കുന്നത്തൂര്‍: പടിഞ്ഞാറെ കല്ലട കോതപുരം കല്ലുംമൂട്ടില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഎം ഗുണ്ടാ ആക്രമണത്തിന് ഇരയായി ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ കഴിയുന്നവരോട് അധികൃതരുടെ ക്രൂരത.
കഴിഞ്ഞ 28ന് രാത്രിയാണ് സിപിഎം ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ രാജീവിനെയും തലക്ക് മാരകമായ വെട്ടേറ്റ അനൂപിനെയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അനൂപ് ഇപ്പോഴും ഇവിടെ ചികിത്സയിലാണ്. ഇന്നലെ കേസിന്റെ ആവശ്യത്തിനായി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയപ്പോഴാണ് തിരിമറി ശ്രദ്ധയില്‍പെട്ടത്. സര്‍ട്ടിഫിക്കറ്റ് പ്രകാരം രാജീവും അനൂപും ഈ മാസം രണ്ടിന് ആശുപത്രിയില്‍ അഡ്മിറ്റാകുകയും ഡിസ്ചാര്‍ജും ആയതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ തിരിമറി ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ആശുപത്രി രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അനില്‍ വെട്ടിതിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തി. ആശുപത്രി അധികൃതരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇത് കാരണമായി. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തുകയും ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി യഥാര്‍ത്ഥ അഡ്മിറ്റ് തീയതി വച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
തിരക്കിനിടയില്‍ പറ്റിയ പിശകാണെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍ കേസ് അട്ടിമറിക്കാനായി സിപിഎം പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. സിപിഎം ഭരണത്തിലുള്ള ബ്ലോക്ക് പഞ്ചായത്തിനാണ് താലൂക്കാശുപത്രിയുടെ ചുമതല. സിപിഎം അനുഭാവികളായ ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രി രജിസ്റ്ററില്‍ കൃത്രിമം കാണിച്ചതായാണ് സൂചന.
















