പാലാ: ഭീകരവാദികള്‍ക്കും വിഘടന വാദികള്‍ക്കും പിന്തുണ നല്‍കി സംരക്ഷിക്കുന്ന നിലപാടാണ് ഭാരതത്തിലെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്്റ്റുകാരും പുലര്‍ത്തുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍. പാലായില്‍ സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ടവരാണ് ഇന്ന് ഭീകരവാദികളെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചനടത്തുന്നത്. കോണ്‍ഗ്രസ് ഭരണകാലത്താണ് അഫ്‌സല്‍ ഗുരുവിനെ ശിക്ഷിച്ചത്. ഇത് തെറ്റാണെന്ന് പറയുന്നവര്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത്.
നമ്മുടെ സര്‍വ്വകലാശാലകള്‍ ഭീകരവാദികളുടെയും രാജ്യദ്രോഹികളുടെയും വളര്‍ത്തുകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഭാരതത്തെ അധിക്ഷേപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ദളിതനെയാണിവര്‍ കൂട്ടുപിടിക്കുന്നത്. ദളിതന് അഭിമാനം പകരുന്നതിന് പകരം ജാതീയമായ അപകര്‍ഷത വളര്‍ത്തി മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. ഇതിന്റെ പരിണിത ഫലമാണ് രോഹിത് വെമൂലയെ ആത്മഹത്യയിലെത്തിച്ചത്. സമൂഹത്തില്‍ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ അപകര്‍ഷതയില്ലാതാക്കണം.
ജെ.എന്‍.യു. ഫ്രീ സെക്‌സിന്റെ കേന്ദ്രമായി അധ:പതിച്ചിരിക്കുന്നു. ഭാരതം ശക്തിപ്രാപിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭീകരശക്തികളെയും കൂട്ടുപിടിച്ച് ഭാരതത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന രാജ്യദ്രോഹികള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഭാരത്തിന്റെ ഐക്യത്തേയും സംസ്‌കാരത്തേയും തകര്‍ത്തുകൊണ്ട് ഒരു ശക്തിക്കും ഇവിടെ നിലനില്‍പ്പില്ലെന്നും കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ആശംസ അര്‍പ്പിച്ചു. പാര്‍ലമെന്റ് ആക്രമണം ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ള ഗൂഢപദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സുരക്ഷാ ഭടന്മാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് പാര്‍ലമെന്റാക്രമണപദ്ധതി തകര്‍ന്നത്. അതുകൊണ്ടുതന്നെ പൂര്‍വ്വ സൈനികരെ ആദരിക്കുന്നത് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വ്വസൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണപഠന കേന്ദ്രം സംഘടനാ സെക്രട്ടറി മേജര്‍ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച പൂര്‍വ്വ സൈനികരെ ആദരിച്ചു.
















