയാന് മത്സരിക്കുന്നതു സംബന്ധിച്ച് അല്ലറചില്ലറയല്ല ഭയങ്കര പ്രശ്നം തന്നെയാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. കേന്ദ്രത്തിലെ കരുത്തന്റെ ബലത്തില്‍ എന്തിനും പോരുന്ന ഭാവത്തോടെ അദ്യം അങ്കത്തിന് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ചില ഉപാധികള്‍ വെച്ചിട്ടുണ്ടെന്നാണ് കേള്‍വി. വല്ല കാരണവശാലും ജയിച്ചു കൂടിയാല്‍ മുഖ്യമന്ത്രിപ്പട്ടം തന്നെ കിട്ടണം. ചിരിയും ചിന്തയും ചില പൊടിക്കൈകളുമായി ഒരാള്‍ അലക്കിത്തേച്ച, ഇസ്തിരി ചുളിയാത്ത കുപ്പായവുമിട്ട് കേരളമൊട്ടാകെ നടന്നത് എന്തിനായിരുന്നുവെന്ന് നല്ലോണമറിയുന്ന ആളാണ് വി.എസ്. അതുകൊണ്ടുതന്നെയാണ് ബ്ലാങ്ക് ചെക്ക് കൈയില്‍ കിട്ടണം എന്ന വാശി കേന്ദ്രന്റെ മുമ്പില്‍ വെച്ചത്.
താന്‍ ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുന്ന, പാര്‍ട്ടി ജയിക്കുമ്പോള്‍ താന്‍ തോല്‍ക്കുന്ന ആ പഴയ തീസിസ് പൊടിതട്ടിയെടുക്കാന്‍ പലരും പരിശ്രമം തുടങ്ങിയിട്ടുണ്ടെന്ന് കൃത്യമായി അറിവു കിട്ടിയതുകൊണ്ടാണ് ഉപാധിയുടെ മുദ്രാവാക്യം യച്ചൂരി സഖാവിന്റെ കാതില്‍ ഓതിക്കൊടുത്തത്. കേരളത്തിന്റെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞതും കാറ്റൊക്കെ തിരിഞ്ഞുവീശുന്നതും ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ എന്തു തന്നെയായാലും ഉപാധിയില്ലാതെ ഇനി അങ്കത്തട്ടിലേക്ക് വയ്യ. പ്രായക്കൂടുതല്‍ ഒരു ദുശ്ശീലം ആയ സ്ഥിതിക്ക് അതിന് വഴിപ്പെടാനും വയ്യ. വടിവൊത്ത ചിരിക്കും ചിന്തയ്ക്കും വഴി മാറിക്കൊടുക്കുന്നതോടെ ആ ദുശ്ശീലം പൊടുന്നനെ പിടികൂടുമെന്ന ഭീതി അരിച്ചരിച്ചുവരുന്നുണ്ട്. ആകെയുള്ള ആശ്രയം യച്ചൂരി സഖാവു മാത്രമാണ്്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്നാണല്ലോ. ആയതിനാല്‍ എല്ലാം ശുഭമാവും എന്നുതന്നെ കരുതി കാത്തിരിക്കാം.
മുഖ്യമന്ത്രിക്കുപ്പായത്തിന്റെ അഴകളവും മറ്റും നോക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുഗ്രന്‍ ബജറ്റ് തന്നെ അവതരിപ്പിച്ചു. കാര്‍ഷികവൃത്തി എന്താണെന്ന് അടുത്ത തലമുറ ചോദിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ കൃഷിക്കാര്‍ക്ക് താങ്ങാവുന്ന ബജറ്റ് അവര്‍ക്ക് അന്യമാവുകയാണ്, വിരുദ്ധമാവുകയാണ്. ഇതുകൊണ്ട് തന്നെ ദേശാഭിമാനി പത്രം കേന്ദ്ര ബജറ്റിന് കൊടുത്ത തലക്കെട്ട് ഇങ്ങനെ: പ്രത്യക്ഷം പരോക്ഷം പ്രഹരം. ഒരുവിധപ്പെട്ട മാധ്യങ്ങളൊക്കെ ബജറ്റ് വിരല്‍ ചൂണ്ടുന്നത് അടിസ്ഥാന വര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രശ്നങ്ങളിലേക്കാണെന്നും അതിന് പരിഹാരമുണ്ടാക്കുന്ന മാര്‍ഗങ്ങള്‍ വെട്ടിത്തുറക്കുകയാണെന്നും പറഞ്ഞപ്പോള്‍ ഇടതു മാധ്യമത്തിന് എല്ലാം പ്രഹരമായി. ഇലക്ഷനില്‍ കിട്ടിയ പ്രഹരത്തില്‍ നിന്ന് വിമുക്തി നേടാന്‍ കഴിയാഞ്ഞതുകൊണ്ടാവാം അവരുടെ ഓര്‍മയില്‍ അതു മാത്രമേയുള്ളു. അതേ സമയം ബ്രാന്റഡ്വസ്ത്രങ്ങളുടെ വിലയുമായി ബന്ധപ്പെടുത്തി മാര്‍ച്ച് ഒന്നിലെ മാതൃഭൂമി ഒന്നാം പേരില്‍ നല്കിയ കാര്‍ട്ടൂണ്‍ ചിരിയ്ക്കാനും ചിന്തിക്കാനും ഏറെ വക നല്‍കുന്നതായി. മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരും തയ്ക്കാനിരിക്കുന്നവരും എന്തൊക്കെ വികാരവിക്ഷോഭങ്ങളിലാണെന്ന് വ്യക്തമാക്കുന്നു ആ കാര്‍ട്ടൂണ്‍.
******** ************* ********
അടുത്തിടെ കോടതി വിധികള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വിധികളെയല്ല അത് പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെയാണ് ഇളകിയാട്ടങ്ങള്‍. ഇക്കാര്യത്തില്‍ ഡോക്ടറേറ്റെടുത്ത മാര്‍ക്സിസ്റ്റുകളെ കടത്തിവെട്ടുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍. ചായത്തൊട്ടിയില്‍ വീണ കുറുക്കനെ ഓര്‍മ്മിപ്പിച്ച് മുഖപുസ്തകത്തില്‍ പോസ്റ്റിട്ട ടിയാന് ഇപ്പോള്‍ ശരിക്കും നീലക്കുറുക്കനായി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെയായിരുന്നു നമ്മുടെ മന്ത്രിപുംഗവന്റെ ഒളിയമ്പ്. ഒരു സാധാരണ മാപ്പപേക്ഷയിലൂടെ കാര്യം എളുപ്പമായി പരിഹരിക്കാമെന്ന് കരുതിയെങ്കിലും കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരാമര്‍ശം ഇങ്ങനെ: കോടതിയലക്ഷ്യത്തിന് ആധാരമായ പരാമര്‍ശം കളങ്കമേല്‍പ്പിച്ചത് പൊതുജനങ്ങളുടെ മനസ്സിലാണ്. അതിന്റെ ഖേദപ്രകടനം പൊതുജനങ്ങളില്‍ എത്തണം. ജനമനസ്സിലെ കളങ്കം നീക്കണം.
പൊതുജനങ്ങള്‍ക്കും ഭാവി തലമുറയ്ക്കും മാതൃകയാകേണ്ട കാര്യമാണിത്. സകല പാര്‍ട്ടികളുടെയും നേതാക്കന്മാര് കോടതിയുടെ ഈ അഭിപ്രായം അതിന്റെ ഗൗരവത്തോടെ തന്നെ എടുക്കുമെന്ന് കരുതാം. കാരണം അപകീര്‍ത്തി പരാമര്‍ശം നടത്തിയ മന്ത്രിയോട് മാര്‍ച്ച് 10ന് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലെ ഏറ്റവും രസകരമായ കാര്യം എന്താണെന്നുവെച്ചാല്‍ തങ്ങള്‍ക്കെതിരായ വിധി വരുമ്പോള്‍ ഹാലിളകി ജഡ്ജിമാരെ പ്രതീകാത്മകമായി നാടുകടത്തുന്ന, അസഭ്യം പറയുന്ന, മുദ്രാവാക്യം മുഴക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണ് മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹര്‍ജി കൊടുത്തത് എന്നതാണ്. വി. ശിവന്‍കുട്ടി എംഎല്‍എയുടെതായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്, സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് മന്ത്രിയോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടതിയുടെ അന്തസ്സ് ഉയര്‍ത്തുന്ന നടപടിയായി ഇതിനെ വിലയിരുത്താം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് 1958 ല്‍ വരന്തരപ്പള്ളി കൊലപാതക കേസുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ പ്രസ്താവന നടത്തിയത് ശിവന്‍കുട്ടി ഓര്‍ത്തോ എന്തോ. അന്ന് കോടതി മുമ്പാകെ നേരിട്ട് ഹാജരായി മാപ്പുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ആ പാര്‍ട്ടി പാരമ്പര്യം ജയരാജന്‍മാരിലൂടെ തുടരുന്നു എന്നതില്‍ പാര്‍ട്ടിക്ക് അഭിമാനിക്കുകയുമാവാം.
****** ********** ************
ജെഎന്‍യുവില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ച് കമലരാമന്റെ വാരിക ഒരുപാട് കഥകള്‍ നിരത്തിയിട്ടുണ്ട്. കനയ്യകുമാറിന് ദല്‍ഹി ഹൈക്കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സ്ഥിതിക്ക് ഇനിയും തുടരന് കഥകള്‍ പ്രതീക്ഷിക്കാം. എ.കെ. രാമകൃഷ്ണന്, ടി.ടി. ശ്രീകുമാര്‍, റോമിലാ ഥാപ്പര്‍ തുടങ്ങിയ കേമന്മാരാണ് ഉറഞ്ഞുതുളളുന്നത്. അജണ്ട കൃത്യമായതിനാല്‍ ദുഷ്ടലാക്കിന്റെ വ്യാപ്തിയും വിഷത്തിന്റെ അളവും നമുക്ക് തുടക്കത്തില്‍ തന്നെ അറിയാനാവുന്നു എന്നൊരു മെച്ചമുണ്ട്. കമലരാമന്റെ പിന്നാലെ കലാകൗമുദി (മാര്‍ച്ച് 06) മാധ്യമം(മാര്‍ച്ച് 07) മലയാളം(ഫെബ്രു. 29) എന്നിവരുമുണ്ട്. പാറക്കടവന് തുടക്കത്തില്‍ (മാധ്യമം) ഒരു ഭീഷണി വൈറസ്സും ഉല്‍പ്പാദിപ്പിച്ചുവിടുന്നു. അതിങ്ങനെ: രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പുകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കാറ്റ് നമ്മുടെ കാമ്പസുകളിലാകെ ആളിപ്പടരുന്നുണ്ട്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമര മുഖത്താണ്. ഇന്ദ്രപ്രസ്ഥത്തില്‍ സിംഹാസനത്തിലിരിക്കുന്നവരാകട്ടെ ചങ്ങല പണിയുന്ന തിരക്കിലാണ്. കൊടുങ്കാറ്റുകളെ ചങ്ങല കൊണ്ട് തളക്കാനാവില്ല. രാജ്യദ്രോഹികളെ വെള്ളപൂശി നടക്കാനും അധികകാലം കഴിയില്ലെന്ന് പാവം പാറക്കടവന് അറിയുന്നില്ല; ടിയാന്റെ കൃഷി നടക്കട്ടെ. ഷേക്സ്പിയര് നാടകങ്ങളില്‍ പിറ്റ്മാന്‍മാര്‍ക്ക്(തൊഴിലാളികള്‍, പാവങ്ങള്‍) ചില ഫലിതങ്ങല്‍ ഉണ്ടാവാറുണ്ട്. പാറക്കടവന്റെ വികൃതികളെ ആ നിലയ്ക്കും കണ്ടുകൂട. കാരണം ദിവസം മുഴുവന്‍ പണിയെടുത്ത് ക്ഷീണിച്ച് വരുന്നവര്‍ നാടകം കാണുമ്പോള്‍ അവര്‍ക്കു രുചിക്കുന്ന ചില ഫലിതങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കും. അവര്‍ക്കത് ഒരു ഊര്‍ജമാണ്. പക്ഷേ, പാറക്കടവന്റെ ഫലിതത്തിലെ ഊര്‍ജം ആര്‍ക്കാണ് ലഭിക്കുക? ശംഭോ ശങ്കര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: