പരപ്പനങ്ങാടി: ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് ഇനി ഇടവേള .ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞ ദിവസങ്ങള്‍ ഏറെ തിരക്കുള്ളതായിരുന്നു. ഉദ്ഘാടനവും തറക്കല്ലിടലും ഫഌഗ് ഓഫും നിര്‍മ്മാണം ആരംഭിക്കലും അങ്ങനെ എല്ലാം കൂടി ജനപ്രതിനിധികള്‍ക്ക് തിരക്കോട് തിരക്കായിരുന്നു. സ്വന്തം മണ്ഡലത്തില്‍ നെട്ടോട്ടമോടി തളര്‍ന്ന ജനപ്രതിനിധികള്‍ക്ക് ഇനി അല്പം വിശ്രമിക്കാം. ചിലര്‍ക്ക് ഉദ്ഘാടനം നിശ്ചയിച്ച പരിപാടി പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ നടത്താനാകാതെ വന്നതില്‍ കടുത്ത നിരാശയുമുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടന പരിപാടികള്‍ക്ക് വേണ്ടി മാത്രം സര്‍ക്കാര്‍ പൊടിച്ചത് കോടികളാണ്. വടപുറം പാലം, പരപ്പനങ്ങാടി ഹാര്‍ബര്‍, മലപ്പുറം വനിതാ കോളേജ്, നിലമ്പൂര്‍ ബൈപ്പാസ് തുടങ്ങി നിരവധി ഉദ്ഘാടനങ്ങള്‍. മുഖ്യമന്ത്രിയാണ് ഏറെ തളര്‍ന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ പരിപാടികളുണ്ടായിരുന്നു. നിയമസഭ സമ്മേളനത്തിന് ശേഷം മന്ത്രിമാരൊക്കെ അനുസരണയുള്ള കുട്ടികളെ പോലെ ജില്ലയിലുണ്ടായിരുന്നു.
ഓടി നടന്ന പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും നടത്തി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വീണ്ടും നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പതിവിന് വിപരീതമായി അന്തരീക്ഷത്തിന് നല്ല ചൂടാണ് അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പും പ്രകൃതിയുടെ ചൂടുകൂടിയാകുമ്പോള്‍ തീപാറുമെന്ന കാര്യത്തില്‍ സംശമില്ല. മുസ്ലീം ലീഗ് കഴിഞ്ഞ തവണ ജയിച്ച മണ്ഡലത്തിലെ സ്ഥാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് മുതല്‍ അവര്‍ പ്രചാരണം തുടങ്ങും. ബിജെപി സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി അടുത്തദിവസം പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ കാര്യത്തിലും ഏകദേശ തീരുമാനമായിട്ടുണ്ട് ജില്ലയില്‍.
പക്ഷേ ഇപ്പോഴും വ്യക്തമായ നിലപാടില്ലാതെ ഉഴറുന്നത് സിപിഎമ്മാണ്. പയറ്റിയ തന്ത്രങ്ങളൊക്കെ പാളിയതുകൊണ്ട് ഏത് മണ്ഡലത്തില്‍ ആരെ നിര്‍ത്തണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സിപിഎം. കഴിഞ്ഞതവണ ജയിച്ച മണ്ഡലങ്ങളിലും ഇത്തവണ സുല്ലു പറയുമോയെന്ന ഭയമാണ് പാര്‍ട്ടിക്ക്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ദ്രുവീകരണം നടത്തി ലീഗിന്റെ ചില വോട്ടുകള്‍ തട്ടിയെടുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. പക്ഷേ സിപിഎം നടത്തിയ കള്ളപ്രചരണം പൊളിച്ചടുക്കികൊണ്ട് ലീഗ് തങ്ങളുടെ അണികളെ കൂടെ നിര്‍ത്തിയിരിക്കുകയാണ്. വള്ളിക്കുന്ന്, തവനൂര്‍ മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടായത് ഇരുമുന്നണികളെയും ഞെട്ടിച്ചിരിക്കുകയാണ്. വള്ളിക്കുന്നില്‍ ബിജെപിക്ക് 35000 വോട്ടുകളുണ്ടായിരുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ഇനി ശബ്ദകോലാഹലങ്ങള്‍ക്കു ശേഷം നിശബ്ദമായി തെരഞ്ഞെടുപ്പ്. രണ്ടു മാസത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചിലവുകളേറുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ചിലരാകട്ടെ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും പണിപ്പുര തുടങ്ങാനുള്ള തയ്യാറെടുപ്പിലും. എല്ലാം അറിയുന്ന ജനം ‘ഞങ്ങളിതൊക്കെ എത്ര കണ്ടതാ ‘ എന്ന ഭാവത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: