പനയം: പനയത്തിന്റെ തരിശുഭൂമികളെ കാര്‍ഷികഭൂമിയാക്കാന്‍ ഒരുങ്ങി പനയം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികബജറ്റ്. ജൈവപച്ചക്കറി കൃഷിക്ക് പ്രാമുഖ്യ നല്‍കുന്ന ബജറ്റില്‍ 84756337 രൂപ വരവും 8239300 രൂപ ചെലവും പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് അഡ്വ.ജയകൃഷ്ണന്‍ അവതരിപ്പിച്ച ബജറ്റില്‍ 2363337 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. പ്ലാസ്റ്റിക്‌രഹിത പഞ്ചായത്ത് ആക്കാനും മാലിന്യ സംസ്‌കരണവും കുടിവെള്ള ശ്രോതസ്സുകളുടെ സംരക്ഷണവും ഫലപ്രദമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. പരമ്പരാഗത കുടിവെള്ള സ്രോതസുകളെ സംരക്ഷിക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും ബജറ്റില്‍ ഫണ്ട് വകയിരുത്തി.
പൊതുടാപ്പുകള്‍ കുറയ്‌ക്കുന്ന ബജറ്റില്‍ എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കുവാന്‍ പദ്ധതിയിടുന്നു. ബഡ്‌സ് റീഹാബിലിറ്റേഷന്‍, എസ്‌സി പഠനവീട്, നെല്‍കൃഷി, തെങ്ങ്കൃഷി, പച്ചക്കറി, പ്ലാസറ്റിക് ശേഖരണ യൂണിറ്റ്, എയ്‌റോബിക് കമ്പോസ്റ്റ് എന്നി മറ്റു പ്രധാന പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തില്‍ പ്രസിഡന്റ് ഷീല, പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
















