അങ്ങാടിപ്പുറം: അനാസ്ഥയുടെ നേര്‍ചിത്രമായി മാറിയിരിക്കുകയാണ് അങ്ങാടിപ്പുറം-കൊളത്തൂര്‍ റോഡ്. ഈ റോഡില്‍ പേരിനുപോലും ഒരു തെരുവുവിളക്കില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. അങ്ങാടിപ്പുറം ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായുള്ള ഇരുമ്പ് തൂണുകള്‍ ആറുമാസത്തിലേറെയായി റോഡരികില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
വളവുംതിരിവും നിറഞ്ഞ അങ്ങാടിപ്പുറം-കൊളത്തൂര്‍ റോഡിലെ യാത്ര പകല്‍ സമയങ്ങളില്‍ പോലും ദുസ്സഹമാണ്. തെരുവിളക്കിന്റെ അപര്യാപ്തത രാത്രികാലങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാല്‍നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.
കൊളത്തൂരിലേക്ക് പോകുമ്പോള്‍ ഇടതുവശത്ത് അഗാധമായ താഴ്ചകളാണ്. ഇവിടെ അപകടമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്ന് സ്ഥിതി ചെയ്യുന്നത് കൊളത്തൂര്‍ റോഡിലെ മാലാപറമ്പിലാണ്. രോഗികളുമായി ധാരാളം വാഹനങ്ങളും ആംബുലന്‍സും ഇതിലെ വരാറുണ്ട്. രാത്രികാലങ്ങളില്‍ തെരുവുവിളക്കില്ലാത്തതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരാണമാകുന്നു. ഇതിനിടെ കൊളത്തൂര്‍ റോഡിന് ഇരുവശങ്ങളിലും കോഴി മാലിന്യം അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. എത്രയും വേഗം തെരുവുവിളക്ക് പ്രശ്നത്തില്‍ ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: