പത്തനാപുരം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ച സിനിമാതാരം ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍. തങ്ങള്‍ക്ക് പോസ്റ്ററുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. സിനിമാ താരങ്ങളെയും ജില്ലക്ക് പുറത്തുള്ളവരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയെ പടുത്തുയര്‍ത്തിയ നേതാക്കള്‍ എന്തുചെയ്യണമെന്നുമാണ് പോസ്റ്ററുകളിലുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ജഗദീഷ് തന്നെയാകും പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായതോടെ വ്യാഴാഴ്ച രാവിലെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജഗദീഷിനെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്ററിന് പിന്നില്‍ തങ്ങളല്ലെന്നും നേതൃത്വം തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കാന്‍ ഒരുക്കമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോസ്റ്ററിന് പിന്നില്‍ പരാജയഭീതി പൂണ്ട ഗണേഷ്‌കുമാര്‍ എംഎല്‍എയും അനുയായികളുമാണെന്നും നേതാക്കള്‍ ആരോപിച്ചു.
















